ഒരു വീടിൻ്റെ നെടുംതൂൺ അടുക്കളയാണെന്ന് പറയപ്പെടുന്നു. പഴമക്കാർ അടുക്കളയ്ക്ക് വളരെ പ്രാധാന്യം കൊടുത്തിരുന്നു. പണിയൊഴിയാത്തതിനാൽ അടുക്കള വൃത്തിയായി സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ അടുക്കള വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വൃത്തിയായി അടുക്കള സൂക്ഷിക്കുന്നത് ആരോഗ്യമുള്ള കുടുംബത്തിന് സഹായിക്കും. അതിനാൽ അടുക്കളയും ഉപകരണങ്ങളും വൃത്തിയായി അടുക്കി സൂക്ഷിക്കേണ്ടതുണ്ട്. ക്യാബിനെറ്റുകൾ പൊടി പിടിക്കാതെയും , കൗണ്ടർ ടോപ്പും സിങ്കിൻ്റെ പരിസരവും വൃത്തിയാക്കുകയും വേണം.
കൗണ്ടർ ടോപ്പ് മനോഹരമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. മലയാളികളുടെ അടുക്കളയിൽ ഉറപ്പായും കാണുന്നവയാണ് കാപ്പിയും ചായയും. അതിന്നാൽ ചായപ്പൊടി, കാപ്പിപൊടി, പഞ്ചസാര എന്നിവ എടുക്കാനുള്ള എളുപ്പത്തിന് ഭംഗിയുള്ള മൂന്ന് കണ്ടെയ്നറിലാക്കി കൗണ്ടർ ടോപ്പിൽ വെക്കാം. അത് പോലെ, നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന സ്പൂണുകളും ഫോർക്കുകളും കൗണ്ടർ ടോപ്പിൽ തന്നെ ഇഷ്ടപ്പെട്ട നിറത്തിലെ ഭംഗിയുള്ള കണ്ടെയ്നറിൽ വെക്കാം. രാവിലെ അടുക്കളയിൽ കയറുമ്പോൾ ഇഷ്ട നിറം കാണുന്നത് തന്നെ പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും. വീട്ടിലെ കത്തികളെല്ലാം കത്തി വെക്കുന്ന ഹോൾഡറിൽ അടുക്കി കുത്തിവെക്കാം. ഹോൾഡർ ഇല്ലെങ്കിൽ പകരം ഒരു ചെറിയ ജാറെടുത്ത് അരി നിറച്ച ശേഷം കത്തികൾ അതിൽ കുത്തി വെക്കാവുന്നതാണ്. കത്തികൾ ഷെൽഫിലും ഡ്രോയറിലുമായി വെക്കുന്നതിന് പകരം കൗണ്ടർ ടോപ്പിൽ തന്നെ ഭംഗിയായി വെക്കാം.
നമ്മൾ ചായ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന കപ്പുകൾ കൗണ്ടർ ടോപ്പിൽ നിരത്തി വെക്കാതെ ഒരു ഹോൾഡറിലായി കൊളുത്തിയിടാം. പാത്രം കഴുകുന്നത് പലർക്കും മടിയുള്ള ജോലിയാണ്. എന്നാൽ പാത്രങ്ങൾ സിങ്കിൽ കൂട്ടിയിടാതെ 3-4 പത്രങ്ങളാകുമ്പോൾ തന്നെ കഴുകി വെക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി എപ്പോഴും അടുക്കള മനോഹരമായിരിക്കും. സാധാരണ നമ്മൾ പത്രം കഴുകി കഴിഞ്ഞ് പാത്രത്തിൽ നിന്നും വെള്ളം വാർന്ന് പോകാൻ ഒരു ബാസ്കറ്റോ റാക്കോ ഉപയോഗിക്കാറുണ്ട്. എന്നാൽ കഴുകിയ ഉടൻ തന്നെ മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് പാത്രങ്ങൾ തുടച്ച് അതാത് സ്ഥലങ്ങളിൽ വെക്കാം. വെള്ളം വാർന്ന് പോകുന്ന സമയം വരെ സിങ്കിനടുത്ത് പാത്രങ്ങൾ കുമിഞ്ഞ് കൂടുകയില്ല. സിങ്കും പരിസരവും കഴിവതും എപ്പോഴും വൃത്തിയായി വെക്കാൻ ശ്രദ്ധിക്കുക.
മയോണൈസ്, കെച്ചപ്പ്, എണ്ണ, സോസ് തുടങ്ങിയവയുടെ കുപ്പികൾ ഒന്നിച്ച് ഒരു ബാസ്ക്കറ്റിൽ തന്നെ അടുക്കി വെച്ച ശേഷം ഡ്രോയറിലോ ഷെൽഫിലോ സൂക്ഷിക്കാം. വീട്ടിലേക്ക് വാങ്ങുന്ന ഫ്രൂട്ട്സ് ഡൈനിംഗ് ടേബിളിലോ ഫ്രിഡ്ജിലോ വെക്കാതെ തുറന്ന ബാസ്കറ്റിലോ മറ്റോ ആക്കി അടുക്കളയുടെ ഒരു കോണിലായി വെക്കാം. ഇങ്ങനെ എല്ലാ സാധനങ്ങളും അതാത് സ്ഥാനങ്ങളിൽ അടുക്കി വെക്കാം. പാകം ചെയ്യുന്ന കറികളെല്ലാം ഒരു സ്ഥലത്ത് ഒതുക്കി വെക്കുന്നത് കൗണ്ടർ ടോപ്പ് വിശാലമായി തോന്നിക്കും. കൗണ്ടർ ടോപ്പിൽ എപ്പോഴും ആവശ്യമുള്ള സാധനങ്ങൾ മാത്രം വെക്കാൻ ശ്രദ്ധിക്കുക. കൗണ്ടർ ടോപ്പ് ഒതുക്കിയ ശേഷം അത് ലോഷനുപയോഗിച്ച് നന്നായി തുടച്ച് വൃത്തിയാക്കേണ്ടതും ആവശ്യമാണ്. ഇങ്ങനെ ചെയ്യുന്നത് അടുക്കളയിൽ ഈച്ചകളും പ്രാണികളും വരാതെ സഹായിക്കും. അടുക്കള കൂടുതൽ മനോഹരമാക്കാൻ ചെറിയ അലങ്കാരങ്ങളാകാം.