വീട്ട് മുറ്റത്ത് ഒരു പൂന്തോട്ടം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. പൂന്തോട്ടം നിറയെ ചെടികൾ പൂത്തുലഞ്ഞ് നില്ക്കുന്നത് എല്ലാവരുടെയും മനസ്സിന് കുളിർമയേകുന്ന കാഴ്ചയാണ്. അതിനാൽ തന്നെ പൂച്ചെടികളിൽ ധാരാളം പൂക്കൾ പൂവിടുന്ന തരം ചെടികൾക്ക് ആവശ്യക്കാർ ഏറെയാണ്. അത്തരമൊരു പൂച്ചെടിയാണ് പത്തുമണി. ചെടി നിറയെ മനോഹരമായ കുഞ്ഞി പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. രാവിലെ പത്ത് മണിയോടെ മുറ്റത്ത് വിടരുന്ന ഈ പത്തു മണി പൂവ് ടേബിൾ റോസ് എന്നും അറിയപ്പെടുന്നു. രണ്ട് മൂന്ന് നിര ഇതളുകളുമായി വെള്ള, പിങ്ക്, ഓറഞ്ച് തുടങ്ങി പല നിറങ്ങളിൽ വിരിഞ്ഞ് നില്ക്കുന്ന ഇവയ്ക്ക് ഏഴഴകാണ്. ചെറിയ ചെടിച്ചട്ടികളിലും പാത്രങ്ങളിലുമൊക്കെയായി സാധാരണ ഇത് വളർത്തി വരുന്നു. എന്നാൽ ഈ പത്തുമണി ചെടി ഭംഗിയായി തൂക്കിയിട്ട് വളർത്താം. പഴയ ഉപയോഗ ശൂന്യമായ കുപ്പി മാത്രം മതി.
ഒരു പ്ലാസ്റ്റിക്ക് കുപ്പിയോ കണ്ടെയ്നറോ എടുക്കാം. അവയുടെ സ്റ്റിക്കർ മാറ്റി വൃത്തിയാക്കി എടുത്ത് കുപ്പിക്ക് ചുറ്റും ഒരു നിശ്ചിത അകലത്തിൽ ദ്വാരങ്ങളിട്ട് കൊടുക്കുക. കമ്പി ചൂടാക്കി ദ്വാരങ്ങളിടാവുന്നതാണ്. ജലം വാർന്ന് പോകാനാണ് ദ്വാരമിടുന്നത്. ശേഷം മനോഹരമാക്കാൻ ഈ കുപ്പി നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിലെ പെയിൻ്റ് ചെയ്തെടുക്കാം. ഉണങ്ങിയ ശേഷം കുപ്പിയുടെ വായ് ഭാഗം മുറിച്ച് മാറ്റുക. നടുന്നതിനായി പത്തു മണി ചെടിയെടുക്കുമ്പോൾ പൂ വിരിഞ്ഞ കഴിഞ്ഞുള്ള ചെറിയ തണ്ടുകളെടുക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് എല്ലാ നിറത്തിലെ പത്തു മണി ചെടികളും ഒന്നിച്ച് നടാവുന്നതാണ്. ശേഷം ഈ തണ്ടുകൾ കുപ്പിയുടെ ഓരോ ദ്വാരങ്ങളിലുമായി വെച്ച് കൊടുക്കാം. മണ്ണ് നിറയ്ക്കുന്നതിന് മുൻപ് തന്നെ ഇത് ചെയ്യേണ്ടതുണ്ട്. നിറയ്ക്കാനെടുത്ത മണ്ണിൽ കുറച്ച് ചാണക പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുത്ത ശേഷം കുപ്പിയിലേക്ക് നിറച്ച് കൊടുക്കുക. അതിന് ശേഷം ഒരു പ്ലാസ്റ്റിക്ക് ചരട് കുപ്പിയിൽ കെട്ടി വീടിന് മുന്നിൽ തൂക്കിയിടാം. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തഴച്ച് വളരുകയും പൂക്കൾ നിറയുകയും ചെയ്യും.