എല്ലാവരും ഉറങ്ങുന്നതിന് മുൻപ് അടുക്കളയിൽ ചെയ്ത് തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. മിക്ക വീട്ടമ്മമാർക്കും മടിയുള്ള ഒരു കാര്യമാണ് പാത്രങ്ങൾ കഴുകുന്നത്. എന്നാൽ രാത്രി പാത്രങ്ങളെല്ലാം കഴുകി സിങ്കും അതിൻ്റെ പരിസരങ്ങളും വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. മാത്രമല്ല, പത്രങ്ങളെല്ലാം അതാത് സ്ഥാനത്ത് ഒതുക്കി അടുക്കള വൃത്തിയാക്കിയ ശേഷം മാത്രം ഉറങ്ങുക. പിറ്റേന്ന് വൃത്തിയായ അടുക്കളയിൽ നിന്നും ദിവസം തുടങ്ങുന്നത് തന്നെ വലിയ തലവേദന ഒഴിവാക്കും. രാവിലെത്തെ ജോലി ഭാരവും കുറയും.
അത് പോലെ കൗണ്ടർ ടോപ്പും, ഗ്യാസ് സ്റ്റൗ, അതിൻ്റെ പരിസരങ്ങളും വൃത്തിയാക്കുക. ലോഷനുകൾ ഉപയോഗിച്ച് ഇവ നന്നായി തുടച്ച് വൃത്തിയാക്കാം. ഇങ്ങനെ ചെയ്യാത്തത് കറകളും അഴുക്കുമിരുന്നു പിന്നീട് തുടച്ച് മാറ്റാൻ പ്രയാസമാകും. അതിനാൽ, അന്നന്ന് തന്നെ തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. പാത്രങ്ങൾ കഴുകിയ ശേഷം അവ കഴുകാനുപയോഗിച്ച സ്ക്രബ്ബ് പാഡ്, അല്ലെങ്കിൽ സ്പോഞ്ച് വൃത്തിയാക്കേണ്ടതുണ്ട്. അതിനായി ഒരു ബൗളിൽ സ്പോഞ്ച് അല്ലെങ്കിൽ സ്ക്രബറിട്ട് അതിലേക്ക് വെട്ടിത്തിളച്ച വെള്ളം ചേർത്ത ശേഷം 2 ടീ സ്പൂൺ വിനാഗിരി, 1 ടീ സ്പൂൺ ഉപ്പ് അല്ലെങ്കിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഒരു രാത്രി മുഴുവൻ അങ്ങനെ വെച്ച് പിറ്റേന്ന് സ്ക്രബ്ബർ കഴുകി ഉപയോഗിക്കാം. ഇവ മികച്ച ക്ലീനിംഗ് ഏജൻറുകളായതിനാൽ സ്പോഞ്ചിലെ അണുക്കളുകൾ നശിപ്പിച്ച് നന്നായി വൃത്തിയാകാൻ സഹായിക്കും. അന്നന്ന് കഴുകാതെ ഈ അണുക്കളുള്ള സ്പോഞ്ച് കൊണ്ട് വീണ്ടും പാത്രങ്ങൾ കഴുകുന്നത് രോഗങ്ങൾക്ക് വഴിയൊരുക്കും.
നമ്മുടെ ലിവിംഗ് റൂം അല്ലെങ്കിൽ ലോഞ്ച് റൂം ഉറങ്ങുന്നതിന് മുൻപ് വൃത്തിയാക്കുക. സോഫയും കുഷ്യനുകളും പൊടി തട്ടി ഒതുക്കി വൃത്തിയാക്കാം. ഏതെങ്കിലും ലോഷനുപയോഗിച്ച് അടുക്കളയുടെ ഫ്ലോർ മാത്രമെങ്കിലും വൃത്തിയായി തുടയ്ക്കുക. പാറ്റയോ ഉറുമ്പുകളോ ഒന്നും അടുക്കളയിലേക്ക് കടക്കാതെ ഇത് സഹായിക്കും. ഉപ്പിട്ട് തുടക്കുന്നതും വളരെ ഫലപ്രദമാണ്. നാരങ്ങ തോട് അല്ലെങ്കിൽ ഓറഞ്ച് തൊലി കളയാതെ വിനാഗിരിയുമായി ചേർത്ത് ഐസ് ക്യൂബ് ട്രേയിൽ വച്ച് ഫ്രീസറിൽ സൂക്ഷിക്കുക. ദിവസവും ഉറങ്ങുന്നതിന് മുൻപ് സിങ്ക് വൃത്തിയാക്കിയ ശേഷം ഒരു ക്യൂബിട്ട് കൊടുക്കുന്നത് സിങ്കിൽ നിന്നും വമിക്കുന്ന ദുർഗന്ധമകറ്റി സുഗന്ധം നിറയ്ക്കാൻ സഹായിക്കും. അത് പോലെ മറ്റൊന്നാണ് നമ്മുടെ വീട്ടിലെ ഡൈനിംഗ് ടേബിൾ. എത്ര വൃത്തിയാക്കിയാലും രാത്രി ഉറങ്ങുന്നതിന് എതെങ്കിലും ലോഷൻ ഉപയോഗിച്ച് ടേബിൾ ഒന്ന് വൃത്തിയാക്കാം.
നമ്മുടെ അടുക്കള ഭാഗത്തായി വെച്ചിരിക്കുന്ന ബിന്നിലെ വേസ്റ്റ് കളഞ്ഞ് പുതിയ പ്ലാസ്റ്റിക്ക് ഇട്ട ശേഷം അതിലേക്ക് 1/2 ടീ സ്പൂൺ ബേക്കിംഗ് സോഡ വിതറി അടച്ച് വെക്കാം. ഇത് ദുർഗന്ധമകറ്റാൻ സഹായിക്കും. അത് പോലെ ഉറങ്ങുന്നതിന് മുൻപ് ഒരു സ്റ്റിക്കി നോട്ടിലോ ഡയറിയിലോ ഫോണിലോ നാളത്തേക്ക് ചെയ്യേണ്ട കാര്യങ്ങൾ, വാങ്ങേണ്ട സാധനങ്ങൾ, തീർന്നു പോയ സാധനങ്ങൾ എന്നിവയുടെ ലിസ്റ്റ് എഴുതി വെക്കുന്നത് പിന്നീട് ഉപകരിക്കും.