നമ്മൾ എല്ലാവരും ബാത് സോപ്പ് ഉപയോഗിക്കുന്നവരാണ്. എന്നാൽ കുളിക്കുന്നതിന് മാത്രമല്ല, ഈ സോപ്പ് കൊണ്ട് നിങ്ങൾ അറിയാതെ പോയ, എന്നാൽ അറിഞ്ഞിരിക്കേണ്ട മറ്റ് ഉപയോഗങ്ങളുണ്ട്. വീടിൻ്റെ ചുവരിലെ ആണി തറച്ച തുള മറയ്ക്കാൻ ഉണങ്ങിയ സോപ്പ് വെച്ച് ഉരച്ച് കൊടുക്കുന്നത് ഫലപ്രദമാണ്. ചുവരിൻ്റെയും സോപ്പിൻ്റെയും നിറം ഒന്നാണെന്ന് ഉറപ്പ് വരുത്തുക. നമ്മുടെ ചെടിയുടെ ഇലകളിൽ പ്രാണികളും മറ്റും തുളകളിടും. ഇത് ചെടികളുടെ വളർച്ചയെ ബാധിക്കാം. ഇത് ഒഴിവാക്കാൻ സോപ്പ് ഉപയോഗിച്ച് ഒരു സ്പ്രേ തയ്യാറാക്കാം. ഒരു ബൗളിൽ 3/4 അളവിൽ വെള്ളമെടുത്ത് സോപ്പ് ഇട്ട് തിരുമി എടുക്കാം. സോപ്പ് വെള്ളം ഇവയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. ഇത് ഇലകൾക്ക് മുകളിൽ തളിക്കാതെ താഴെ തളിച്ച് കൊടുക്കാൻ ശ്രദ്ധിക്കുക.
അത് പോലെ ഗ്യാസ് സിലിണ്ടറും സ്റ്റൗവ്വും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബിന് ലീക്ക് ഉണ്ടോയെന്ന് പരിശോധിക്കാൻ സോപ്പ് ഉപയോഗിക്കാം. ഉണങ്ങിയ സോപ്പ് എടുത്ത് ആ ട്യൂബിന് ചുറ്റും തൂത്ത് കൊടുക്കാം. എതെങ്കിലും ഭാഗത്ത് ലീക്ക് ഉണ്ടെങ്കിൽ പതഞ്ഞ് വരുന്നത് കാണാം. ഗ്യാസ് ഓഫ് ചെയ്യാൻ പ്രത്യകം ശ്രദ്ധിക്കുക. ഇത് വളരെ ഉപകാരപ്രദമായ ടിപ്പാണ്.
എന്തെങ്കിലും ചെയ്യുമ്പോൾ കൊതുക് ശല്യം അനുഭവപെട്ടാൽ കയ്യിലേ, കാലിലോ ഉണങ്ങിയ സോപ്പ് തൂത്ത് കൊടുക്കാം . സോപ്പ് വെള്ളവും തളിച്ച് കൊടുക്കാവുന്നതാണ്.
ചില സമയങ്ങളിൽ ബാഗുകളുടെയും വാളറ്റുകളുടെയും സിബ്ബ് ഊരാൻ പ്രയാസമാണ്. സോപ്പ് സിബ്ബിന് ചുറ്റും ഉരച്ച് കൊടുക്കുന്നത് എളുപ്പത്തിൽ ഊരാൻ സഹായിക്കും. മഴക്കാലത്ത് ഷൂസിൽ നിന്നും വരുന്ന ദുർഗന്ധം മാറ്റാൻ ഒരു രാത്രി സോപ്പ് കഷ്ണങ്ങളാക്കി ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് ഒരു രാത്രി ഷൂസിനുള്ളിൽ വെക്കാം. രാവിലെ ദുർഗന്ധം മാറ്റി സുഗന്ധമാകും. അത് പോലെ തണുപ്പ് കാലത്ത് ഡോറുകൾ തുറക്കുമ്പോൾ പ്രയാസവും ശബ്ദങ്ങളും ഉണ്ടാകും. അത് മാറാൻ വിജാഗിരിയിൽ സോപ്പ് തേച്ച് കൊടുക്കാം.പൂന്തോട്ടത്തിൽ പണിയെടുക്കുമ്പോൾ അഴുക്ക് നഖത്തിനിടയിൽ കയറാതിരിക്കാൻ സോപ്പ് ഉരച്ച ശേഷം പണികൾ ചെയ്യുന്നത് നഖം വൃത്തിയായിരിക്കാൻ സഹായിക്കും. സോപ്പ് ചെറിയ കഷ്ണങ്ങളാക്കി ടിഷ്യ പേപ്പറിൽ പൊതിഞ്ഞോ, തുണിയിൽ കിഴി കെട്ടിയോ വാർഡ്രോബിൽ വെക്കാം. ഇത് അവയ്ക്കുള്ളിൽ സുഗന്ധം നിറയ്ക്കും. തുണി തയ്ക്കുമ്പോൾ ചോക്ക് തീർന്നാൽ പകരം സോപ്പ് കഷ്ണം ഉപയോഗിക്കാം. തുണികളിൽ എണ്ണക്കറയോ ഗ്രീസ് കറയോ വന്നാൽ ആ ഭാഗം വെള്ളത്തിൽ നനച്ച് പത വരുന്നത് വരെ വട്ടത്തിൽ സോപ്പ് തിരുമി കൊടുക്കാം. പത വരുമ്പോൾ കഴുകിയെടുക്കാം.
നമ്മൾ ചില മോതിരങ്ങളിട്ട് അത് ഊരി വെക്കാതെയിരിന്ന് പിന്നീട് അഴിക്കേണ്ടി വന്നാൽ മോതിരം ഊരുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, വിരലിന് ചുറ്റും സോപ്പിട്ട ശേഷം ശ്രമിച്ചാൽ പെട്ടെന്ന് ഊരാനാകും. ഇത് പോലെ, വളകൾ ഊരാനും സോപ്പ് ഉപയോഗിക്കാം. പ്രാണികൾ ശരീരത്തിൽ കുത്തിയാൽ അവിടം തടിച്ച് ചുവക്കാൻ തുടങ്ങും. ഇത് ഒഴിവാക്കാൻ പ്രാണി കുത്തിയാലുടൻ 3 തവണ സോപ്പ് തിരുമി കൊടുക്കുക. ഇനി മുതൽ വീട്ടിലുള്ള സോപ്പ് ഇതു പോലെ പല രീതികളിൽ നമുക്ക് ഉപയോഗിക്കാം.