ലോകത്തിൽ പലയിടങ്ങളിലുമായി ഭക്ഷണത്തിന് രുചിയും മണവും നല്കുന്നതിനായി ഉപയോഗിച്ച് വരുന്ന ഒന്നാണ് കായം. ഇവയ്ക്ക് ഒരു ചവർപ്പ് രുചിയും പ്രത്യേകമായ ഗന്ധവുമുണ്ട്. ഇതിൻ്റെ ചെടിയിൽ നിന്നും ഊറി വരുന്ന കറ ഉണക്കുന്നതാണ് നമ്മൾ ഉപയോഗിക്കാറുള്ള കായം. ചെടി പൂക്കുമ്പോൾ തണ്ട് മുറിച്ചെടുക്കുന്ന വെളുത്ത കറ കാറ്റ് കൊണ്ട് കറുത്ത നിറമാകും. ഇത് വളരെ ഫലപ്രദമായ ഒരു ഔഷധസസ്യമാണ്.
നമ്മൾ എല്ലാവരും തന്നെ ഉപയോഗിക്കാറുള്ള കായം ഭക്ഷണത്തിന് രുചിക്ക് മാത്രമല്ല, മറ്റ് പല കാര്യങ്ങൾക്കും കൂടി ഉപകാരപ്പെടുത്താമെന്ന് എത്ര പേർക്കറിയാം. നമ്മുടെ വീട്ടിലെ പല പ്രശ്നങ്ങളും കായ പൊടി കൊണ്ട് പരിഹരിക്കാം. ചിലഭക്ഷണ സാധനങ്ങൾ കഴിച്ച ശേഷം വയറുവേദന വരാറുണ്ട്. അതിന് കായം ഉത്തമമായ ഒരു ഔഷധമാണ്. വയറുവേദന, ദഹനപ്രശ്നം എന്നിവ അനുഭവപ്പെടുമ്പോൾ ഒരു ഗ്ലാസ്സിൽ കുടിക്കാൻ പാകത്തിനുള്ള ചെറു ചൂടുവെള്ളമെടുത്ത് അതിലേക്ക് കായപ്പൊടി ചേർത്തിളക്കി കുടിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ എല്ലാ ദഹനപ്രശ്നങ്ങളും മാറും.
നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു വന്നാൽ രണ്ട് ദിവസം കുരുവായി നിന്ന് പിന്നീട് അത് മുഖത്ത് പാട് വരാനിടയാക്കും. എന്നാൽ മുഖക്കുരു വന്നാൽ കായപ്പൊടി ഉപയോഗിച്ച് അത് പെട്ടെന്ന് കളയാനാകും. അതിനായി ഒരു ബൗളിൽ കുരു പൊത്താൻ വിധം കായപ്പൊടി എടുത്ത് അതിൽ അല്പം വെള്ളം മിക്സ് ചെയ്ത ശേഷം കുരുവിന് മുകളിലായി പൊത്തി വെച്ച് കൊടുക്കാം. കുറച്ച് നേരം കഴിഞ്ഞ് ഇത് ഉണങ്ങുമ്പോൾ തുണി കൊണ്ട് ഇത് തുടച്ചെടുക്കാം.
സ്ത്രീകളിൽ ധാരാളം പേർ അനുഭവിക്കുന്ന ഒന്നാണ് പീരിയഡ്സ് ദിവസങ്ങളിലെ വയറുവേദന. സഹിക്കാനാകാത്ത വേദന ശമിപ്പിക്കാൻ വയറുവേദനയ്ക്ക് മരുന്നുകൾ കഴിക്കുന്ന ശീലമുണ്ട്. കായപ്പൊടി വയറു വേദനക്ക് ഉത്തമ പരിഹാരമാണ്. പീരിയഡ്സ് ദിവസങ്ങളിൽ ഒരു ഗ്ലാസ്സ് മോരുംവെള്ളമെടുത്ത് ആവശ്യത്തിന് ഉപ്പിട്ട ശേഷം ഒന്നോ രണ്ടോ നുള്ള് കായപ്പൊടി ചേർത്തിളക്കി ദിവസം രണ്ട് നേരം കുടിക്കാം. ഇടയ്ക്ക് മാത്രമായി വേദന അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് രണ്ട് നേരം കുടിക്കുന്നത്. ഇത് ചെയ്താൽ ഉടനടി വയറ് വേദന പൂർണ്ണമായും മാറുന്നത് കാണാം.
നമ്മളിൽ പലരും ഏതെങ്കിലും ഫംഗ്ഷനോ മറ്റോ ഉണ്ടെങ്കിൽ പാർലറിൽ പോയി ക്ലീനപ്പും ഫേഷ്യലുമൊക്കെ ചെയ്യാറുണ്ട്. അല്ലെങ്കിൽ വീട്ടിലെ വസ്തുക്കൾ ഉപയോഗിച്ച് ഫേസ് പാക്ക് തയ്യാറാക്കി മുഖം വൃത്തിയാക്കാറുണ്ട്. എന്നാൽ പാർലറിൽ പോയി കാശ് കൊടുത്ത് ചെയ്യുന്ന അതേ ഗുണത്തോടെ മുഖം ക്ലീനപ്പ് ചെയ്യാനും തിളങ്ങാനും വീട്ടിലെ കായം കൊണ്ട് ഉപായമുണ്ട്. ഒരു തക്കാളി പകുതിയായി മുറിച്ച് നടുവിലത്തെ പൾപ്പ് മാത്രം ഒരു ബൗളിൽ എടുക്കുക. ഇതിലേക്ക് 1/4 ടീ സ്പൂൺ പഞ്ചസാര ചേർത്തിളക്കി അല്പം കായപ്പൊടി മിക്സ് ചെയ്ത് കൊടുക്കാം. മുഖം ചൂടു വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകിയ ശേഷം തക്കാളിയുടെ ബാക്കി പകുതി ഈ മിശ്രിതത്തിൽ മുക്കി മുഖത്ത് നന്നായി വട്ടത്തിൽ സ്ക്രബ്ബ് ചെയ്യാം. സ്ക്രബ് ചെയ്ത് കൊടുത്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. മുഖം പെട്ടെന്ന് വൃത്തിയാകുകയും ഒപ്പം തിളങ്ങുകയും ചെയ്യും.
കായം ഉപയോഗിച്ച് വീട്ടിൽ തന്നെ ഹെയർ കണ്ടീഷ്ണർ തയ്യാറാക്കാനാകും. ഒരു ടേബിൾ സ്പൂൺ തൈര് എടുത്ത് അതിലേക്ക് 1/2 ടീ സ്പൂൺ ആൽമണ്ട് ഓയിൽ അല്ലെങ്കിൽ കോക്കനട്ട് ഓയിൽ ചേർത്ത് കൊടുക്കാം. ഇതിലേക്ക് രണ്ട് നുള്ള് കായപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് തലമുടിയിൽ തേച്ച് പിടിപ്പിച്ച് കഴുകിയെടുക്കാം. യാതൊരു കെമിക്കലുമില്ലാത്ത വളരെ ഫലപ്രദമായ ഹെയർ കണ്ടീഷ്ണർ റെഡി.