പാചകം ചെയ്യുന്നവരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് നല്ല രുചിയിൽ തയ്യാറാക്കി വന്ന കറിയിൽ ഉപ്പ് കൂടുന്നത്. പാചകം തുടങ്ങുന്നവർക്ക് ഉപ്പ് പാകത്തിന് ഇടുക എന്നത് ഒരു പേടി സ്വപ്നം പോലെയാണ്. റെസിപ്പികൾ നോക്കി ഏതെങ്കിലും വിഭവം തയ്യാറാക്കുമ്പോൾ അളവ് പറയാതെ പാകത്തിന് ഉപ്പ് ചേർക്കാൻ പറയുന്നത് വിഷമമുള്ള കാര്യമാണ്. എരുവോ പുളിയോ ഉപ്പോ കുറഞ്ഞ് പോയാൽ പരിഹരിക്കാം, എന്നാൽ കൂടി പോയാലോ? ഉപ്പ് കൂടി പോയാൽ കഴിക്കുന്നതും പ്രയാസമാണ്.
ചിലപ്പോഴൊക്കെ കറികൾ ഉണ്ടാക്കി കഴിയുമ്പോഴാണ് ഉപ്പ് കൂടിയെന്നറിയുന്നത്. കഷ്ടപ്പെട്ടത് വെറുതേയായി എന്നോർത്ത് നിരാശപ്പെടുന്ന അവസ്ഥയാണിത്. എന്നാൽ ഇനി ടെൻഷൻ വേണ്ട. ഇനി ഉപ്പ് കൂടി പോയാലും പരിഹരിക്കാൻ ചില എളുപ്പവഴികളുണ്ട്.
കറി തയ്യാറാക്കുമ്പോൾ തന്നെ കറിക്ക് ഉപ്പ് കൂടിയെന്ന് മനസ്സിലായാൽ 1 ഉരുളക്കിഴങ്ങ് കഴുകി തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി കറിയിലിട്ട് 20 മിനിറ്റ് വെക്കുക. അധികമായ ഉപ്പ് ഉരുളക്കിഴങ്ങ് വലിച്ചെടുക്കും. 20 മിനിറ്റിന് ശേഷം ഉരുളക്കിഴങ്ങ് മാറ്റിയാൽ നിങ്ങളുടെ കറിക്ക് പാകത്തിന് ഉപ്പ് ആയിരിക്കും ഉണ്ടാകുക. ഇനി കറി തയ്യാറാക്കിയ ശേഷം ഉപ്പ്
അധികമെന്നറിഞ്ഞാൽ ഉരുളക്കിഴങ്ങ് പകുതി വേവിച്ച് കഷ്ണങ്ങളാക്കി കറിയിലിട്ട് അര മണിക്കൂർ വെച്ച ശേഷം എടുത്ത് മാറ്റാം. രണ്ടാമത് ചെയ്യാൻ കഴിയുന്നത് കറിയിലേക്ക് അധികം പുളിയില്ലാത്ത തൈര് 1 ടീ സ്പൂൺ ചേർത്ത് 1 മിനിറ്റ് ഇളക്കി കൊടുക്കുക എന്നതാണ്. ഇത് അധികമായ ഉപ്പ് മാറി കറിയുടെ പാകത്തിനാകാൻ സഹായിക്കും.
അത് പോലെ, ഉപ്പ് കൂടിയ കറിയിൽ തക്കാളി ചേർക്കുന്നതും ഒരു ഉപായമാണ്. തക്കാളി രണ്ടോ നാലോ കഷ്ണങ്ങളാക്കി മുറിച്ച് 20 മിനിറ്റ് കറിയിലിട്ട് വെച്ച ശേഷം എടുത്ത് മാറ്റാം. അധികമായ ഉപ്പ് തക്കാളിയിൽ പിടിക്കും. മറ്റൊന്നാണ്, വിനാഗിരിയും പഞ്ചസാരയും ഓരോ ടേബിൾ സ്പൂൺ കറിയിൽ ചേർത്ത് കൊടുക്കുന്നത്. വിനാഗിരിയുടെ ചവർപ്പും പഞ്ചസാരയുടെ മധുരവും ചേർന്ന് ഉപ്പ് ബാലൻസ് ചെയ്യുകയും കറിക്ക് കൂടുതൽ സ്വാദും നല്കും. ചിക്കൻ, ബീഫ് തുടങ്ങി നോൺ-വെജ് കറികളിൽ ഉപ്പ് കൂടിയാൽ ഇത് ചെയ്യുന്നതാണ് ഉത്തമം. കറിയിലേക്ക് രണ്ട് ടീ സ്പൂൺ പശുവിൻ പാല് ചേർത്ത് മിക്സ് ചെയ്ത് 10 മിനിറ്റ് വെക്കുക. ഉപ്പ് മാറുമെന്ന് മാത്രമല്ല, കറിയുടെ സ്വാദും കൂടും.
ഒരു ചെറിയ സവാള 4-5 കഷ്ണങ്ങളാക്കി കറിയിലിടുന്നതും ഒരു ഉപായമാണ്. ഇതല്ലെങ്കിൽ സവാള അരിഞ്ഞ് വറുത്ത് കോരി കറിയിൽ ചേർത്ത് 5 മിനിറ്റ് വെച്ച ശേഷം കറിയിൽ നിന്നും എടുത്ത് മാറ്റാം. ഈ പൊടിക്കൈകൾ എല്ലാം തന്നെ വളരെ ഉപകാരപ്രദമാണ്. എന്നാൽ ഇത്തരം ഉപായങ്ങൾ ഉപ്പേരി, തോരൻ തുടങ്ങിയ കറികളിൽ ചെയ്യാനാവില്ല. ഗ്രേവിയുള്ള കറികളിൽ ഉപ്പ് കൂടിയാൽ ചെയ്യാവുന്ന ഉപായങ്ങളാണിത്. ഇനി ഉപ്പ് കൂടിയാൽ എളുപ്പത്തിൽ ഈ ഉപായങ്ങളിലൂടെ പരിഹരിക്കാം.