നമ്മൾ എല്ലാവരും തന്നെ പൂക്കൾ ഇഷ്ടപ്പെടുന്നവരാണ്. വീട്ടിലെ പൂന്തോട്ടം നിറയെ പൂക്കൾ നിറഞ്ഞ് നില്ക്കുന്നത് തന്നെ സന്തോഷം തരുന്ന ഒരു കാഴ്ചയാണ്. അഴകും, സുഗന്ധവും ഒത്തുചേർന്ന പൂക്കൾ പല നിറത്തിലും വലുപ്പത്തിലും നിറഞ്ഞ് നില്ക്കാൻ നന്നായി പരിപാലിച്ചാൽ മതി. എന്നാൽ അതിനായി വില കൂടിയ വളങ്ങളും മറ്റും വാങ്ങി പണം കളയേണ്ട ആവശ്യവുമില്ല. വീട്ടിൽ പലപ്പോഴും ഉപേക്ഷിക്കുന്ന സാധനങ്ങൾ മതി ഇവയ്ക്ക് വളമാക്കാൻ. എന്നാൽ പലരും ഇതറിയുന്നില്ലെന്ന് മാത്രം.
നമ്മൾ എല്ലാവരും തന്നെ വീട്ടിലേക്ക് ചെറുനാരങ്ങ വാങ്ങാറുണ്ട്. ഉപയോഗശേഷം ഇവയുടെ തൊലി കളയാറാണ് പതിവ്. എന്നാൽ അത് നമ്മുടെ പൂച്ചെടികൾക്ക് വളരെ ഫലപ്രദമായ വളമാണെന്ന് അറിയാതെയാണ് ഇവ കളയുന്നത്. ഒരു തവണ നിങ്ങൾ ഇവയുടെ തൊലി പൂച്ചെടികൾക്ക് വളമാക്കി നോക്കൂ. പിന്നീട് ഒരിക്കലും നാരങ്ങയുടെ തൊലി നിങ്ങൾ കളയില്ല. വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കാവുന്നതാണ് ഈ വളം. വളം തയ്യാറാക്കുന്നതിനായി ഉപയോഗശേഷം തൊലി കളയാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. 4-5 ചെറുനാരങ്ങയുടെ തൊലിയാകുമ്പോൾ ഇത് വളമാക്കാം. തൊലികൾ അര ലിറ്ററിൻ്റെ ഒരു കുപ്പിയിലേക്ക് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഇടുക. ശേഷം ഈ കുപ്പിയിൽ നിറയെ വെള്ളമെടുത്ത് 2 ദിവസം അടച്ച് വെക്കാം. ഇടയ്ക്ക് കുപ്പി തുറന്ന് നന്നായി ഇത് കുലുക്കി കൊടുക്കുക. 2 ദിവസത്തിന് ശേഷം നാരങ്ങ തൊലികളിലെ ഗുണങ്ങൾ വെള്ളത്തിൽ ഇറങ്ങിയിരിക്കും. വൈറ്റമിൻ സി, ഇ ഫോസ്ഫറസ് തുടങ്ങി ധാരാളം ധാതുക്കൾ അടങ്ങിയതാണിത്. എകദേശം 6 ലിറ്റർ വെള്ളത്തിലേക്ക് ഈ മിശ്രിതമൊഴിച്ച് തൊലികൾ നന്നായി പിഴിഞ്ഞ് നന്നായി മിക്സ് ചെയ്യാം. 6 ലിറ്ററിൽ കുറച്ച് വെള്ളമെടുക്കുന്നത് വളം അസിഡിക് ആകാനിടയുണ്ട്. പിഴിഞ്ഞ തൊലികൾ വീണ്ടും വളമാക്കാൻ കുപ്പിയിൽ അര ലിറ്റർ വെള്ളമൊഴിച്ച് രണ്ട് ദിവസം വെച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്. പൂച്ചെടികൾക്ക് ഇത് ഒഴിച്ച് കൊടുക്കുന്നത് ചെടികൾ പൂവിടാൻ സഹായിക്കും. ചെറിയ ചെടികൾക്ക് കുറച്ച് കൂടി വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാൻ ശ്രദ്ധിക്കുക. 15 ദിവസം കൂടുമ്പോൾ ചെടികൾക്ക് ഇത് ഒഴിച്ച് കൊടുക്കാം. പൂച്ചെടികളെല്ലാം തഴച്ച് വളരുകയും നിറയെ പൂവിടുകയും ചെയ്യും.