അകമില്ല, പുറമില്ല, ഞെട്ടില്ലാ വട്ടയില’ എന്ന കടങ്കഥ കേൾക്കാത്ത മലയാളികൾ കാണില്ല. മലയാളികൾക്ക് സദ്യ ഒരുക്കുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പപ്പടം. പപ്പടമില്ലാതെ എന്ത് സദ്യ? ഇനി ബിരിയാണി ആയാലും പായസമായാലും പപ്പടം കൂട്ടി കഴിക്കുന്നതിൻ്റെ രുചി ഒന്ന് വേറെ തന്നെയാണ്. നമ്മുടെ ഈ കേരളത്തിൽ മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളിലും, എന്തിന് ഇന്ത്യയ്ക്ക് പുറത്ത് വരെ പല രീതികളിലായി പപ്പടം വിളമ്പാറുണ്ട്. പല ഭാഷയിലും, പല പേരിലും തിളങ്ങി നിക്കുന്ന ഈ പപ്പടം വളരെ പ്രശസ്തവുമാണ്. പണ്ടു കാലങ്ങളിൽ പപ്പടം അവരവരുടെ വീട്ടിൽ തന്നെ ആവശ്യാനുസരണം ഉണ്ടാക്കിയിരുന്നു. പപ്പടത്തിൽ അടങ്ങിയിരിക്കുന്ന ഉഴുന്ന് ദഹനം സുഗമമാക്കും എന്നതായിരുന്നു കഴിക്കുന്നതിൻ്റെ ഉദ്ദേശം.
പപ്പടം എണ്ണയിൽ കാച്ചി കഴിക്കുന്നവരാണ് നമ്മളിലധികവും. എന്നാൽ ഇതിലൂടെ ശരീരത്തിലെത്തുന്ന എണ്ണയുടെ അളവ് വളരെ വലുതാണ്. ഇത് കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾക്കും കാരണമാകാം. എണ്ണ പലഹാരങ്ങൾ കഴിക്കുന്നതിൻ്റെ അതേ ഫലം തന്നെ പപ്പടത്തിലെ എണ്ണയ്ക്കുമുണ്ട്. അതിനാൽ തന്നെ എണ്ണയില്ലാതെ പപ്പടം കാച്ചുന്ന ഈ സൂത്രം വളരെ ഉപകാരപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും തന്നെ ആരോഗ്യം ശ്രദ്ധിക്കുകയും ഡയറ്റിംഗും മറ്റും ചെയ്യുന്നവരാണ്. എണ്ണയടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുന്നവർക്ക് ഇത് വളരെ ഫലപ്രദമാകും.
അതിനായി ചുവട് കട്ടിയുള്ള ഒരു പാത്രമെടുത്ത് ഇതിലേക്ക് 1 കപ്പ് ഉപ്പ് ഇട്ട് കൊടുക്കാം. മീഡിയം ഫ്ലെയിമിൽ വെച്ച് ഇത് നന്നായി ചൂടാക്കിയെടുക്കാം.
ഉപ്പ് നന്നായി ചൂടായി എന്ന് ഉറപ്പ് വരുത്തിയ ശേഷം പപ്പടം ഇതിലേക്ക് ഇട്ട് കൊടുക്കുക. ചൂടായി കിടക്കുന്ന ഉപ്പ് സ്പൂൺ ഉപയോഗിച്ച് പപ്പടത്തിന് മുകളിലായി ഇട്ട് കൊടുക്കുമ്പോൾ ഉപ്പിൻ്റെ ചൂട് കൊണ്ട് പപ്പടം ചുട്ട് കിട്ടും. ഉപ്പിന് പകരമായി മണലിട്ടും ചുടാവുന്നതാണ്. എന്നാൽ നല്ല മണലിൻ്റെ ലഭ്യതയും അത് വൃത്തിയാക്കലും അത്ര എളുപ്പമല്ല. ചൂടു കൊണ്ട് പപ്പടം നന്നായി മൊരിഞ്ഞ് കിട്ടും. പല നിറത്തിലുള്ള, പല ഫ്ലേവറടങ്ങിയ പപ്പടങ്ങളും ഇത് പോലെ ചുട്ടെടുക്കാവുന്നതാണ്. നന്നായി മൊരിഞ്ഞ ശേഷം പപ്പടമെടുത്ത് കുടഞ്ഞ് ഉപ്പ് കളഞ്ഞ ശേഷം വിളമ്പി വെക്കാം. പപ്പടം ചുടാനുപയോഗിച്ച ഉപ്പ് നഷ്ടമായെന്ന ആശങ്ക വേണ്ട. ഇത് കുപ്പിയിലോ മറ്റോ സൂക്ഷിച്ചാൽ വീണ്ടും പപ്പടം ചുടാൻ ഉപയോഗിക്കാവുന്നതാണ്. എണ്ണയടങ്ങിയ ഭക്ഷണം ഒഴിവാക്കേണ്ട തരത്തിലുള്ള ആരോഗ്യ പ്രശ്നമുള്ളവർക്ക് ഇത് തീർച്ചയായും പരീക്ഷിക്കാം.