ഇന്നത്തെ കാലത്ത് വാഷിംഗ് മെഷീനുകൾ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. അലക്കു കല്ലുകളിൽ പല വീട്ടിലും ഇല്ലെന്ന് തന്നെ പറയാം. തിരക്കുള്ള ജീവിതത്തിൽ വാഷിംഗ് മെഷീൻ ഒരു അനുഗ്രഹം തന്നെയാണ്. തുണി അലക്കൽ വളരെ എളുപ്പമാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണെങ്കിലും വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇരട്ടി പണിയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തുണികൾ വൃത്തിയാക്കാനും മെഷീൻ കേടാകാതിരിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സഹായിക്കും.
കഴുകാനുള്ള എല്ലാ വസ്തുക്കളും വാഷിംഗ് മെഷീനിൽ എളുപ്പത്തിൽ നമ്മൾ കഴുകി എടുക്കാറുണ്ട്. എന്നാൽ മെഷീനിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. മെഷീന് യോജിച്ച സോപ്പുപൊടികള്‍ മാത്രം വാങ്ങി ഉപയോഗിക്കാനും, അളവില്‍ കൂടുതല്‍ തുണികള്‍ മെഷീനില്‍ ഇടാതിരിക്കാനും ശ്രദ്ധിക്കുക. തലയിണകൾ, പ്രത്യേകിച്ച് ഫോം പില്ലോകൾ ഒരു കാരണവശാലും മെഷീനിൽ ഇടാവുന്നതല്ല. ഇവ മെഷീനിൽ കഴുകുന്നത് പില്ലോ കുതിർന്ന് നശിയുവാനിടയാകും. പലപ്പോഴും മെഷീനിൽ നാണയങ്ങൾ പോകാറുണ്ട്. ജീൻസിൻ്റെയോ ഷർട്ടിൻ്റെയോ പോക്കറ്റിൽ നിന്നും അറിയാതെ നാണയങ്ങൾ മെഷീനിൽ അകപ്പെടുന്നത് മെഷീൻ കേടാക്കും. തുണിയോടൊപ്പം നാണയം കറങ്ങി വശങ്ങളിൽ പോറലുകൾ വരാനിടയാകും. അതിനാൽ മെഷീനിൽ തുണികൾ ഇടുമ്പോൾ പോക്കറ്റ് കാലിയാണെന്ന് ഉറപ്പ് വരുത്തുക.
സീക്വൻസുകൾ വെച്ചിട്ടുള്ള തുണികളും വസ്ത്രങ്ങളും ഒരു കാരണവശാലും മെഷീനിൽ ഇടരുത്. വസ്ത്രം ചീത്തയാകുകയും ഒപ്പം ഇവയിൽ നിന്നും അടരുന്ന സീക്വൻസ് ഫിൽറ്റർ അടയാൻ കാരണമാകും. കറകളടങ്ങിയ വസ്ത്രങ്ങൾ വൃത്തിയാക്കാൻ സാധാരണ നമ്മൾ മെഷീനിൽ ഇടാറുണ്ട്. എന്നാൽ ചില കറകളുള്ളവ മെഷീനിൽ ഇടാവുന്നതല്ല. പാചക എണ്ണ, പെട്രോൾ, മണ്ണെണ്ണ, തുടങ്ങിയവ പുരണ്ട വസ്ത്രങ്ങൾ മെഷീനിൽ ഇടുന്നത് തീ പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ കറ പുരണ്ട വസ്ത്രങ്ങൾ ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് ഉരച്ച് കറ കളഞ്ഞ ശേഷം മാത്രം മെഷീനിലിടാം.
ഹാൻ്റ് ബാഗ്, പർസ് തുടങ്ങിയവയും ഒരിക്കലും ഇടരുത്. ഇവ മെഷീനിൽ ഇട്ടാൽ പെട്ടെന്ന് നശിയാൻ സാധ്യതയുണ്ട്. റെയ്ൻ കോട്ട് വൃത്തിയാക്കാനും മെഷീൻ ഉപയോഗിക്കുന്നത് നല്ല ബുദ്ധിയല്ല. വാട്ടർ പ്രൂഫായതിനാൽ ഇവയിൽ വെള്ളം കേറി വീർത്ത് ഇത് നശിഞ്ഞ് പോകും. സിബ്ബുകളുള്ള വസ്ത്രങ്ങൾ മെഷീനിലിടുമ്പോൾ അവ തുറന്ന് ഇടരുത്. സിബ്ബ് അടച്ചെന്ന് ഉറപ്പ് വരുത്തുക. തുറന്ന് കിടക്കുന്ന സിബ്ബ് മറ്റ് തുണികളിൽ കുരുങ്ങാൻ സാധ്യതയുണ്ട്. അത് പോലെ ലേസ്, സാറ്റിൻ തുടങ്ങിയവ തുന്നിയ വസ്ത്രങ്ങൾ മെഷീനിൽ ഇടുന്നത് അവയുടെ നൂലുകൾ പൊങ്ങാൻ ഭംഗി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വസ്ത്രങ്ങളുടെ പോക്കറ്റിൽ പേനയില്ലന്ന് ഉറപ്പ് വരുത്തുക. പേന മെഷീനിലിട്ടാൽ അവയുടെ മഷി ലീക്ക് ആകാനും തുണികളിൽ പടരാനുമിടയാകും.
എപ്പോഴും ആവശ്യത്തിനുള്ള സോപ്പ് പൊടി മാത്രം ഇട്ട് കൊടുക്കാം. അധികമായാൽ തുണിയിൽ സോപ്പ് പൊടിയുടെ തരികൾ പിടിച്ചിരിക്കുകയും വീണ്ടും കഴുകേണ്ടിയും വരാം. അത് പോലെ കൂടുതൽ തുണി മെഷീനിൽ കഴുകാനിടുന്നത് മെഷീനിൻ്റെ മോട്ടർ കേടാക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ ടെഡി ബേർ പോലെയുള്ള സ്റ്റഫ് ചെയ്ത പാവകളൊന്നും തന്നെ മെഷീനിൽ ഇടാവുന്നതല്ല. പാവകൾ മെഷീനിലിട്ടാൽ അവയുടെ നൂല് പോകാനും കണ്ണുകളായി ഘടിപ്പിച്ച ബട്ടനുകൾ മെഷീന് കേട് പാടും വരുത്തും. അടിവസ്ത്രങ്ങൾ കൈ കൊണ്ട് തന്നെ കഴിവതും കഴുകാൻ ശ്രമിക്കുക. മെഷീനിലിടുകയാണെങ്കിൽ അവ പ്രത്യേകം കഴുകേണ്ടതുണ്ട്. കഴുകുമ്പോൾ ഇവയുടെ ഹുക്കുകളിട്ട ശേഷം മാത്രം മെഷീനിലിടാൻ ശ്രദ്ധിക്കുക. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഷിംഗ് മെഷീൻ ഒരു പ്രശ്നവുമില്ലാതെ ദീർഘനാൾ ഉപയോഗിക്കാം.