എല്ലാവരും തന്നെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രവാസികളടക്കം പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. പലരുടെയും വരുമാനം കുറഞ്ഞു, സാമ്പത്തിക പിന്തുണയ്ക്ക് വഴി തേടുന്നവരും ഒട്ടേറെ പേരാണ്. ഈ ദുരിതകയത്തിൽ പിടിച്ച് നിക്കാൻ ശരിയായ രീതിയിൽ പണം ചിലവഴിക്കേണ്ടതുണ്ട്. പ്രവാസികളടക്കം എല്ലാവരും പ്രത്യേകിച്ച് വരുമാനത്തിൽ കുറവ് വരുമെന്ന് ചിന്തിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാം. ഈ കോവിഡ് കാലത്ത് എല്ലാവരും ആശങ്കപ്പെടുന്നവയാണ് തൻ്റെ ജോലിക്ക് എന്തെങ്കിലും സംഭവിക്കുമോ? വരുമാനത്തിൽ കുറവ് വരുമോ എന്നിവയൊക്കെ. പ്രവാസികളെ സംബന്ധിച്ച് ഇത്തരം സാഹചര്യങ്ങൾക്ക് സാധ്യത കൂടുതലാണ്. ഈ 12 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതൊരവസ്ഥയിലും നമുക്ക് പിടിച്ച് നില്ക്കാനാകും. എല്ലാവരും പ്രത്യേകിച്ച് പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യം എമർജൻസി ഫണ്ട് ഉണ്ടോ എന്നതാണ്. ഒരു വർഷത്തേക്ക് എങ്കിലും നമ്മുടെ അത്യാവശ്യ
ചിലവുകൾ നടത്താനുള്ള പണം ലിക്യുഡായി സൂഷിക്കുക. എ എം ഐ തുകയും എമർജൻസി ഫണ്ടിൽ കൂട്ടുക. അങ്ങനെയെങ്കിൽ ഇത്തരം ദുർഘടസാഹചര്യത്തിൽ ബുദ്ധിമുട്ടില്ലാതെ ജീവിക്കാം. അത് പോലെ, വീട്ടിലെ അനാവശ്യമായ ചിലവുകൾ, അല്ലെങ്കിൽ നീക്കി വെക്കാവുന്ന ചിലവുകൾ നടക്കുന്നുവെങ്കിൽ അത് നിർത്തി വെക്കുക. ഈ സമയത്ത് അത്യവശ്യമല്ലാത്ത ഒരു ചിലവുകളും നടത്തരുത്.
ഈ സമയത്ത് ഒരു നീണ്ടകാല ഇൻവെസ്റ്റ്മെൻ്റുകൾക്ക് തുനിയരുത്. പുതിയ ഇൻഷുറൻസ്, മൂച്വൽ ഫണ്ട് തുടങ്ങിയ ഇൻവെസ്റ്റ്മെൻ്റുകൾ തുടങ്ങുന്നത് മാറ്റി വെക്കുക. അതോടൊപ്പം നിങ്ങൾക്ക് നിലവിലുള്ള എസ് ഐ പി, ഇൻഷുറൻസ് തുടങ്ങിയവ ഉണ്ടെങ്കിൽ കഴിവതും അവ തുടർന്നു കൊണ്ട് പോകുക. എമർജൻസി ഫണ്ട് കഴിഞ്ഞ് പണമുണ്ടെങ്കിൽ ഇവയൊക്കെ ഒഴിവാക്കരുത്. ഇവ നിന്നു പോയാൽ വളരെ തുച്ഛമായ റിട്ടേണാകും ലഭിക്കുക. ഇങ്ങനെ നഷ്ടം വരുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
മറ്റൊരു ടെൻഷൻ എന്തെന്നാൽ റെഗുലർ വരുമാനം ലഭിക്കാതാകുമോ എന്നതാണ്. ഈ സാഹചര്യത്തിൽ പുതിയ വരുമാന സ്കീമുകളിൽ പോയി ചാടരുത്. നിശ്ചിത വരുമാനം വാഗ്ദാനം ചെയ്യുന്ന പുതിയ ബിസിനസ് പാർട്ട്നർഷിപ്പ്, സ്കീമുകൾ എന്നിവയിൽ എടുത്തു ചാടാതെ ശ്രദ്ധിക്കാം. അത് പോലെ, പുതിയതായി ഒരു ഇൻഷുറൻസ് പോളിസികളിലും ഈ സമയത്ത് ചേരാതെയിരിക്കുക. ലിക്യുഡിറ്റി കുറവായിരിക്കും. അതിനാൽ സാഹചര്യം അനുകൂലമാകുമ്പോൾ മാത്രം പിന്നീട് ചെയ്യാം.
നിങ്ങളുടെ മാസ വരുമാനം കൃത്യമായി എഴുതി വെക്കുക. അനാവശ്യ ചിലവുകൾ മാറ്റി പണം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. നിലവിലുള്ള ഇൻഷുറൻസുകൾ റിവ്യൂ ചെയ്യുക. ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുൻസ്, സം എഷ്വർഡ് എത്രയുണ്ട്, ക്രിട്ടിക്കൽ ഇൽനസ്സ് പോളിസിയുണ്ടോ, അത് മതിയാകുമോ എന്നിവ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇവയെല്ലാം മനസ്സിലാക്കി ഏതെങ്കിലും നിന്ന് വലിയ ഗുണമില്ലെന്ന് കണ്ടാൽ തുടരാതെയിരിക്കുക. നിലവിലെ കടങ്ങൾ ഇ എം ഐ എന്നിവ മനസ്സിലാക്കുക. മൾട്ടിപ്പിൾ ലോണുകളുണ്ടെങ്കിൽ അവയെല്ലാം ഒന്നിപ്പിച്ച് പലിശ കുറക്കാനാകുമോ എന്ന് ശ്രമിക്കുക.
ജോലി കുറച്ച് കാലത്തേക്ക് നിർത്തി വീട്ടിൽ വന്നിരിക്കുന്ന പ്രവാസികളുണ്ടെങ്കിൽ നാട്ടിൽ ഏതെങ്കിലും പാർട്ട് ടൈം ജോലിയോ ചെറിയ ബിസിനസോ ചെയ്ത് വരുമാനം നേടാൻ ശ്രമിക്കുക. ഓൺലൈൻ ജോലി കണ്ടെത്താവുന്നതാണ്. ജോലി നിർത്തി നാട്ടിൽ വന്ന് ഇനി തിരിച്ച് പോകാൻ ഉദ്ദേശമില്ലെങ്കിൽ നാട്ടിൽ തന്നെ ഒരു ജോലിയും അതിനൊത്ത കൂട്ടുകെട്ടും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക. ജോലി നഷ്ടപ്പെടാൻ സാധ്യത കാണുന്നെങ്കിൽ ഉടൻ അടുത്ത ജോലി ലഭിക്കുന്നതിന് വഴി നോക്കുക. ഗോൾ ബേസ്ഡ് ഇൻവെസ്റ്റ്മെൻ്റ് ആണോ ചെയ്യുന്നതെന്ന് മനസ്സിലാക്കുക. നിങ്ങൾക്ക് റിട്ടയർമെൻ്റ് ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ അതിനെ പറ്റി കൂടുതലായി ചിന്തിക്കുക. എന്തൊക്കെ ചെയ്ത് തീർക്കണം, ഉത്തരവാദിത്വങ്ങൾ എന്തൊക്കെയെന്നും നോക്കി കൃത്യമായ ധാരണയുണ്ടാക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി നിലവിലെ സാഹചര്യത്തിൽ ഒരു പരിധി വരെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.