ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ എല്ലാ ദിവസവും ബാത്ത് റൂം നന്നായി വൃത്തിയാക്കാൻ പലർക്കും സാധിച്ചെന്ന് വരില്ല. നമ്മൾ ബാത്റൂം സ്ഥിരമായി കഴുകുമെങ്കിലും വോൾ ടൈൽസ് വൃത്തിയാക്കുന്നത് പലരും വിട്ടു കളയാറുണ്ട്. ടൈലുകളുടെ ഇടയിൽ സോപ്പും കറകളും അഴുക്കായി മാറും. സാധാരണ ഇത് തേച്ച് കഴുകുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ബാത്ത് റൂമും വോൾ ടൈൽസും വൃത്തിയാക്കുമ്പോൾ ഒരുപാട് സമയമെടുത്ത് നന്നായി വൃത്തിയാക്കേണ്ടി വരുന്നതും മടിയുള്ള കാര്യമാണ്. എന്നാൽ വളരെ പെട്ടെന്ന് വൃത്തിയാക്കാൻ നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി.
ഒരു ബൗളിൽ 1 / 2 ഗ്ലാസ്സ് വെള്ളമെടുത്ത് ഇതിലേക്ക് 1/4 ഗ്ലാസ്സ് വിനാഗിരി ചേർക്കുക. ഒരു നാരങ്ങയുടെ നീര് ഇതിലേക്ക് ഒഴിച്ച ശേഷം ഒരു ടീ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ടീ സ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കാം. ബേക്കിംഗ് സോഡ ചേർക്കുമ്പോൾ മിശ്രിതം പതയുന്നതായി കാണാം. ഇത് നന്നായി ഒന്ന് മിക്സ് ചെയ്യുക. ബേക്കിംഗ് സോഡ നന്നായി പതഞ്ഞതിന് ശേഷം പത മാറുമ്പോൾ ഇതിലേക്ക് ബാത്റൂമോ പാത്രമോ കഴുകാനുപയോഗിക്കുന്ന ലിക്യുഡ് വാഷ് 5-6 ടീ സ്പൂൺ അളവിൽ ഒഴിച്ച് വീണ്ടും നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്കോ സാധാരണ ബോട്ടിലിലേക്കോ പകർത്താം. മിശ്രിതത്തിനായി ചേർത്ത ചേരുവകളെല്ലാം തന്നെ ഡീപ്പ് ക്ലീനിംഗിനായി ഉപയോഗിക്കുന്നവയാണ്. അതിനാൽ തന്നെ ഈ സ്പ്രേ ഉപയോഗിച്ച് എളുപ്പത്തിൽ ടൈലുകൾ വൃത്തിയാക്കാൻ സാധിക്കും.
ടൈലിൻ്റെ വിടവുകളിൽ ഈ മിശ്രിതം സ്പ്രേ ചെയ്ത് കൊടുക്കാം. ശേഷം സ്ക്രബ്ബർ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്ത ശേഷം വെള്ളമൊഴിച്ച് കഴുകുമ്പോൾ അഴുക്കുകൾ എല്ലാം പോയി ടൈൽസ് വൃത്തിയായതായി കാണാം. സാധാരണ സമയമെടുത്ത് തേച്ച് ഉരച്ച് കഴുകേണ്ടി വരുന്ന ടൈലുകൾ മിനിറ്റുകൾക്കകം വൃത്തിയാക്കി എടുക്കാം.