റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ ഗായകനാണ് ഇമ്രാന് ഖാന്. ഷോയ്ക്ക് ശേഷം ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഡ്രൈവറുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ് ഇമ്രാന്.എങ്കിലും സംഗിതം ഉപേക്ഷിച്ചില്ല.ഇടയ്ക്ക് ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും ഇമ്രാന് മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ച് ഒരു പാട്ടു നല്‍കാമെന്ന് സംഗീത സംവിധായകന് ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്‍കിയിരുന്നു.ഇപ്പോഴിതാ, ആ വാക്ക് പാലിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍.
കൊല്ലത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന ഇമ്രാനെ തേടി അപ്രതീക്ഷിതമായി ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന് ഖാന്റെ ഓട്ടോയില്‍ ഗോപി സുന്ദര്‍ കയറുകയായിരുന്നു.മാസ്കും തൊപ്പിയും ധരിച്ച് ഓട്ടോയില്‍ കയറിയ ഗോപി സുന്ദറിനെ ഇമ്രാന് തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ചായ കുടിക്കാനായി വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങിയപ്പോഴാണ് യാത്രികന് ഇമ്രാന് ഖാന് തന്നെ പരിചയപ്പെടുത്തിയത്. ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന് ഞെട്ടി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്‍പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്കി. ഇമ്രാന് ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ കൂടിക്കാഴ്ച നടന്നത്. ഇതിന്റെ വിഡിയോ ഇതിനോടകം വൈറല്‍ ആണ്.ഗോപി സുന്ദര്‍ തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
യാത്രയ്ക്കിടെ ഒരു ചായ കുടിക്കാനായി വഴിയരികില്‍ നിര്‍ത്തിയപ്പോഴാണ് പേര് എന്താണെന്ന ഇമ്രാന്റെ ചോദ്യത്തിന് ഗോപി സുന്ദര്‍ മാസ്ക് മാറ്റിക്കൊണ്ട് ഉത്തരം പറഞ്ഞത്. ചായ കുടിച്ചതിനു ശേഷം പുതിയ പാട്ടിന്റെ ഈണവും ഇമ്രാനെ അദ്ദേഹം പഠിപ്പിച്ചു. ബി കെ ഹരിനാരായണന് എഴുതുന്ന വരികള്‍ ഇമ്രാന് പാടുന്നത് ആസ്വാദകര്‍ക്ക് വൈകാതെ കേള്‍ക്കാനാവും.സംഗീതമേ എന്നു തുടങ്ങുന്ന പുത്തന്‍ ഗാനം ഇനി ഉടന്‍ ഇമ്രാന്റെ ശബ്ദത്തില്‍ സംഗീതപ്രേമികളിലേക്കെത്തും. പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞുവെന്നും എല്ലാവരും പ്രര്‍ത്ഥനകളില്‍ ഓര്‍ക്കണമെന്നും ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.