ആർക്കും പൊതുവെ അത്ര ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് കോവയ്ക്ക്. കറിവെച്ചാലും നിലനിൽക്കുന്ന ഒരു മത്ത് രുചിയാണ് കോവയ്ക്കയെ പച്ചക്കറി പ്രിയരിൽ നിന്നു പോലും അകറ്റി നിർത്തുന്നത്. എന്നാൽ ചില ചേരുവകൾ ചേർത്ത് നന്നായി ഒന്ന് പകപ്പെടുത്തി എടുത്താൽ ആരും രുചിയോടെ കഴിക്കുന്ന ഒരു കറിയായി കോവയ്ക്കയെ മാറ്റാം.ഇത്തരത്തിൽ കോവയ്ക്ക് എങ്ങനെ രുചികരമായി വെയ്ക്കാം എന്നു നോക്കിയാലോ. തേങ്ങയും ഉള്ളിയും കുറച്ച് പൊടി കൈകളും ഒക്കെ ചേർത്ത് കോവയ്ക്ക് പീരവറ്റിച്ചു വയ്ക്കുന്ന ഒരു വെറൈറ്റി കറിയുടെ കൂട്ട് ആണ് ഇനി പറയുന്നത്. ഈ രീതിയിൽ കോവയ്ക്ക് വച്ചാൽ കറി തീരുന്ന വഴി കാണില്ല എന്നത് ഉറപ്പാണ്.ഇതിനായി ആദ്യം 250 ഗ്രാം കോവയ്ക്ക നീളത്തിൽ അരിഞ്ഞെടുക്കണം.അധികം മൂക്കാത്ത പിഞ്ചു കോവയ്ക്ക എടുക്കുന്നതാണ് എപ്പോഴും രുചിക്ക് നല്ലത്. കഷ്ണങ്ങൾ ചട്ടിയിലേക്ക് ചേർത്ത് കൊടുക്കാം അതിലേക്ക് വൃത്തിയാക്കിയ പത്തോ ഇരുപതോ ചെറു ഉള്ളി ചെറുതായി ചതച്ച് ചേർത്തു കൊടുക്കാം. ഒരു കഷണം ഇഞ്ചി 5 അല്ലി വെളുത്തുള്ളി എന്നിവയും ചതച്ച് ചേർത്ത് കൊടുക്കണം.പച്ചമുളക് നാലായി കീറി ആവശ്യമുള്ള എരിവിനുള്ള അത്ര ചേർത്തുകൊടുക്കാം.
ഇതിലേക്ക് അരമുറി തേങ്ങ നന്നായി ചിരവി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മിക്സിയിലിട്ട് ചെറുതായി അടിച്ചെടുത്തതിനുശേഷം ചേർത്തു കൊടുക്കാം.രണ്ട് തണ്ട് കറിവേപ്പില ആവശ്യത്തിന് കല്ലുപ്പ് കാൽ കപ്പ് വെള്ളത്തിൽ അരമണിക്കൂർ കുതിർത്തു വച്ച കുടംപുളി ചാർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.എരുവ് പോരാ എന്ന് തോന്നുകയാണെങ്കിൽ ഒന്നര ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കാവുന്നതാണ്.ഇത്രയും ചെയ്തതിനുശേഷം ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തു നന്നായി അടച്ചുവച്ച് കൊടുക്കാം.ഗ്യാസ് മീഡിയം ഫ്ലയ്മിൽ വേണം വയ്ക്കാൻ.ഇടയ്ക്കിടെ തുറന്ന് കറി ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഇല്ലെങ്കിൽ അടിയിൽ പിടിക്കാൻ അത് കാരണമാകും.അടുപ്പത്തുവെച്ച് രണ്ടു മൂന്നു മിനിറ്റ് കഴിയുമ്പോൾ തന്നെ കറിയിൽ നിന്ന് വെള്ളം ഊറി വരാൻ തുടങ്ങും അതിനാൽ തന്നെ കൂടുതൽ വെള്ളം ചേർത്ത് കൊടുക്കേണ്ട കാര്യമില്ല.
കോവയ്ക്ക പീര വറ്റിച്ചത് നന്നായി വെന്തുകഴിയുമ്പോൾ അതിലേയ്ക്ക് രണ്ടു തണ്ട് കറിവേപ്പില രണ്ട് ടീസ്പൂൺ പച്ചവെളിച്ചെണ്ണ കാൽ ടീസ്പൂൺ ഉലുവ വറുത്ത് പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കണം.ഉലുവപ്പൊടി ചേർക്കുമ്പോൾ കാൽടീസ്പൂണിൽ കൂടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഇല്ലെങ്കിൽ കറിക്ക് കയ്പ്പ് രുചി വരാൻ സാധ്യതയുണ്ട്. ഇത്രയും ചെയ്തു കഴിഞ്ഞു വീണ്ടും ഒരു അഞ്ചുമിനിറ്റ് അടച്ചു വെക്കണം.ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചിയൂറും കോവയ്ക്ക പീര വച്ചത് തയ്യാറായിക്കഴിഞ്ഞു.കഞ്ഞിക്കും ചോറിനും കപ്പയ്ക്കും ഒപ്പം എല്ലാം ഇത് നല്ല രുചിയോടെ കഴിക്കാവുന്ന ഒരു കറിയാണ്.പച്ചക്കറികൾ കഴിക്കാൻ മടിയുള്ളവർക്ക് പോലും ഇഷ്ടപ്പെടുന്ന ഒരു രുചിയാണ് ഈ കറിക്ക് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല.കോവയ്ക്കകൊപ്പം തേങ്ങയും എരുവും എല്ലാം ചേരുന്നതുകൊണ്ടുതന്നെ ഒരു പ്രത്യേക രുചി തന്നെയാണ് കോവയ്ക്ക പീരവറ്റിച്ച ഈ കറിക്ക് കിട്ടുക.