നമ്മൾ എല്ലാവരും തന്നെ എയർ ഫ്രഷ്നറുകളും പെർഫ്യൂമുകളും ഉപയോഗിക്കുന്നവരാണ്. ഉപയോഗം കഴിഞ്ഞാല് ഒന്നും നോക്കാതെ നാം ഇവയുടെ കുപ്പികൾ കളയാറുണ്ട്. എത്ര ഭംഗിയുള്ള കുപ്പികളാണെങ്കിലും തുറക്കാൻ പ്രയാസമായതിനാൽ കളയും. എന്നാൽ ഇങ്ങനെ കളയുന്ന കുപ്പികളും കളയാതെ ഉപയോഗപ്രദമാക്കിയാലോ? വീട്ടിലെ പല ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാം. കുപ്പികൾ നിറം മാറ്റി പല ഡിസൈനുകൾ നല്കി റീയൂസ് ചെയ്തെടുക്കാം.
ആഭരണങ്ങളിടാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും അത്യാവശ്യമായ ഒന്നാണ് ഓർണമെൻ്റ് ഹോൾഡർ. പല രൂപത്തിലും ഭാവത്തിലും വിപണിയിൽ ലഭ്യമായ ഹോൾഡറുകളുടെ വില അത്ര ചെറുതല്ല. വളകളും മാലകളും കമ്മലുകളുമൊക്കെ അലക്ഷ്യമായിടാതെ അധികം ചിലവില്ലാതെ വീട്ടിൽ തന്നെ ഇത്തരം ഹോൾഡറുകൾ നിർമ്മിക്കാം. അതും വെറുതെ കളയുന്ന സ്പ്രേ കുപ്പികൾ ഉപയോഗിച്ച് നിമിഷ നേരത്തിൽ.
പഴയ ഒരു സ്പ്രേ കുപ്പി അടച്ച് വെച്ച ശേഷം ചാക്ക് നൂലോ, കയറോ, ടേപ്പോ ഉപയോഗിച്ച് കുപ്പി മുഴുവൻ ചുറ്റുക. ചുറ്റുമ്പോൾ ആദ്യത്തെ രണ്ട് നിര ഗ്ലൂ ഗണ്ണുപയോഗിച്ച് ഒട്ടിച്ച് കൊടുക്കാം. ശേഷം കുപ്പി മുഴുവൻ എളുപ്പത്തിൽ ചുറ്റിയെടുക്കാൻ കഴിയും. താഴത്തെ ഭാഗവും നന്നായി ഒട്ടിയിരിക്കുന്നതിന് ഗ്ലൂ ഗണ്ണുപയോഗിച്ച് ഒട്ടിക്കാം. അതിന് ശേഷം ഒരു പഴയ സി ഡി എടുത്ത് കുപ്പിയുടെ ചുവട് സി ഡിയിലേക്ക് ഉറപ്പിക്കുക. ചാക്ക് നാല് കൊണ്ട് സിഡിയിലും ചുറ്റിച്ച് ഒട്ടിച്ച് കൊടുക്കാം. ഇത് കൂടുതൽ ഭംഗിയാക്കാൻ പുറമെ ലേസ് വെച്ച് കൊടുക്കാവുന്നതാണ്. എടുത്തിരിക്കുന്ന കുപ്പിയുടെ അതേ അളവിൽ മറ്റൊരു കുപ്പിയുടെ അടപ്പ് എടുത്ത് ചാക്ക് നൂല് ചുറ്റി ഇതിന് മുകളിലായി വെക്കാം. അടപ്പിൻ്റെ ഉള്ളിലായി മാലയും കമ്മലുകളും ഇട്ട് വെക്കാം. അതോടൊപ്പം കുപ്പിയിൽ വളകളും ഇട്ട് വെക്കാം. നിങ്ങളുടെ വളയുടെ അളവ് നോക്കി അത് പാകമാകുന്ന തരത്തിലെ ബോട്ടിലുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വളയുടെ അളവ് ചെറുതാണെങ്കിൽ ചെറിയ ബോട്ടിലുകൾ എടുക്കുക. ഇത്തരത്തിൽ പെട്ടെന്ന് തന്നെ ഒരു ഓർണമെൻ്റ് ഹോൾഡർ നിർമ്മിക്കാവുന്നതാണ്. ഇത് പോലെ വീട്ടിലേക്ക് ആവശ്യമായ പലതരം ഹോൾഡറുകൾ ഉപേക്ഷിക്കുന്ന കുപ്പികളുപയോഗിച്ച് തയ്യാറാക്കാം.