നമ്മൾ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് ചപ്പാത്തി. രാവിലെ ബ്രേക്ക്ഫാസ്റ്റായും രാത്രി ഡിന്നറായും ഒക്കെ ചപ്പാത്തി കഴിക്കുന്നവരാണ് നമ്മൾ. ഇന്നാകട്ടെ രാത്രികാലങ്ങളിൽ വീട്ടിലെ പ്രായമായവർ ചോറിനു പകരം എപ്പോഴും ചപ്പാത്തി കഴിക്കുന്നവരാണ്. പലപ്പോഴും നമ്മൾ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ഒരു സ്ഥിരം പരാതിയാണ് ചപ്പാത്തി നല്ല ഹാർഡ് ആയിപ്പോയി എന്നുള്ളത്. ഇതിന് ഒരു പരിഹാരം ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ മുതൽ കുറച്ചു ടിപ്സ് ശ്രദ്ധിച്ചു കഴിഞ്ഞാൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം.ചേരുവക ഗോതമ്പുമാവ് രണ്ടു കപ്പ് ഉപ്പ് ആവശ്യത്തിന് വെള്ളം മുക്കാൽ കപ്പ് നെയ്യ് ഒരു സ്പൂൺ തയ്യാറാക്കുന്ന വിധം ഒരു ബൗളിലേക്ക് ഗോതമ്പുമാവ് ഇട്ട ശേഷം ആവശ്യത്തിന് ഉപ്പും ശേഷം നന്നായി മിക്സ് ചെയ്ത് കൊടുക്കുക.ഇതിലേക്ക് നല്ല തിളച്ച വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.മാവു നല്ല സോഫ്റ്റായി കിട്ടുന്നതിനുവേണ്ടി കുഴയ്ക്കുമ്പോൾ അല്പം പച്ചവെള്ളം കയ്യിൽ മുക്കിയ ശേഷം നന്നായി കുഴയ്ക്കുക. ഇനി ഇതിലേക്ക് നെയ്യ് ചേർത്ത ശേഷം ഒന്നുകൂടി കുഴച്ചെടുക്കുക. മാവ് കുറെ കൂടി സോഫ്റ്റ് ആവുന്നതിനു വേണ്ടി പൊറോട്ടയ്ക്ക് മാവ് കുഴച്ച് അടിക്കുന്നതു പോലെ ചെയ്യുക.
അപ്പോൾ മാവു നല്ല സോഫ്റ്റ് ആയി കിട്ടും.ഇനി പത്തോ പതിനഞ്ചോ മിനിറ്റ് മാവ് മാറ്റി വയ്ക്കുക.ഇങ്ങനെ മാറ്റിവെക്കുമ്പോൾ മാവ് ഒരു നല്ല തുണി ഉപയോഗിച്ച് മൂടി വയ്ക്കണം. ഇല്ലെങ്കിൽ മാവിന്റെ പുറംഭാഗം നല്ല ഹാർഡ് ആയി പോകും. ഹാർഡ് ആകുമ്പോൾ പരത്തി എടുക്കാനും ബുദ്ധിമുട്ടാവും. ഇനി 15 മിനിറ്റിനുശേഷം മാവ് ഉരുളകളാക്കി എടുക്കുക.ചപ്പാത്തി നല്ല ഷേപ്പിൽ കിട്ടുന്നതിനുവേണ്ടി ഉരുളകൾ ആക്കുമ്പോൾ തന്നെ ശ്രദ്ധിക്കണം. ഉരുളകൾ എപ്പോഴും നല്ല ഷേപ്പിൽ ഇരുന്നാൽ മാത്രമേ പരത്തുമ്പോൾ ചപ്പാത്തിയും നല്ല ഷേപ്പിൽ കിട്ടത്തുള്ളൂ.ഇനി ഉരുള എടുത്ത് അല്പം പൊടിയിൽ മുക്കുക. ശേഷം ചപ്പാത്തി പലകയിൽ വെച്ച് ചപ്പാത്തി ഉരുൾ കൊണ്ട് ആദ്യം തന്നെ ഫ്രണ്ടിലേയ്ക്കും ബാക്കിലേയ്ക്കും പരത്തുക.ഇനി ചപ്പാത്തി ഒന്ന് പരത്തിയതിനുശേഷം ഒരു സൈഡിലേക്ക് മാത്രം പരത്തി കൊടുക്കുക.ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പോലെ ചപ്പാത്തി ചുടുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
പാൻ നന്നായി ചൂടായ ശേഷം മാത്രം ചപ്പാത്തി പാനിലേക്ക് ഇടുക.ഒരിക്കലും ചപ്പാത്തി ഇട്ട ഉടനെ തന്നെ തിരിച്ചുവിടുകയും മറിച്ചിടുകയും ഒന്നും ചെയ്യരുത്.അൽപസമയം വെയിറ്റ് ചെയ്ത് ചപ്പാത്തിയും ചെറിയചെറിയ ബബിൾ വന്നതിനു ശേഷം മാത്രം തിരിച്ചിടുക.അപ്പോൾ ചപ്പാത്തി നന്നായി പൊങ്ങി വരുന്നത് കാണാം. വീണ്ടും ചപ്പാത്തി തിരിച്ചെടുക്കുക.അപ്പോൾ വീണ്ടും പൊങ്ങി വരും.ആ സമയം ഒരു ചട്ടകം ഉപയോഗിച്ചു ചപ്പാത്തിയുടെ എല്ലാ വശവും ഒന്ന് അമർത്തി കൊടുക്കുക. ശേഷം പാനിൽ നിന്നും പ്ലേറ്റിലേക്ക് മാറ്റുക. നമ്മുടെ ചപ്പാത്തി റെഡി.ഇങ്ങനെ ചെയ്യുകയാണെങ്കിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തി ഉണ്ടാക്കിയെടുക്കാം.ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞാൽ ഹോട്ട് ബോക്സിൽ വെക്കുന്നതിന് മുൻപ് ഒരു കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.ചപ്പാത്തി ഹോട്ട് ബോക്സിൽ വെക്കുന്നതിനു മുൻപ് ഒരു തുണി വിരിക്കണം.ഇതിനു മുകളിലേക്ക് വേണം ചപ്പാത്തി വയ്ക്കാൻ.ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചപ്പാത്തിയിൽ ഈർപ്പം തട്ടുന്നത് ഒഴിവാക്കാൻ സാധിക്കും.