ഈച്ചകളെ തുരത്താൻ നാരങ്ങ കൊണ്ട്‌ ഒരു വിദ്യ

നമ്മുടെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഈച്ചകൾ. ചെറുതാണെങ്കിലും ഈ ഈച്ചകളെ അകറ്റുന്നത് അത്ര എളുപ്പമല്ല. അടുക്കളയിലും, ഡൈനിംഗ് ടേബിളിലും, വേസ്റ്റ് ബിൻ വെക്കുന്നയിടങ്ങളിലുമൊക്കെയായ് ഈച്ചകളുടെ ശല്ല്യം അനുഭവപ്പെടാറുണ്ട്. ഇവയെ തുരത്താൻ സഹായിക്കുന്ന പലതരം സ്പ്രേയും ഉൽപന്നങ്ങളും ഇപ്പോൾ വിപണിയിലുണ്ട്. എന്നാൽ ഇവയൊക്കെ ഉപയോഗിച്ചാലും ഫലം കാണാത്തവരാണ് ഭൂരി ഭാഗവും. ഇത്തരം കെമിക്കലുകളടങ്ങിയ ഉൽപന്നങ്ങൾ നമുക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും. എന്നാൽ നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇവയുടെ ശല്ല്യം അകറ്റാനാകും. ഇത് പ്രകൃതിദത്തമായതിനാൽ തന്നെ ചിലവ് കുറഞ്ഞതും നമ്മുടെ ആരോഗ്യത്തെ ബാധിക്കാത്തതുമാണ്.

ഈച്ചകൾ സാധാരണയായി കാണപ്പെടുന്ന സ്ഥലങ്ങളിൽ ഈ സൂത്രം വെക്കുന്നത് വളരെ ഫലപ്രദമാകും. അതിനായി ഒരു ചെറുനാരങ്ങ 3 കഷ്ണങ്ങളായി സ്ലൈസ് ചെയ്തെടുക്കുക. നാരങ്ങ കട്ടിയായതാണെങ്കിൽ മുറിക്കുന്നതിന് മുൻപ് ടേബിളിലോ പാത്രത്തിലോ വെച്ച് നന്നായി ഉരുട്ടി കൊടുക്കേണ്ടതുണ്ട്. ഇത് അവയിലെ നീരിറങ്ങാൻ സഹായിക്കും. നാരങ്ങയുടെ കഷ്ണങ്ങൾ ഉറപ്പിച്ച് വെക്കുന്നതിനായി അതിൻ്റെ ഞെട്ട് ഭാഗങ്ങൾ മുറിച്ച് കളയുക. ശേഷം 2 ടേബിൾ സ്പൂൺ ഗ്രാമ്പൂ നന്നായി വറുത്തെടുക്കുക. വറുക്കുന്നത് ഗ്രാമ്പൂവിൻ്റെ എണ്ണ പുറത്തേക്ക് വരാനും അവയുടെ സുഗന്ധം നന്നായി പരക്കാനും സഹായിക്കും. അതിന് ശേഷം നാരങ്ങയുടെ കഷ്ണങ്ങളിൽ ഗ്രാമ്പൂ കുത്തി വെക്കുക. നാരങ്ങയിൽ നിറയെ ഗ്രാമ്പൂ കുത്തി വെക്കാൻ ശ്രദ്ധിക്കുക. ഈച്ച വരുന്ന ഭാഗങ്ങളിൽ ഗ്രാമ്പൂ കുത്തിവെച്ച നാരങ്ങ വെച്ച് കൊടുക്കാം. ഇവയുടെ ഗന്ധം ഈച്ചകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ അവ ആ ഭാഗത്തേക്ക് വരില്ല. അതേ സമയം ഇവയുടെ സുഗന്ധം വീട് മുഴുവൻ നിറഞ്ഞ് എയർ ഫ്രഷ്നർ പോലെ ഉപകരിക്കുകയും ചെയ്യും. ഈ വിദ്യ ഈച്ചയെ തുരത്താന്‍ സഹായിക്കുമെങ്കിലും വീട്ടില്‍ ഭക്ഷണാവശിഷ്ഠങ്ങൾ അലക്ഷ്യമായി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ഈച്ചയില്‍ നിന്നും ഒട്ടേറെ രോഗങ്ങള്‍ പിടിപെടാം.

Leave a Reply

Your email address will not be published. Required fields are marked *