വീട്ടിലെ ദുർഗന്ധമകറ്റാൻ കറുവപ്പട്ട കൊണ്ടൊരു വിദ്യ

നമ്മുടെ അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് കറുവപ്പട്ട. പ്രധാനമായി നമ്മൾ കറികളിലാണ് ഉപയോഗിക്കുന്നതെങ്കിലും നിരവധി ഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. ഉണർവും ഉന്മേഷവും നല്കുന്ന കറുവപ്പട്ട ചായയിലിടുന്നതും സാധാരണമാണ്. സിന്നമോം വെറം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കറുവയുടെ വൃക്ഷത്തിൻ്റെ പുറം തോലിയാണ് കറുവപ്പട്ടയായി ഉപയോഗിക്കുന്നത്. കൊളസ്‌ട്രോൾ, മൈഗ്രയ്ൻ, തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങൾക്കും കറുവപ്പട്ട ഒരു പരിഹാരവുമാണ്. ചൈനീസ്, ആയുർവേദ ഓഷധങ്ങളിൽ ഇവ കൂടുതലായി ഉപയോഗിച്ച് വരുന്നു. ഇവയുടെ പ്രത്യേകമായ സ്വാദ് മധുര പലഹാരങ്ങൾക്ക് കൂടുതൽ രുചിയേകും. എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നില്ല ഇവയുടെ ഉപയോഗം. വൃത്തിയാക്കൽ മുതൽ കീടനാശിനി തയ്യാറാക്കാൻ വരെ ഇത് ഉപയോഗിക്കാറുണ്ട്.

കറുവപ്പട്ട ദഹനപ്രശ്‌നങ്ങൾക്കും വേദനകൾ ശമിപ്പിക്കുന്നതിനും ഉത്തമമെന്ന് പറയപ്പെടുന്നു. ഇവയുടെ സുഗന്ധം എടുത്തു പറയേണ്ട സവിശേഷതയാണ്. കറുവയിൽ നിന്നും രണ്ട് തരം സുഗന്ധ തൈലങ്ങളും വേർതിരിക്കാനാകും. തൊലി തൈലവും ഇലതൈലവും. ഇവ എയർ ഫ്രഷ്നറുകളിൽ ഉപയോഗിക്കാറുണ്ട്. ഇവയ്ക്ക് ദുർഗന്ധം മാറ്റി സുഗന്ധം പരത്താൻ കഴിയും.
എന്നാൽ വീട്ടിലെ ദുർഗന്ധം അകറ്റാൻ ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന വിലയേറിയ എയർ ഫ്രഷ്നർ വാങ്ങി പണം കളയേണ്ട. നമ്മുടെ വീട്ടിലുള്ള കറുവപ്പട്ട ഉപയോഗിച്ച് എളുപ്പത്തിൽ എയർ ഫ്രഷ്നർ തയ്യാറാക്കാം.

കുറച്ച് കറുവപ്പട്ടയുടെ കഷ്ണങ്ങളെടുത്ത് അവ ഒരേ അളവിലാക്കിയ ശേഷം റിബണോ ചരടോ ഉപയോഗിച്ച് കെട്ടി കൊടുക്കുക. ശേഷം വീട്ടിൽ ദുർഗന്ധം അനുഭവപ്പെടുന്ന ഇടങ്ങളിൽ ഇത് വെച്ച് കൊടുക്കാം. വീട് മുഴുവൻ ഇതിൻ്റെ സുഗന്ധം നിറയും. ഇതല്ലെങ്കിൽ കുറച്ച് വെള്ളത്തിൽ കറുവപ്പട്ട എണ്ണയുടെ ഏതാനും തുള്ളികൾ ചേർത്ത് സ്പ്രേ കുപ്പിയിലാക്കിയും ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിലവ് കുറഞ്ഞ പ്രകൃതിദത്തമായ എയർ ഫ്രഷ്നറാണിത്. കറുവപ്പട്ടയുടെ ഗന്ധം ചെറിയ പ്രാണികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ അവയെ തുരത്തുവാനും ഇത് ഉപകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *