രാജ്യാതിര്ത്ഥികള് കടന്ന് ഇങ്ങ് കേരളത്തിലെത്തിയ ഭീമന് അത്ഭുത മത്സ്യം അരാപൈമ. വംശനാശ ഭീഷണി നേരിടുന്ന ഈ അപൂർവ്വ ഇനം മത്സ്യം ആമസോൺ നദികളിലാണ് കാണപ്പെടുന്നത്. അരാ പൈ മയ്ക്ക് വിദേശ വിപണിയിൽ വൻ മൂല്യമുണ്ട്. ശുദ്ധജല മത്സ്യ വിപണിയിൽ ഏറ്റവും വിലയേറിയ ഒന്നാണ് ഈ ഭീമൻ മത്സ്യം. ഏകദേശം 240 കിലോ വരെ ഭാരം വെക്കാവുന്ന അരാപൈമയ്ക്ക് 20 വർഷത്തോളം വരെ ആയുർദൈർഘ്യമുണ്ട്. ജീവനുള്ള മത്സ്യങ്ങളും മറ്റ് ചെറിയ ജല ജീവികളുമാണ് ഇത് ഭക്ഷിക്കുന്നത്. അതിനാൽ തന്നെ ഇവയോടൊപ്പം മറ്റ് ചെറിയ ജീവികൾക്ക് വളരാനാവില്ല. ഇതിൻ്റെ ശരീര ഭാരത്തിൻ്റെ 10% വരെ ഭക്ഷണം ഇത് തിന്നും. ശുദ്ധജലത്തിൽ മാത്രം വളരുന്ന ഈ മീന് ഏറെനാൾ ചെളി വെള്ളത്തിൽ ജീവിക്കാനാകില്ല. അരാപൈമ ജിജാസ് എന്നാണിതിൻ്റെ പേര്. ഏകദേശം പത്തടിയോളം ഇതിന് നീളമുണ്ടാകും.
കേരളത്തിലെ ഏകദേശം 100-150 അടി താഴ്ചയുള്ള പാറമടയിലാണ് അരാപൈമയെ കണ്ടെത്തിയത്. 37 കിലോ ഭാരം വരുന്ന ഇതിനെ ഷാനോ അങ്കമാലിയുടെ സഹായത്താൽ ചൂണ്ടയിട്ടാണ് പിടിച്ചെടുത്തത്. ഒരു ചാളയെ രണ്ട് രീതിയിൽ ചൂണ്ടയിൽ കൊളുത്തിയാണ് ചൂണ്ടയിട്ടത്. ഒന്ന് ടങ്കീസിലും റോളറിലും കൊളുത്തിയ ശേഷം ആഴമുള്ള സ്ഥലത്ത് ചൂണ്ടയിടുകയായിരുന്നു. ഒരിക്കൽ നഷ്ട്ടപ്പെടാൽ പിന്നീട് ഇതിനെ പിടിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. വളർത്തുന്നതിന് കാളാഞ്ചി കുഞ്ഞുങ്ങളെ കൊണ്ടു വന്നതോടൊപ്പം അരാപൈമയും പെട്ടു പോയതാണെന്ന് പറയുന്നു. കാളാഞ്ചികളുടെ എണ്ണം കുറഞ്ഞതോടെയാണ് അരാപൈമയെ കണ്ടെത്തിയത്. ഇവ മറ്റുള്ള മീനുകളെ ആഹാരമാക്കുന്നതിനാൽ വളർത്തുമ്പോൾ പ്രത്യേകം വളർത്തേണ്ടതുണ്ട്. ചൂണ്ടയോടൊപ്പം ഒരു ചെറിയ കുപ്പി കോർത്തിട്ട് ഏറെ പ്രയാസപ്പെട്ട്, സമയമെടുത്താണ് 3-4 വയസ്സുള്ള മത്സ്യത്തെ പിടിച്ചത്. ഈ ഭീമൻ മത്സ്യത്തിൻ്റെ കുഞ്ഞിന് തന്നെ 5000 രൂപ വരും. ഇവയുടെ ഇറച്ചി വളരെ സ്വാദിഷ്ടമാണ്. ഇരുണ്ട നിറവും ചെറിയ ചുവപ്പ് കലർന്നതുമായ അരാപൈമയ്ക്ക് വിദേശ മാർക്കറ്റിലാണ് കൂടുതൽ വില. ഇവയുടെ ചിതമ്പലും തുകലും വരെ വില പിടിപ്പുള്ളതാണ്. ഇതുപയോഗിച്ച് നിർമിക്കുന്ന ചെരുപ്പിനും, ബെൽറ്റിനും വൻ വിലയാണ്.