വെണ്ണ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. വെണ്ണ ലോകത്ത് എല്ലായിടങ്ങളിലും ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ്. പണ്ട് കാലത്ത് വീട്ടിൽ തന്നെ എല്ലാവരും വെണ്ണ ഉണ്ടാക്കിയിരിന്നു. എന്നാൽ ഇപ്പോൾ എല്ലാവരും കടയിൽ നിന്നുമാണ് വെണ്ണ വാങ്ങി ഉപയോഗിക്കുന്നത്. വെണ്ണ കടഞ്ഞെടുക്കാൻ നല്ല പാലിൻ്റെ ലഭ്യതക്കുറവും സമയവുമില്ലാത്തതിനാലാണ് മിക്കവരും കടയിൽ നിന്നും വാങ്ങുന്നത്. കിട്ടുന്ന പാലിൽ നിന്നും സമയമെടുത്ത് വെണ്ണ കടഞ്ഞെടുക്കാൻ പലർക്കും മടിയാണ്.
വെണ്ണ കൊഴുപ്പാണെന്നും കൊളസ്ട്രോൾ കൂട്ടുമെന്ന പ്രചാരണങ്ങളുണ്ടെങ്കിലും അവയുടെ ഔഷധമൂല്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. വെണ്ണ വളരെ പോഷകസമൃദ്ധമാണ്. ധാതുക്കൾ പ്രോട്ടീനുകൾ, ജീവകങ്ങൾ എന്നിവ വെണ്ണയിൽ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങളെ ചെറുക്കാനും ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണിത്. രോഗ പ്രതിരോധശേഷി കൂട്ടാനും വെണ്ണ സഹായിക്കും. അതിനാൽ ഇവ എന്നും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വിപണിയിൽ പലതരം വെണ്ണകൾ ലഭ്യമെങ്കിലും ചില വെണ്ണയ്ക്ക് വേറിട്ട സ്വാദാണ്. അതിൽ പ്രധാനമായ ഒന്നാണ് അമുൽ ബട്ടർ. അവയുടെ പ്രത്യേകമായ സ്വാദ് ഏവർക്കും ഇഷ്ടപ്പെടുന്നതാണ്. ചിലർ വീട്ടിൽ തന്നെ വെണ്ണ ഉണ്ടാക്കുമെങ്കിലും എത്ര ശ്രമിച്ചാലും അമുൽ ബട്ടറിൻ്റെ സ്വാദ് ലഭിച്ചെന്ന് വരില്ല. എന്നാൽ വെറും 1 ടേബിൾ സ്പൂൺ നെയ്യ് ഉപയോഗിച്ച് അതേ സ്വാദിൽ വെണ്ണ തയ്യാറാക്കാൻ വെറും നിമിഷ നേരം മതി.
തയ്യാറാക്കുന്നതിനായി മിക്സിയുടെ ചെറിയ ജാറിലേക്ക് 1/2 കപ്പ് നെയ്യ് എടുത്ത്, അതിലേക്ക് 3 നുള്ള് ഉപ്പ്, 2 നുള്ള് മഞ്ഞൾ പൊടി, 6-8 ഐസ് ക്യൂബുകൾ എന്നിവ ചേർത്ത് കൊടുക്കാം. ശേഷം 1 മിനിറ്റ് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. 1 ടേബിൾ സ്പൂൺ നെയ്യ് മാത്രമാണ് എടുക്കുന്നതെങ്കിൽ 1 ഐസ് ക്യൂബും ഓരോ നുള്ള് പൊടികളും മാത്രം ചേർക്കാൻ ശ്രദ്ധിക്കുക. ഇത് ഒരു ചെറിയ കണ്ടെയ്നറിലേക്ക് മാറ്റി സെറ്റാകാൻ 10 മിനിറ്റ് ഫ്രിഡ്ജിൽ വെക്കാം. ഉറച്ച് കഴിഞ്ഞ് ആവശ്യനുസരണം ഉപയോഗിക്കാം. ഇത് കേടാകാതെ ഒരു മാസം വരെയും സൂക്ഷിക്കാം. ബട്ടർ എടുക്കാൻ ഉപയോഗിക്കുന്ന സ്പൂണും നൈഫും ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തുക. യാതൊരു പ്രിസർവേറ്റീവും ചേർക്കാതെ വളരെ എളുപ്പത്തിൽ തയ്യാറക്കാവുന്ന ഈ അമുൽ ബട്ടർ ഒന്ന് പരീക്ഷിച്ച് നോക്കൂ.