നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണ് ക്ലച്ചാണോ ബ്രേക്കാണോ കാർ ഓടിച്ച് നിർത്തുമ്പോൾ ആദ്യം ചവുട്ടേണ്ടത്. ക്ലച്ചിൻ്റെ ഉപയോഗത്തിൽ പലർക്കും സംശയങ്ങളുണ്ട്. ക്ലച്ചും ബ്രേക്കും കൃത്യമായി ഉപയോഗിക്കുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
മാനുവൽ ട്രാൻസ്മിഷൻ കാറിൽ ക്ലച്ചിൻ്റെ ഉപയോഗം സുഗമമായ ഗിയർ ഷിഫ്റ്റങ്ങിനാണ്. ക്ലച്ച് ചവുട്ടുമ്പോൾ ട്രാൻസ്മിഷൻ സിസ്റ്റവും എൻജിനുമായുള്ള ബന്ധം താല്കാലികമായി വിടുവിക്കുന്നു. ശേഷം ക്ലച്ച് വിടുമ്പോൾ ട്രാൻസ്മിഷൻ സിസ്റ്റം എൻജിനായി കണക്ടാവുകയും എൻജിൻ്റെ പവർ വീലുകളിലേക്ക് വരുകയും ചെയ്യും. ബ്രേക്ക് ഉപയോഗിക്കുന്നത് വാഹനം നിർത്താനും വേഗത കുറയ്ക്കാനുമാണ്. ഒട്ടുമിക്ക ആൾക്കാർക്കും ഉണ്ടാകുന്ന സംശയമാണ് കാർ വേഗത്തിൽ ഓടിക്കുമ്പോൾ വാഹനം നിർത്തുന്നതിനായി ക്ലച്ചാണോ ബ്രേക്കാനോ ആദ്യം ചവുട്ടേണ്ടത് എന്ന്. 50 കിലോ മീറ്ററിന് മുകളിൽ വേഗത്തിൽ പോകുമ്പോൾ കാറിനെ സ്റ്റോപ്പ് ചെയ്യുന്നതിന് ആദ്യം ക്ലച്ച് ചവുട്ടിയാൽ കാർ സ്വതന്ത്രമാകുകയും കുറച്ച് കൂടി വേഗത്തിൽ പോകാനിടയാകും. അതിനാൽ ക്ലച്ച് ചവുട്ടിയ ശേഷം ബ്രേക്ക് ചവുട്ടി നിർത്തുന്നത് അപകടമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഉദേശിച്ച സ്ഥലത്ത് കാർ സ്റ്റോപ്പ് ചെയ്യാൻ സാധിച്ചെന്ന് വരില്ല. സ്പീഡിൽ പോകുന്ന സമയത്ത് സ്റ്റോപ്പ് ചെയ്യാൻ ബ്രേക്ക് ചവുട്ടി കാറിൻ്റെ സ്പീഡ് കുറച്ച് 40 km ൽ താഴെയാകുമ്പോൾ ക്ലച്ച് ഫുൾ ചവുട്ടി ഗിയർ ന്യൂട്രൽ ഇടുക. ന്യൂട്രലാക്കിയ ശേഷം ക്ലച്ചിൽ നിന്നും കാലെടുത്ത് പതുക്കെ ബ്രേക്ക് ചവുട്ടി നിർത്തേണ്ട സ്ഥലത്ത് സ്റ്റോപ്പ് ചെയ്യാം. ഇനി നോർമൽ സ്പീഡ് അല്ലെങ്കിൽ 40 കിലോമീറ്ററോ അതിൽ താഴെയോ ആണെങ്കിൽ ആദ്യം ക്ലച്ച് ആണ് ചവുട്ടേണ്ടത്. ക്ലച്ചും ബ്രേക്കും ഒരുമിച്ചും ചവുട്ടി സ്റ്റോപ്പ് ചെയ്യാവുന്നതാണ്.
മിനിമം സ്പീഡിൽ പോകുമ്പോൾ ആദ്യം ബ്രേക്ക് ചവുട്ടിയാൽ ഉറപ്പായും കാർ ഓഫായി പോകും. ഓരോ ഗിയറിനും അതിൻ്റേതായ മിനിമം സ്പീഡുണ്ട്. ഡ്രൈവ് ചെയ്യുമ്പോൾ ഗിയറിൻ്റെ മിനിമം സ്പീഡിൽ നിന്നും കുറവാണെങ്കിൽ ആ മിനിമം സ്പീഡിന് അനുയോജ്യമായ ഗിയറിലേക്ക് ഡൗൺ ഷിഫ്റ്റ് ചെയ്യുക. ഇത് ചെയ്യാതെ അതേ ഗിയറിൽ വണ്ടിയെടുക്കുന്നത് എൻജിൻ ഓഫായി പോകാനിടയാക്കും. ഫോർത്ത് ഗിയറിൽ ഓടിക്കുമ്പോൾ 35-30 കിലോമീറ്ററാണ് മിനിമം സ്പീഡ്. ഇതിൽ കുറവാണെങ്കിൽ സെക്കൻ്റ് ഗിയറിലേക്കോ തേർഡ് ഗിയറിലേക്കോ ഡൗൺ ഷിഫ്റ്റ് ചെയ്യുക.
ഫസ്റ്റ് ഗിയറിൻ്റെ മിനിമം സ്പീഡിനെക്കാൾ താഴെ പലപ്പോഴും കാറെടുക്കേണ്ട സാഹചര്യം വരാറുണ്ട്. നിശ്ചലാവസ്ഥയിൽ നിന്നും കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ സ്പീഡ് കുറവാണ്. അതിനാലാണ് ഹാഫ് ക്ലച്ച് ചവുട്ടുന്നത്. ക്ലച്ച് പതുക്കെ വിട്ട് കൊടുക്കുമ്പോൾ അതനുസരിച്ച് വേഗത കൂടുകയും ചെയ്യും. സ്ലോ മൂവിംഗ് ട്രാഫിക്ക് സമയത്ത് ഫർസ്റ്റ് ഗിയറിൻ്റെ മിനിമം സ്പീഡിന് താഴെ കാറെടുക്കേണ്ടി വരും. ആ സാഹചര്യത്തിലും ഹാഫ് ക്ലച്ച് ഉപയോഗിക്കേണ്ടത്. മിനിമം സ്പീഡിൽ സഞ്ചരിക്കുമ്പോൾ ബ്രേക്ക് ചവുട്ടിയാൽ വേഗത കുറയുകയും ഓടിച്ച് കൊണ്ടിരുന്ന ഗിയറിൻ്റെ മിനിമം സ്പീഡ് കുറയുന്നതിനാൽ എൻജിൻ ഓഫാകുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് സ്ലോ സ്പീഡിൽ ക്ലച്ചും ബ്രേക്കും ഒരുമിച്ച് ചവുട്ടുന്നത്. കാർ ഓടിച്ച് തുടങ്ങുന്നവർ ഓടിക്കുമ്പോൾ വഴിയിൽ വച്ച് ഓഫായി പോകുന്നതിൻ്റെ കാരണമിതാണ്. അത് പോലെ, തുടക്കക്കാർക്ക് കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ഫർസ്റ്റ് ഗിയറിൽ മുന്നോട്ട് എടുക്കുമ്പോൾ ഓഫായി പോകാറുണ്ട്. ഫർസ്റ്റ് ഗിയറിൻ്റെ മിനിമം സ്പീഡ് കൈവരിക്കുന്നതിന് മുൻപ് തന്നെ ക്ലച്ചിൽ നിന്നും കാലെടുക്കുന്നതിനാലാണ് എൻജിൻ ഓഫാകുന്നത്. ഫർസ്റ്റ് ഗിയറിൻ്റെ മിനിമം സ്പീഡ് കൈവരിക്കുന്നത് വരെ ഹാഫ് ക്ലച്ച് ചവുട്ടുക. H ടെസ്റ്റിൽ പലരും പരാജയപ്പെടുന്നതിന് കാരണമിതാണ്. ഇതു പോലെ ഫർസ്റ്റ് ഗിയറിൻ്റെ മിനിമം സ്പീഡിൽ കുറവ് വേഗത്തിൽ കാറെടുക്കേണ്ട എല്ലാ സാഹചര്യത്തിലും ഹാഫ് ക്ലച്ച് ഹോൾഡ് ചെയ്യേണ്ടതുണ്ട്. ക്ലച്ചിൻ്റെ ഉപയോഗം മനസ്സിലാക്കി തന്നെ കാർ ഓടിക്കേണ്ടതുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രം ക്ലച്ച് ഉപയോഗിക്കുക. എപ്പോഴും ക്ലച്ചിൽ കാല് വക്കേണ്ടതില്ല. ബ്രേക്കും ആക്സിലറേറ്ററും സുഗമമായി ഉപയോഗിക്കുന്നതിന് റെക്കമെൻ്റഡ് ഫൂട്ട് പൊസിഷൻ ഇവ രണ്ടിനും നടുവിലായി വലത് കാൽ വെക്കുന്നതാണ്. പെട്ടെന്ന് ബ്രേക്ക് ചെയ്യാനും ഇത് എളുപ്പമാകും.