അടുക്കളയിൽ സിങ്കും പാത്രങ്ങളും കഴുകാൻ ക്ലീനിംഗ് സ്പോഞ്ച്, അലെങ്കിൽ സ്ക്രബ് പാഡ് ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇത് വെക്കാനായി പലരും പണം മുടക്കി ഓർഗനൈസിംഗ് റാക്ക് വാങ്ങി വെക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇതിന് പരിഹാരം കണ്ടെത്താവുന്നതാണ്. നമ്മൾ ഉപയോഗിക്കുന്ന ഷാംപൂ, കണ്ടീഷ്ണർ, ക്രീമുകൾ തുടങ്ങിയവയുടെ ബോട്ടിലുകൾ സാധാരണ കളയാറാണ് പതിവ്. എന്നാൽ ഇതുപയോഗിച്ച് സ്ക്രബ്ബറും സ്പോഞ്ചും വെക്കാവുന്ന അടിപൊളി ഹോൾഡർ ഉണ്ടാക്കാൻ സാധിക്കും.
ഷാംപൂ അല്ലെങ്കിൽ കണ്ടീഷ്ണറിൻ്റെ കാലിയായ കുപ്പി എടുത്ത് കുപ്പിയുടെ പുറമെയുള്ള സ്റ്റിക്കറുകൾ കളയുക. ശേഷം കുപ്പിയുടെ താഴത്തെ ഭാഗം ഒരു കത്തിയോ കത്രികയോ ഉപയോഗിച്ച് മുറിച്ച് കളയുക. കുപ്പിയുടെ ഇരുവശങ്ങളിലും താഴെ നിന്നും മുക്കാൽ ഭാഗത്തോളം മുകളിലേക്ക് മുറിച്ച ശേഷം പിറകിലേക്ക് മുറിച്ച് ആ ഭാഗം കളയുക. ഇതിൽ കുപ്പിയുടെ മുകൾ ഭാഗമാണ് സ്ക്രബ്ബർ വെക്കാൻ ഉപയോഗിക്കുന്നത്. അതിന് ശേഷം ഈ ഹോൾഡർ കൊളുത്തി ഇടുന്നതിനായി കുപ്പിയുടെ നീളമുള്ള ഭാഗത്തായി ഒരു ദ്വാരമിടുക. ശേഷം കുപ്പിയുടെ മുറിച്ച അരികുകൾ തീയിൽ കാണിച്ച് ചൂടാക്കി ലെവൽ ചെയ്തെടുക്കാം. ഇത് സിങ്കിനടുത്തായി എവിയെങ്കിലും കൊളുത്താം. പാത്രങ്ങൾ കഴുകിയ ശേഷം സ്ക്രബ്ബർ ഇനി സിങ്കിലിടാതെ ഈ ബോട്ടിലിൽ വെക്കുമ്പോൾ
സ്ക്രബ്ബറിലെ വെള്ളം വേഗത്തിൽ കുപ്പിയുടെ ദ്വാരത്തിലൂടെ സിങ്കിലേക്ക് ഒഴുകും. മിനിറ്റുകൾക്കകം സ്ക്രബ്ബർ ഉണങ്ങുകയും ചെയ്യും. ഇതുണ്ടെങ്കിൽ ഡിഷ് വാഷും വൃത്തിയാക്കലും കൂടുതൽ സുഖകരമാകും.