വീട്ടിലെ അലങ്കാര ചെടികൾ എളുപ്പത്തിൽ പൂക്കാനും അതേപോലെ കായ്ക്കാനും പ്രയോഗിക്കാവുന്ന നിരവധി വളങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ കച്ചവടക്കാർ അവകാശപ്പെടും പോലെ ചെടികൾ പൂത്തുലയാൻ സഹായിക്കാനോ കുലംകുത്തി കായ്കൾ ഉണ്ടാകാനോ ഇതിൽ ഭൂരിഭാഗം വളങ്ങളും സഹായിക്കാറില്ല എന്നതാണ് പരമമായ ഒരു സത്യം. അധിക വിലകൊടുത്ത് ഇവ വാങ്ങി പണം വെറുതെ കളയാം എന്ന് മാത്രമേ ഇതുകൊണ്ട് പ്രയോജനം ഉള്ളൂ. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന നിരവധി പൊടിക്കൈകൾ ഉണ്ട്. അധികം പണമോ വസ്തുക്കളോ ഉപയോഗിക്കാതെ വളരെക്കുറഞ്ഞ സമയത്തിൽ നമ്മുടെ വീട്ടിലെ ചെടികൾ പെട്ടെന്ന് പൂക്കാനും കായ്ക്കാനും നൽകാവുന്ന ഒരു വളം ഇനി പരിചയപ്പെടുത്താം. ഇതിനായി ആദ്യം വേണ്ടത് ഉണക്കിയെടുത്ത ചായപ്പൊടി ആണ്. നമ്മൾ ചായ ഉണ്ടാക്കിയതിനുശേഷം വെയ്റ്റ് കളയാൻ വച്ചിരിക്കുന്ന ചായപ്പൊടി നല്ല വെയിലത്തു വച്ച് ഉണക്കി എടുത്താൽ മതി.
രണ്ടാമതായി വേണ്ടത് മുട്ടത്തോട് ആണ്. പിന്നെ നന്നായി വെയിലത്തു വച്ച് ഉണക്കി എടുത്ത പഴത്തൊലിയും വേണം. ശേഷം ഇവ മൂന്നും കൂടി നല്ലപോലെ മിക്സിയിലോ കല്ലിലോ ഇട്ട് പൊടിച്ചെടുക്കണം. മിശ്രിതം നന്നായി പൊടിച്ച് എടുത്തതിനുശേഷം പാത്രത്തിൽ അരലിറ്റർ വെള്ളം എടുക്കണം ശേഷം ഈ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ നല്ലപോലെ പുളിച്ച ദോശമാവ് ചേർത്തുകൊടുക്കണം.മണ്ണിൽ ഒരുപാട് സൂക്ഷ്മജീവികൾ വളരാനും വേരുകൾ നല്ലപോലെ പിടിച്ചു കിട്ടാനും ഈ പുളിച്ച ദോശമാവ് ഏറെ സഹായിക്കുന്ന ഒന്നാണ്.ദോശമാവ് ഇല്ലായെങ്കിൽ തൈര് ഉപയോഗിച്ചാലും മതി. അതിനുശേഷം ഈ വെള്ളത്തിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മിശ്രിതത്തിൽ നിന്ന് അരടീസ്പൂൺ മിശ്രിതം എടുത്തു ചേർത്ത് കൊടുത്ത് നന്നായി ഇളക്കണം.
ശേഷം ഈ മിശ്രിതം ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. ഒരുദിവസം സൂക്ഷിച്ച് വെച്ചതിനുശേഷം ഒഴികുന്നതാണ് കുറച്ചുകൂടി നല്ലത്. അര ഗ്ലാസ് മുതൽ ഒരു ഗ്ലാസ് വരെ അളവിൽ ചെടികൾക്ക് ഒഴിച്ചു നൽകിയാൽ മതിയാകും. നമ്മുടെ വീട്ടിലെ അലങ്കാര ചെടികൾക്കും പച്ചക്കറി ചെടികൾക്കും എല്ലാം ഒരേ പോലെ ഈ വളം ഉപയോഗിക്കാം. വീട്ടിലെ വേസ്റ്റ് സാധനങ്ങൾ കൊണ്ട് ഉണ്ടാക്കുന്നതിനാൽ അധിക പണച്ചെലവിന്റെ ആവശ്യവുമില്ല.