പച്ചമുളകുകൾ വളരെ പെട്ടെന്നാണ് കേടാകുന്നത്. അതിനാൽ തന്നെ അവ പ്രത്യേകം സൂക്ഷിക്കേണ്ടതും ആവശ്യമാണ്. വീട്ടിലിരുന്ന് കേടാകുന്നത് ഒഴിവാക്കാൻ പലരും കടയിൽ നിന്നും ആവശ്യത്തിനുള്ള പച്ചമുളകുകൾ ഓരോ ആഴ്ച്ചയിലും വാങ്ങുന്ന പതിവുണ്ട്. എന്നാൽ കുറച്ച് ശ്രദ്ധിച്ചാൽ ഈ പച്ചമുളകുകൾ ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കാൻ കഴിയും.
പച്ചമുളകുകൾ സൂക്ഷിക്കുന്നതിന് ആദ്യം അവ വാങ്ങിയ കവറിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. പച്ചമുളക് കഴുകാതെയാണ് മാറ്റേണ്ടത്. അവ ആവശ്യമനുസരിച്ച് കഴുകി എടുക്കുന്നതാണ് ഉചിതം. കഴുകി സൂക്ഷിക്കുന്നത് ഈർപ്പം തട്ടി പച്ചമുളക് ചീയാനിടയാകും. പച്ചമുളക് മാറ്റി സൂക്ഷിക്കുമ്പോൾ അവയിൽ കേടായ പച്ചമുളകുകളില്ലന്ന് ഉറപ്പ് വരുത്തുക. കേടായ പച്ചമുളകുണ്ടെങ്കിൽ അവ കളയുക. പച്ചമുളകുകൾ സൂക്ഷിക്കുന്നതിന് നന്നായി വൃത്തിയാക്കിയ കണ്ടെയ്നറോ കുപ്പിയിയോ എടുക്കാം. ഇവയിൽ ഈർപ്പമുണ്ടെകിൽ നന്നായി തുടക്കുക. ശേഷം കണ്ടെയ്നറിൽ ഒരു ടിഷ്യൂ പേപ്പർ വെക്കുക. ടിഷ്യു പേപ്പർ പച്ചമുളകിലെ ഈർപ്പം വലിച്ചെടുക്കും. ഓരോ പച്ചമുളകിൻ്റെയും ഞെട്ട് കളഞ്ഞ ശേഷം കണ്ടെയ്നറിലേക്ക് മാറ്റുക. ശേഷം പച്ചമുളകിന് മുകളിലായി ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് മൂടി കണ്ടെയ്നർ നന്നായി മുറുക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇനി ആവശ്യാനുസരണം പച്ചമുളക് എടുക്കുമ്പോൾ ടിഷ്യു പേപ്പർ മാറ്റി കൊടുക്കാൻ ശ്രദ്ധിക്കുക. എയർ ടൈറ്റായ ഏത് പാത്രത്തിലും ഇത് പോലെ പച്ചമുളകുകൾ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ 30 ദിവസം വരെ പച്ചമുളകുകൾ കേടാകാതെ ഫ്രഷായി സൂക്ഷിക്കാം.