ഒരു വീടിൻ്റെ നെടുംതൂൺ അടുക്കളയാണെന്ന് പറയപ്പെടുന്നു. പഴമക്കാർ അടുക്കളയ്ക്ക് വളരെ പ്രാധാന്യം കൊടുത്തിരുന്നു. പണിയൊഴിയാത്തതിനാൽ അടുക്കള വൃത്തിയായി സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ അടുക്കള വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വൃത്തിയായി അടുക്കള സൂക്ഷിക്കുന്നത് ആരോഗ്യമുള്ള കുടുംബത്തിന് സഹായിക്കും. അതിനാൽ അടുക്കളയും ഉപകരണങ്ങളും വൃത്തിയായി അടുക്കി സൂക്ഷിക്കേണ്ടതുണ്ട്. ക്യാബിനെറ്റുകൾ പൊടി പിടിക്കാതെയും , കൗണ്ടർ ടോപ്പും സിങ്കിൻ്റെ പരിസരവും വൃത്തിയാക്കുകയും വേണം.
കൗണ്ടർ ടോപ്പ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൗണ്ടർ ടോപ്പ് ഒതുക്കിയ ശേഷം അത് നന്നായി തുടച്ച് വൃത്തിയാക്കേണ്ടതും ആവശ്യമാണ്. ഇങ്ങനെ ചെയ്യുന്നത് അടുക്കളയിൽ ഈച്ചകളും പ്രാണികളും വരാതെ സഹായിക്കും. കൗണ്ടർ ടോപ്പുകൾ വൃത്തിയാക്കാൻ പലതരം സ്പ്രേകളും ലോഷനുകളും ഇന്ന് വിപണിയിലുണ്ട്. ഇവയിൽ എല്ലാം തന്നെ കെമിക്കലുകൾ അടങ്ങിയതിനാൽ ശരീരത്തിന് ദോഷകരമാകാം. എന്നാൽ വീട്ടിൽ തന്നെ പ്രകൃതിദത്തമായ ക്ലീനിംഗ് സ്പ്രേ തയ്യാറാക്കാർ നിമിഷ നേരം മതി. ഓരോ തരം കൗണ്ടർ ടോപ്പിനും പ്രത്യേകമായ ക്ലീനറുകൾ ആവശ്യമാണ്. വുഡൻ കൗണ്ടർ ടോപ്പിനുള്ള ക്ലീനർ മാർബിൾ കൗണ്ടർ ടോപ്പിന് ഉപയോഗിക്കാനാവില്ല. നമ്മുടെ വീട്ടിലെ കൗണ്ടർ ടോപ്പിന് പ്രത്യേകമായി നമുക്കിത് തയ്യാറാക്കാം
വുഡൻ കൗണ്ടർ ടോപ്പിൻ്റെ ക്ലീനർ തയ്യാറാക്കുന്നതിന് ഒരു പാത്രത്തിൽ 1 കപ്പ് ചെറു ചൂട് വെള്ളമെടുത്ത് 2 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കാം. വിനാഗിരി ചേർക്കുമ്പോൾ മിശ്രിതം പതയുന്നത് കാണാം. സുഗന്ധത്തിനായി ഇതിലേക്ക് വാനില എസ്സൻസ് അല്ലെങ്കിൽ ഏതെങ്കിലും ഒരു എസൻഷ്യൽ ഓയിൽ 1/2 ടേബിൾ സ്പൂൺ ചേർക്കാം. ഇത് സ്പ്രേ ബോട്ടിലേക്ക് മാറ്റി ആവശ്യനുസരണം ഉപയോഗിക്കാം. അടുക്കള പണി കഴിഞ്ഞ് ഇത് കൗണ്ടർ ടോപ്പിൽ സ്പ്രേ ചെയ്ത് തുടച്ച് കൊടുക്കാം. കൗണ്ടർ ടോപ്പ് കറകൾ പോയി വൃത്തിയാകുമെന്ന് മാത്രമല്ല ബാക്ടീരിയകൾ നശിക്കുകയും അടുക്കളയിൽ സുഗന്ധം നിറയുകയും ചെയ്യും. ഈ മിശ്രിതം മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയവയിൽ തുടക്കുന്നത് അവ പൊടിയാനിടയാകും. മാർബിൾ കൗണ്ടർ ടോപ്പ് വൃത്തിയാക്കുമ്പോൾ ഒരിക്കലും വിനാഗിരി, നാരങ്ങ, ബ്ലീച്ച് തുടങ്ങിയവ ഉപയോഗിക്കരുത്.
മാർബിൾ കൗണ്ടർ ടോപ്പ് വൃത്തിയാക്കുന്ന ലോഷനായി ഒരു പത്രത്തിൽ 1 കപ്പ് ചെറുചൂടുവെള്ളമെടുത്ത് 1/2 ടീ സ്പൂൺ വാഷിംഗ് അപ്പ് ലിക്യുഡ്, വാനില എസൻസ് അല്ലെങ്കിൽ എസൻഷ്യൽ ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കാം. ഇത് ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റി ഉപയോഗിക്കാം. മാർബിൾ കൗണ്ടർ ടോപ്പിൽ ഇത് തളിച്ച് തുടച്ച ശേഷം മാർബിളിൽ വെള്ളം നിലനില്ക്കാതെ ശ്രദ്ധിക്കുക. കാറ്റ് കൊണ്ട് ഉണങ്ങും എന്ന് കരുതി വെള്ളം തുടക്കാതെ വിടുന്നത് മാർബിളിന് നാശമുണ്ടാക്കും. ഈർപ്പം ഉണ്ടെങ്കിൽ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. ഇത്തരം വീട്ടിലുണ്ടാക്കുന്ന ലോഷനുകൾ ഏറെനാൾ സൂക്ഷിക്കാവുന്നതാണ്.