പല്ലികൾ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും അറപ്പാണ്. അവ ചുവരുകളിൽ നിന്നും താഴേക്ക് വീഴുന്നത് പല വീട്ടിലും പതിവാണ്. എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും ദിവസേന ഇവ കൂടി കൊണ്ടേയിരിക്കും. ഇവയെ തുരത്താൻ വിപണിയിൽ പലതരം ഉൽപന്നങ്ങളും ലഭ്യമാണ്. എന്നാൽ സകല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണാത്തവരും അനവധി. വീട്ടിലെ ചെറിയ പ്രാണികളെ പല്ലികൾ ഭക്ഷിക്കുന്നതിനാൽ പ്രാണികൾ കുറയുമെന്ന ആശ്വാസം ഉണ്ടെങ്കിലും പല്ലികൾ വലിയൊരു തലവേദന തന്നെയാണ്. വൃത്തിയില്ലാത്ത അടുക്കളയും, തുറന്ന് വെച്ചിരിക്കുന്ന ഭക്ഷണം തേടി പ്രാണികളും, ഇവയ്ക്ക് പിന്നാലെ പല്ലികളും എത്തും. പല്ലികൾ സാധാരണ കാണുന്നത് വാതിലിന് പിൻവശം, ട്യൂബ് ലൈറ്റിനടുത്ത്, വാർഡ്രോബിന് പിൻവശം എന്നിങ്ങനെ ഇടുങ്ങിയ സ്ഥലങ്ങളിലാണ്. അതിനാൽ തന്നെ അവയെ തുരത്താൻ വളരെ പ്രയാസമാണ്. എന്നാൽ പല്ലികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഓർക്കുമ്പോൾ ഇവയുടെ ശല്ല്യം കണ്ടില്ലെന്ന് നടിക്കാനാവില്ല.
പല്ലികളുടെ ശല്ല്യം പൂർണ്ണമായും ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ ഉണ്ട്. പല്ലികൾ വരുന്നയിടങ്ങളിൽ ഈ മിശ്രിതം സ്പ്രേ ചെയ്ത് കൊടുത്താൽ പല്ലികളുടെ പൊടി പോലും കാണില്ല. പല്ലികളെ തുരത്താൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ച് ഫലം കാണാത്തവർ ഇത് പരീക്ഷിച്ച് നോക്കൂ. ചിലവ് കുറഞ്ഞ വീട്ടിലുള്ള 3 ചേരുവകൾ മാത്രം ഉപയോഗിച്ച് ചെയ്യുന്ന ഈ മിശ്രിതം വളരെ ഫലപ്രദമാണ്. അതിനായി സവാള, വെളുത്തുള്ളി, കുരുമുളക് എന്നിവ മാത്രമാണ് ആവശ്യം. ഇവ മൂന്നും തന്നെ പല്ലികളെ തുരത്താൻ ഉപയോഗിക്കുന്നവയാണ്. അതിനാൽ തന്നെ ഈ മിശ്രിതം പല്ലികൾക്ക് താങ്ങാനാവില്ല.
ഒരു കുടം വെളുത്തുള്ളി തൊലി കളയാതെ തന്നെ മിക്സിയിൽ ചതച്ച് എടുക്കുക. ഇത് കൂടുതൽ അരഞ്ഞ് പോകാതെ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഒരു സവാളയുടെ പകുതി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. ഇനി മിശ്രിതം തയ്യാറാക്കുന്നതിന് ഒരു പാത്രം അടുപ്പത്ത് വെച്ച് നന്നായി ചൂടാകുമ്പോൾ 1 1/2 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം തിളച്ച ശേഷം അതിലേക്ക് ചതച്ച വെളുത്തുള്ളി, സവാള അരിഞ്ഞത്, 1 1/2 ടീ സ്പൂൺ കുരുമുളക് ചതച്ചത് എന്നിവ ചേർത്ത് കൊടുക്കാം. ലോ ഫ്ലെയിമിൽ നന്നായി വെട്ടിത്തിളപ്പിച്ച ശേഷം ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് ചൂടാറാൻ വെക്കാം. ചൂടാറിയ ശേഷം ഇത് സ്പ്രേ ബോട്ടിലിലേക്ക് പകർത്തി ഫ്രിഡ്ജിൽ വെക്കുക. പല്ലികൾക്ക് തണുത്ത വെള്ളം താങ്ങാനാവാത്തതിനാലാണ് ഇത് ഫ്രിഡ്ജിൽ വെക്കുന്നത്. തണുത്ത ശേഷം ഇത് എയർ ഹോളിനടുത്ത്, ട്യൂബ് ലൈറ്റിന് പിൻവശം തുടങ്ങി പല്ലികൾ കാണാനിടയുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കാം. ഇവയുടെ മണം അസ്വസ്ഥതയുണ്ടാകുന്നതിനാൽ പല്ലികൾ ഏഴ് അയലത്ത് പോലും വരില്ല. ഓരോ തവണ ഉപയോഗിക്കുന്നതിന് മുൻപ് അര മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം സ്പ്രേ ചെയ്യുന്നത് കൂടുതൽ ഫലപ്രദമാണ്.