നമ്മളിൽ പലരുടെയും വീട്ടുമുറ്റത്തും തൊടിയിലുമായി കണ്ടുവരുന്ന ഒന്നാണ് പേരമരം. അതിൽ നിന്നുള്ള പേരയ്ക്ക നമ്മൾ എല്ലാവരും കഴിക്കാനുമുണ്ട്. പേരയ്ക്കയുടെ ഗുണങ്ങൾ ഏറെയാണ്. എന്നാൽ അത് പോലെ തന്നെ ഗുണമുള്ള ഒന്നാണ് പേരയില. പേരയിലയുടെ ഗുണങ്ങൾ കേശ സംരക്ഷണത്തിന് ഉത്തമമാണ്. പേരയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ തലമുടിയുടെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. പേരയിലയിൽ ധാരാളം വൈറ്റമിനുകളും, മിനറലുകളും അടങ്ങിയിട്ടുണ്ട്. അവയിൽ തലമുടിക്ക് ഏറ്റവും അത്യവശ്യമായതാണ് വൈറ്റമിൻ ബി.
പേരയില മുടിയുടെ സംരക്ഷണത്തിന് പല രീതിയിൽ ഉപയോഗിക്കാം. പേരയില അരച്ച് ചാറ് പിഴിഞ്ഞ് ഉപയോഗിക്കാം. അല്ലെങ്കിൽ 3 ഗ്ലാസ്സ് വെള്ളത്തിൽ 5-6 പേരയിലയിട്ട് നന്നായി വെട്ടിത്തിളപ്പിക്കുക. ചൂടാറി കഴിഞ്ഞ് തലയിൽ എണ്ണ തൊട്ട് പുരട്ടി ഇത് തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയാം. മറ്റൊരു രീതി പേരയിലയിട്ട് ഒരു കലം വെള്ളം വെട്ടിത്തിളപ്പിച്ച് ചൂടാറാൻ വെക്കുക. തലയിൽ എന്തെങ്കിലും ഹെയർ പാക്കോ മറ്റോ ഇട്ട് കുളിച്ച ശേഷം അവസാനം തല കഴുകാൻ ഈ വെള്ളം ഉപയോഗിക്കാം. പിന്നീട് വേറെ വെള്ളം ഉപയോഗിച്ച് കഴുകേണ്ട. ഇതല്ലെങ്കിൽ ഒരു ചെറിയ കലം വെള്ളം പകുതി ചൂടാക്കിയ ശേഷം 5- 6 പേരയില ഞെരടി ഇടുക. വെള്ളം ചൂടാറിയ ശേഷം അവസാനം തല കഴുകാൻ എടുക്കാം. ഈ വെള്ളം കുടിക്കാനും ഉപയോഗിക്കാവുന്നതാണ്.
ഏത് എണ്ണയോ പാക്കോ ഉപയോഗിച്ചാലും മുടിയാൽ എണ്ണ തൊട്ട് പുരട്ടിയ ശേഷം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സൈനസൈറ്റിസ്, നിരിറക്കം തുടങ്ങിയവ ഉള്ളവർ അധികനേരം പേരയിലയുടെ കൂട്ട് തലയിൽ വെച്ചിരിക്കാൻ പാടില്ല. അതിനാൽ പേരയിലയിട്ട വെള്ളത്തിൽ തല കഴുകുന്ന രീതിയാണ് ഇക്കൂട്ടർക്ക് കൂടുതൽ ഉത്തമം. മഴക്കാലത്ത് മുടി വരളുന്നത് മാറ്റാനും ഇത് സഹായിക്കും. മുടിയുടെ വളർച്ചക്കും കരുത്തിനും ഏറ്റവും അത്യാവശ്യമായ വൈറ്റമിൻ ബി വലിയ തോതിൽ പേരയിലയിലുണ്ട്. മുടി മൃദുവാകാനും, മുടി കൊഴിച്ചിൽ മാറാനും, താരൻ പോകാനും ഇത് ഫലപ്രദമാണ്. താരൻ മാറിയ ശേഷവും ഇത് ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ക്ലോറിനടങ്ങിയ വെള്ളം തലയിൽ ഒഴിക്കാതെ പേരയില തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. തലയിലെ അസഹ്യമായ ചൊറിച്ചിലുകൾക്ക് ഇത് ശമനം നല്കും. പേരയില വീട്ടിലുള്ളവർക്ക് ഇത് തീർച്ചയായും പരീക്ഷിക്കാവുന്നതാണ്.
പേരയിലയിട്ട വെള്ളം കുടിക്കുന്നതും വളരെ ആരോഗ്യപ്രദമാണ്. കുടിക്കാനെടുക്കുമ്പോൾ പേരയില ഒരിക്കും വെട്ടിത്തിളപ്പിക്കരുത്. വെള്ളം കറുത്ത നിറമാകുകയും ചവർപ്പ് ഉണ്ടാകുകയും ചെയ്യും. വെള്ളം തിളപ്പിച്ച ശേഷം പകുതി ചൂടാറുമ്പോൾ വീട്ടിൽ എത്ര പേരാണോ ഉള്ളത് ആ എണ്ണത്തിൽ പേരയില എടുത്ത് ഞെരടിയ ശേഷം വെള്ളത്തിലിട്ട് അടച്ച് വെച്ച് ഉപയോഗിക്കാം.