ബീറ്റ്റൂട്ട് ലിപ് ബാം വീട്ടിലുണ്ടാക്കാം വെറും അഞ്ച് മിനിറ്റിൽ

സൗന്ദര്യ സംരക്ഷണത്തിൽ ചുണ്ടുകളുടെ നിറത്തിനും ആകാരത്തിനും വളരെ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. അതിനാൽ തന്നെ ചുണ്ടുകളുടെ സംരക്ഷണത്തിനായി നമ്മളിൽ പലരും ലിപ് ബാം ഉപയോഗിക്കാറുണ്ട്. ചുണ്ടുകളുടെ ഭംഗിയേക്കാളുപരി അവ ഡ്രൈ ആകുന്നത് പരിഹരിക്കാനാണ് നാം ഇവ ഉപയോഗിക്കുന്നത്. അതിനായി നിലവാരമുള്ള ഒരു ലിപ് ബാം വാങ്ങാൻ പലപ്പോഴും ഒരുപാട് പണം ചിലവാക്കേണ്ടി വരുന്നു. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന ലിപ് ബാമുകളിൽ പലതരം രാസവസ്തുക്കളടങ്ങുന്നുണ്ട്. ഇത് നമ്മുടെ ചുണ്ടുകളെ ദോഷമായി ബാധിക്കാം. അതിന് പ്രതിവിധിയായി നമുക്ക് വീട്ടിൽ തന്നെ ഓർഗാനിക് ലിപ് ബാം തയ്യാറാക്കാവുന്നതാണ്.

ഓർഗാനിക് ലിപ് ബാം തയ്യാറാക്കാൻ വീട്ടിലുള്ള വെറും 2 സാധനങ്ങൾ മാത്രം മതി. അതിനായി ഒരു ഇടത്തരം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് എടുക്കുക. ഇവ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയുടെ ജാറിലിട്ട് ഒട്ടും വെള്ളം ചേർക്കാതെ തന്നെ അടിച്ചെടുക്കാം. ഒരു അരിപ്പ ഉപയോഗിച്ച് ഇതിൻ്റെ നീര് മാത്രം ഒരു ബൗളിലേക്ക് എടുക്കുക. നീരെടുക്കുമ്പോൾ ഒരു സ്പൂൺ കൊണ്ട് അരിപ്പയിൽ നന്നായി അമർത്തിക്കുന്നത് നല്ലതാണ്. നീരെടുത്ത ശേഷം ബാക്കി വന്ന ബീട്ട്റൂട്ട് പാഴായെന്ന് കരുതേണ്ട. ഇത് തോരനുണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്. അരിച്ചെടുത്ത നീര് ചായ അരിക്കുന്ന ചെറിയ അരിപ്പ ഉപയോഗിച്ച് രണ്ട് തവണ വീണ്ടും അരിച്ചെടുക്കുക. ഒരു പാനിലേക്ക് അരിച്ച് വെച്ചിരിക്കുന്ന നീര് ഒഴിച്ച ശേഷം കൈ വിടാതെ ഇളക്കി കൊണ്ട് ലോ ഫ്ലെയിമിൽ ചൂടാക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി നീരിലെ ജലാംശം പോയി നീര് കുറുകുകയും അതിൻ്റെ അളവ് നന്നായി കുറയുകയും ചെയ്യും. ശേഷം ഈ സത്ത് ഒരു ചെറിയ ബൗളിലേക്ക് മാറ്റി അതിലേക്ക് 1/2 ടീ സ്പൂൺ ഉരുക്കിയ നെയ്യും 1 ടീ സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. തേൻ ചേർക്കാതെയും ഇത് തയ്യാറാക്കാവുന്നതാണ്. ഈ മിശ്രിതം ഒരു ചെറിയ കണ്ടെയ്നറിലാക്കി 15 മിനിറ്റ് ഫ്രിഡ്ജിൽ വെക്കാം. ഉറച്ചു കഴിഞ്ഞാൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം.

പ്രകൃതിദത്തമായതിനാൽ ഓക്സിഡൈസ് ആകാൻ സാധ്യതയുണ്ട്. അതിനാൽ ദിവസേന ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇത് ഫലപ്രദമാണ്. ഒപ്പം ചുണ്ടുകൾ മൃദുവാകുകയും നിറം വർദ്ധിക്കുകയും ചെയ്യും. സ്ഥിരമായി ലിപ് സ്റ്റിക്ക് ഉപയോഗിക്കാതെ ഈ ലിപ് ബാം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളും തടയും. കടയിൽ നിന്നും വാങ്ങുന്ന കെമിക്കലങ്ങിയ ലിപ് ബാമുകളെ അപേക്ഷിച്ച് എന്ത് കൊണ്ടും നല്ലതാണ് പ്രകൃതിദത്തമായ ഈ ലിപ് ബാം.

Leave a Reply

Your email address will not be published. Required fields are marked *