പല വീട്ടമ്മമാരും പച്ചക്കറികൾ അരിയാനാണ് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്. വീട്ടിലേക്ക് തോരനും മറ്റും ഉണ്ടാക്കുമ്പോൾ ചെറുതായി അരിഞ്ഞെടുക്കുന്നത് ധാരാളം സമയമെടുക്കും. അതിനാൽ തന്നെ പലരും ഇത്തരം കറികൾ ഉണ്ടാക്കാൻ മടിക്കാറുണ്ട്. ജോലി ചെയ്യുന്ന വീട്ടമ്മമാർ പ്രത്യേകിച്ചും ബുദ്ധിമുട്ടാറുണ്ട്. രാവിലെ മക്കളെ സ്കൂളിൽ വിടുന്നതിന് മുൻപ് ലഞ്ചിന് പോഷകങ്ങൾ അടങ്ങുന്ന പച്ചക്കറി കൂട്ടുകൾ കൊടുത്ത് വിടാൻ പച്ചക്കറി അരിയുന്നതും പ്രയാസം. ശ്രദ്ധിച്ച് അരിഞ്ഞില്ലെങ്കിൽ കൈ മുറിയുന്നത് മറ്റൊരു പ്രശ്നം. എന്നാൽ ഇനി അധികം പ്രയാസമില്ലാതെ സെക്കൻ്റുകൾക്കുള്ളിൽ മിക്സിയിൽ പച്ചക്കറി അരിയാം.
പച്ചക്കറികൾ മിക്സിയിൽ അരിഞ്ഞാൽ ജ്യൂസായി പോകുമോ, നന്നായി അരിഞ്ഞ് കിട്ടുമോ എന്നുള്ള പല ആശങ്കകളും നിങ്ങൾക്കുണ്ടാകാം. എന്നാൽ നമ്മൾ സാധാരണ ഗ്രേറ്റ് ചെയ്യുന്ന അതേ പരുവത്തിൽ നമുക്ക് മിക്സിയിൽ അരിയാം. പച്ചക്കറികൾ അരിയാൻ മിക്സിയുടെ വലിയ ജാറും ചെറിയ ജാറും ഉപയോഗിക്കാം. ധാരാളം പച്ചക്കറിയുണ്ടെങ്കിൽ വലിയ ജാറും അല്ലാത്തപക്ഷം ചെറുതും എടുക്കാം. എന്നാൽ ചെറിയ ജാറിൽ 2-3 തവണകളായി അരിയുന്നതാണ് കൂടുതൽ ഉചിതം.
അരിയുന്നതിനായി പച്ചക്കറികളുടെ തൊലി കളഞ്ഞ് നന്നായി കഴുകിയെടുക്കാം. ശേഷം മിക്സിയുടെ ചെറിയ ജാറെടുത്ത്
പച്ചക്കറികൾ മിക്സിയുടെ ബ്ലേഡുകൾക്ക് അരിയാൻ പാകത്തിന് ക്യൂബ് സൈസിൽ മുറിച്ചിടുക. ഇങ്ങനെ ക്യൂബുകളാക്കി മുറിക്കുന്നതിന് അധികം സമയം വേണ്ട. അധികം കഷ്ണങ്ങൾ ജാറിലിടാതെ ബ്ലേഡുകളുടെ അതേ അളവിൽ മാത്രം ഇടാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബ്ലേഡിന് മുകളിലായി പച്ചക്കറി കിടന്നാൽ അത് അരിയാൻ പ്രയാസമാകും. വെറും 10 സെക്കൻ്റ് മാത്രം ഇത് അടിച്ചെടുത്താൽ സാധാരണ ഗ്രേറ്റ് ചെയ്യുന്ന അതേ പരുവത്തിൽ അരിഞ്ഞ് കിട്ടും. 10 സെക്കൻ്റിൽ കൂടുതൽ അടിച്ചാൽ ജ്യൂസ് പരുവമാകുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആദ്യമായി ചെയ്യുമ്പോൾ 5 സെക്കൻ്റ് അടിച്ച് പരുവം നോക്കിയ ശേഷം ആവശ്യമെങ്കിൽ മാത്രം പിന്നീട് അടിക്കുന്നത് കൂടുതൽ എളുപ്പമാകും. തോരനും മറ്റും വെക്കാൻ എത് പച്ചക്കറിയാണെങ്കിലും ഇത് പോലെ ക്യൂബായി അരിഞ്ഞ ശേഷം സെക്കൻ്റുകൾക്കുള്ളിൽ നിങ്ങൾക്കിഷ്ടമുള്ള പരുവത്തിൽ മിക്സിയിൽ അരിഞ്ഞെടുക്കാം. സവാള പോലുള്ള മൃദുവായ പച്ചക്കറികൾ അരിയുമ്പോൾ 4-5 സെക്കൻ്റ് മാത്രം അടിച്ചാൽ മതിയാകും. ഇങ്ങനെ അരിഞ്ഞെടുക്കുന്ന പച്ചക്കറികൾ വേവിക്കുമ്പോൾ തുറന്ന് വെച്ച് വേവിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും നമ്മൾ കൈ കൊണ്ട് ഭംഗിയിൽ നീളത്തിൽ അരിയുന്നതിൻ്റെ രുചി ഇവയ്ക്ക് കിട്ടിയെന്ന് വരില്ല. അത്യാവശ്യ സമയങ്ങളിൽ മാത്രം ഇങ്ങനെ ചെയ്യാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചുരുങ്ങിയ സമയത്തിൽ പച്ചക്കറി അരിയുന്ന വിദ്യ, പെട്ടെന്ന് പണി തീർക്കാൻ നെട്ടോട്ടമോടുന്ന വീട്ടമ്മമാർക്ക് പരീക്ഷിക്കാം.