ഇക്കാലത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്നവർ വരെ കൃഷി ചെയ്യുന്നവരാണ്. ഈ അടുത്ത കാലത്തായി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. സ്വന്തം വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറി വീട്ടിൽ തന്നെ കൃഷി ചെയ്യുന്നവരുമുണ്ട്. അങ്ങനെ ചെയ്യാൻ ആഗ്രഹമുള്ളവർക്ക് വളരെ എളുപ്പത്തിൽ നടാവുന്ന ഒന്നാണ് വെളുത്തുള്ളി. വളരെ അധികം ഗുണങ്ങളടങ്ങിയതാണ് വെളുത്തുള്ളി. ഹൃദ്രോഗം ചെറുക്കുന്നതിനും പ്രതിരോധ ശേഷി കൂട്ടുന്നതിനും വളരെ ഫലപ്രദമാണിത്. കൊളസ്ട്രോൾ കുറയ്ക്കാനും, ദഹനത്തിനും മറ്റ് പല രോഗങ്ങളെ തടയുന്നതിനും ശമിപ്പിക്കുന്നതിനും വെളുത്തുള്ളി ഒരു ഓഷധമാണ്. വിപണിയിൽ ലഭിക്കുന്ന വെളുത്തുള്ളികളിൽ അധികവും കീടനാശിനികൾ തളിച്ചതാണ്. അവ പെട്ടെന്ന് ചീയാനുമിടയാകും.അതിനാൽ ഇത് വീട്ടിൽ വളർത്തുന്നത് വളരെ ഗുണകരമാണ്.
വെളുത്തുള്ളി കൃഷി ആർക്കും ചെയ്യാവുന്ന ഒന്നാണ്. അടുക്കള തോട്ടത്തിലോ, ടെറസിലോ ബാൽക്കണിയിലോ വരെ ചെയ്യാനാകും. പഴയ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പിയിൽ കൃഷി ചെയ്യാവുന്നതാണ്. മണ്ണ് ഇല്ലാതെ വെള്ളത്തിൽ തന്നെ ഇത് മുളപ്പിച്ചെടുക്കാം. മുളപ്പിക്കുന്നതിനായി ചീയൽ രോഗം ബാധിക്കാത്ത വലുപ്പമുള്ള നല്ല വെളുത്തുള്ളി മാത്രം തിരഞ്ഞെടുക്കുക. ചെറിയ വായ് വട്ടമുള്ള ഒരു പഴയ പ്ലാസ്റ്റിക്ക് കുപ്പിയെടുത്ത് വായ് വട്ടത്തിന് താഴെയായ് കത്തി ഉപയോഗിച്ച് മുറിച്ച് കൊടുക്കുക. ശേഷം തേപ്പ് പെട്ടി ചൂടാക്കി കുപ്പിയുടെ മുറിച്ച അരികുകൾ ലെവൽ ചെയ്ത് കൊടുക്കാം.
കുപ്പി നിറയെ വെള്ളം എടുത്ത് അതിലേക്ക് വെളുത്തുള്ളിയുടെ വേരുള്ള ഭാഗം വെള്ളത്തിലാകുന്ന വിധം കുപ്പിയുടെ മുകളിൽ വെച്ച് കൊടുക്കാം. ഇത് അധികം വെയിലേൽക്കാത്ത സ്ഥലത്ത് വെച്ച് കൊടുത്ത് 2 ദിവസം കൂടുമ്പോൾ ഈ വെള്ളം മാറ്റി കൊടുക്കുക. രണ്ട് ദിവസത്തിനകം തന്നെ ഇതിന് മുള വരുന്നത് കാണാം. എന്നാൽ എടുക്കുന്ന വെള്ളത്തിന് ഉപ്പിൻ്റെ അംശമില്ലെന്നും ഹാർഡ് വാട്ടർ അല്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇങ്ങനെ എളുപ്പത്തിൽ വെളുത്തുള്ളി കൃഷി എല്ലാവർക്കും ചെയ്യാവുന്നതാണ്.