നമ്മുടെയെല്ലാം കൃഷിയിടത്തിലെ ഒരു സ്ഥിര സാന്നിധ്യമാണ് കടലപ്പിണ്ണാക്ക്. ജൈവവളമായ കടലപ്പിണ്ണാക്ക് നേരിട്ടും പുളിപ്പിച്ചും മറ്റു വളങ്ങളുടെ കൂടെയും എല്ലാം ഉപയോഗിക്കാവുന്നതാണ്. ചെടികൾ പെട്ടെന്ന് തഴച്ചുവളരാനും നല്ല രോഗപ്രതിരോധശേഷി ലഭിക്കാനും ആവശ്യമായ നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും മറ്റു പല മൂലകങ്ങളും എല്ലാം ഈ കടലപ്പിണ്ണാക്കിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 200ഗ്രാം കടലപ്പിണ്ണാക്ക് കൊണ്ട് 100 ലിറ്റർ വളം നമുക്ക് ഉണ്ടാക്കി എടുക്കാം.ദിവസവും ഈ ലായനി ഇളക്കി സൂക്ഷിക്കുകയാണെങ്കിൽ രണ്ടു മാസം വരെ കേടുകൂടാതെ ഇരിക്കും.എന്നാൽ കടലപ്പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം ചിലർക്കെങ്കിലും അസഹനീയമായി തോന്നാം. എന്നാൽ ദുർഗന്ധം ഇല്ലാതെയും നമുക്ക് ഈ കടലപിണ്ണാക്ക് പുളിപ്പിച്ച് നല്ലൊരു ലായനി ഉണ്ടാക്കാം. കൂടാതെ ഈ ലായനിയിൽ സാധാരണ ഉള്ളതിനേക്കാൾ പത്തിരട്ടി മൂലകങ്ങളാണ് അടങ്ങിയിരിക്കുന്നത്.ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ കൂടുതൽ വളം ഉണ്ടാക്കാം എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത.
ഒരു ബക്കറ്റിൽ ഒരു ലിറ്റർ വെള്ളമെടുത്തശേഷം ഇതിലേക്ക് 200 ഗ്രാം കടലപ്പിണ്ണാക്ക് ഇടുക. അഞ്ചു മുതൽ 10 മിനിറ്റ് വരെ കുതിരാൻ മാറ്റിവയ്ക്കുക.10 മിനിറ്റിന് നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് 50ഗ്രാം ചീകിയ ശർക്കര ഇട്ടു കൊടുത്ത നന്നായി മിക്സ് ചെയ്യുക.വളത്തിൻ്റെ ഗുണമേന്മ കൂട്ടാനും കടലപ്പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം അകറ്റാനുമാണ് ശർക്കര ചേർക്കുന്നത്. ശർക്കര ചേർത്ത ശേഷവും നന്നായി ഇളക്കുക. ഇതിലേക്ക് നാല് ലിറ്റർ വെള്ളം കൂടി ചേർത്ത ശേഷം പുളിപ്പിക്കാനായി മാറ്റി വയ്ക്കുക.അഞ്ചുദിവസമാണ് പുളിപ്പിക്കാൻ ആയി മാറ്റി വയ്ക്കേണ്ടത്.പുളിപ്പിക്കാൻ വെക്കുമ്പോൾ ഈ ബക്കറ്റ് നല്ലൊരു കോട്ടൻ തുണി ഉപയോഗിച്ച് മൂടി കെട്ടണം.മാത്രമല്ല സൂര്യപ്രകാശം കിട്ടാതെ നല്ല തണലുള്ള സ്ഥലത്ത് വേണം പുളിപ്പിക്കാൻ വെക്കാൻ.
പുളിപ്പിക്കാൻ വെക്കുന്ന ഈ ദിവസങ്ങളിൽ രണ്ടു നേരവും ഇത് നന്നായി ഇളക്കി കൊടുക്കണം.അഞ്ചാം ദിവസം മുതൽ ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്.ഇത് നമുക്ക് സ്പ്രേ ചെയ്തും അതുപോലെ ചെടികളുടെ കടയ്ക്കൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.കടയ്ക്കൽ ഒഴിക്കുകയാണെങ്കിൽ ഒരു ലിറ്റർ വെള്ളം 10 ലിറ്റർ വെള്ളത്തിൽ വേണം ഡയലൂട്ട് ചെയ്തെടുക്കാൻ. ഇനി സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ഒരു ലിറ്റർ വളം 20 ലിറ്റർ വെള്ളത്തിൽ വേണം ഡയലൂട്ട് ചെയ്യാൻ.ഇങ്ങനെ 5 ലിറ്റർ വളം കൊണ്ട് 100 ലിറ്റർ വളം തയ്യാറാക്കാവുന്നതാണ്.