ശുചിത്വമായ അന്തരീക്ഷത്തിൽ തുടരേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്. രോഗങ്ങളും അണുബാധകളും വർദ്ധിക്കുന്നതിനനുസരിച്ച്, നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വ്യത്യസ്ത രാസവസ്തുക്കൾ അടങ്ങിയ ക്ലീനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള ശുചീകരണം എളുപ്പമെങ്കിലും, മനുഷ്യ ശരീരത്തിന് ഇത് ദോഷകരമാകാം. വീട്ടിലേക്ക് നിങ്ങൾ വാങ്ങുന്ന മനോഹരമായ ഓരോ ഫർണിച്ചറുകളുടെയും തിളക്കവും ശുചിത്വവും നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഘടകമാണ്.
ഡൈനിംഗ് ടേബിൾ ഏതൊരു കുടുംബത്തിന്റെയും ഒത്തുചേരുന്ന ഭാഗമാണ്. നാല് അംഗങ്ങളുള്ള ഒരു ന്യൂക്ലിയർ കുടുംബമായാലും ഒരു കൂട്ടു കുടുംബമായാലും ഒരു ഡൈനിംഗ് ടേബിളിന്റെ പങ്ക് വലുതാണ് . അതിനാൽ തന്നെ അതിന്റെ തെളിച്ചവും പുതുമയും എന്നെന്നേക്കുമായി നിലനിർത്തേണ്ടത് പ്രധാനമാണ്. അമ്പരിപ്പിക്കുന്ന വില കൊടുത്ത് വാങ്ങുന്ന വീട്ട് ഉൽപ്പന്നങ്ങൾക്ക് അവയുടെ ക്ലീനിംഗിനായി ശമ്പളത്തിന്റെ വലിയൊരു തുക ചിലവഴിക്കേണ്ടി വരാറുണ്ട്. എന്നാൽ ഈ പണം ലാഭിച്ച് ക്ലീനിങ്ങ് ഉത്പന്നങ്ങൾ സ്വയം വീട്ടിലിരുന്ന് സജ്ജമാക്കാവുന്നതാണ് . വിപണിയിലെ ക്ലീനിംഗ് ഉൽപ്പന്നങ്ങളിൽ ദുർഗന്ധമുള്ള സിന്തറ്റിക് രാസവസ്തുക്കൾ അടങ്ങിയതിനാൽ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അലർജിയുളളവർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വെറും നാല് വീട്ട് സാധനങ്ങൾകൊണ്ട് ഫലപ്രദമായ ഫർണിച്ചർ ക്ലീനിങ്ങ് സ്പ്രേ തയ്യാറാക്കാം. ഒരു കപ്പിലേക്ക് 1/4 കപ്പ് ഡിസ്റ്റിൽഡ് വിനാഗിരി എടുത്ത് അതിലേക്ക് 2 1/2 കപ്പ് ചെറു ചൂട് വെള്ളം ചേർക്കുക. ശേഷം 1 ടീസ്പൂൺ വാഷിംഗ് ലിക്വിഡും, 2 ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് നന്നായി ഇളക്കി ഒരു സ്പ്രേയിങ് കുപ്പിയിലേക്ക് പകർത്തി ആവശ്യാനുസരണം ഉപയോോഗിക്കാം. ഇത് ഫർണിച്ചറുകൾ എന്നും തിളക്കത്തോടെയും വൃത്തിയോടെയും നിലനിർത്തുകയും ഒപ്പം സുഗന്ധവും നല്കും. വീട്ടിലെ ഡൈനിങ് ടേബിളിലും മറ്റു പല ഫർണിച്ചറുകളിലും ഈ മാജിക് സ്പ്രേ ഉപയോഗിക്കാം .