നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് അരിപ്പ. ഇവയുടെ കാലാവധി വളരെ കുറവായതിനാലും അധികം വിലയേറിയതല്ലാത്തതിനാലും നശിയുമ്പോൾ തന്നെ പുതിയത് വാങ്ങി ഉപയോഗിക്കാൻ തുടങ്ങും. പഴയ അരിപ്പ കളയുകയും ചെയ്യും. എന്നാൽ ഈ അരിപ്പ വളരെ ഉപകാരപ്രദമായി റീയൂസ് ചെയ്തെടുക്കാവുന്ന ഒന്നാണ്. നിമിഷ നേരം കൊണ്ട് തന്നെ ആർക്കായാലും ഇത് ചെയ്യാവുന്നതാണ്. പഴയ അരിപ്പ എല്ലാ വീട്ടിലും വളരെ ഉപകാരപ്പെടുന്ന ഒരു ടവ്വൽ ഹോൾഡർ ആക്കി മാറ്റാം.
വിപണിയിൽ നിന്നും ഒരു ടവ്വൽ ഹോൾഡർ വാങ്ങുന്നതിന് നല്ല തുകയാകും. ടവ്വൽ ഹോൾഡർ തയ്യാറാക്കുന്നതിനായി വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് ആവശ്യമായുള്ളത്.
പഴയ അരിപ്പയെടുത്ത് അതിൻ്റെ നടുവിലത്തെ നെറ്റ് മുറിച്ച് മാറ്റാം. അതിന് ശേഷം അരിപ്പയുടെ ഹാൻറിലും ഫ്രേമും മുഴുവൻ കയറുപയോഗിച്ച് ചുറ്റി കൊടുക്കാം. കയറിന് പകരം കളർ ചരടോ, ലേസോ ഉപയോഗിക്കാവുന്നതാണ്. കയറ് ചുറ്റുമ്പോൾ ആദ്യഭാഗം ഗ്ലൂ ഗൺ ഉപയോഗിച്ച് ഒട്ടിച്ച ശേഷം ബാക്കി ചുറ്റാം. അരിപ്പയുടെ ആകൃതിയുസരിച്ച് വേണം ഇത് ചുറ്റി കൊടുക്കാൻ. പഴയ ഭാഗം കാണാത്ത രീതിയിൽ ഹാൻ്റിൽ മനോഹരമായി മറയ്ക്കാം. നടുവിലായി ചുറ്റാൻ കഴിയാത്ത ഭാഗം ഏതെങ്കിലും തരത്തിലെ അലങ്കാരങ്ങൾ വെച്ച് മറയ്ക്കാം. ഇത് കൂടുതൽ മനോഹരമാക്കാൻ നിങ്ങളുടെ ഇഷ്ടം പോലെ പെയിൻ്റ് ചെയ്ത് കൊടുക്കാം. അതിന് ശേഷം ഈ ഹോൾഡർ കിച്ചനിലോ ഡൈനിംഗ് റൂമിലോ, വാഷ് ബേസിനടുത്തോ കൊളുത്തിയ ശേഷം ടവ്വൽ ഹോൾഡറായി ഉപയോഗിക്കാം. ഇനി പഴയ അരിപ്പ കളയുന്നതിന് പകരം ഇങ്ങനെ ഉപയോഗപ്രദമാക്കാം.