കാശ് മുടക്കി വാട്ടർ ഫിൽറ്റർ വാങ്ങേണ്ട, വീട്ടിൽ തന്നെ സ്വയം തയ്യാറാക്കാം

വെള്ളം ശുദ്ധമാക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും ഒരു പോലെ അറിയാവുന്നതാണ്. കുഴൽ കിണറുകളിൽ നിന്നും മറ്റും വരുന്ന വെള്ളത്തിൻ്റെ അവസ്ഥ നമ്മളിൽ പലർക്കും അറിയുന്നതാണ്. വെള്ളത്തിന് നിറവ്യത്യാസമുണ്ടാകുകയും മണത്തിനും രുചിയ്ക്കും എല്ലാം വ്യത്യാസമുണ്ടാകും. മഞ്ഞ നിറത്തിലുള്ള ഈ വെള്ളം വീട്ടിലെ ആവശ്യത്തിനായി നേരിട്ടെടുക്കുന്നത് പ്രയാസമാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലരും വാട്ടർ ഫിൽറ്റർ അഥവ വാട്ടർ പ്യൂരിഫയറുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ വെള്ളം അരിക്കാനുള്ള നാടൻ ഫിൽറ്റർ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. ഇതിനായി മണലും, കല്ലുകളും, കരിയുമാണ് ഉപയോഗിക്കുന്നത്. ഓരോ പാളിയിലൂടെ കടന്നു പോയി തെളിഞ്ഞ വെള്ളം ലഭിക്കും.

ഫിൽറ്റർ ഉണ്ടാക്കുന്നതിന് ആകെ ചിലവ് വരുന്നത് 2000 രൂപയിൽ താഴെ മാത്രമാണ്. ടാങ്കിൽ നിന്നുമിറങ്ങുന്ന പൈപ്പിലേക്ക് T പൈപ്പിട്ട് മറ്റൊരു വലിയ പൈപ്പിലേക്ക് കണക്ഷൻ കൊടുത്ത് വീട്ടിലെ ടാപ്പിലേക്ക് പോകുന്ന ലൈനിലേക്ക് ഫിൽറ്റർ ചെയ്ത് എത്താവുന്ന വിധത്തിൽ ബന്ധിപ്പിക്കുക. 6 ഇഞ്ചിൻ്റെ വലിയ പൈപ്പാണ് ഫിൽറ്ററായി ഉപയോഗിക്കുന്നത്. ഇതിൽ ഏറ്റവും താഴെ 15 സെൻ്റീ മീറ്റർ അളവിൽ ചെറിയ ഇഷ്ടിക നാല് പീസാക്കിയത് ഇട്ട് കൊടുക്കുക. അതിന് മുകളിൽ 15 സെ മീ മെറ്റലിട്ടു കൊടുക്കാം. എല്ലാം 15 സെ മീ അളവിലാണ് ഇടേണ്ടത്. മെറ്റലിന് മുകളിലായി ചിരട്ടയുടെ കരി അതിന് മുകളിൽ മണൽ , ഏറ്റവും മുകളിലായി വെള്ളാരം കല്ല് എന്നിങ്ങനെ ഇട്ട് നിറയ്ക്കുക. മുകളിലെ ബാക്കി ഭാഗം വെള്ളം നിൽക്കാൻ വിട്ട് കൊടുക്കുക. ഫിൽറ്റർ വൃത്തിയാക്കുന്ന വെള്ളം കളയാൻ പുറത്തേക്ക് ഒരു പൈപ്പും വാൽവും വെക്കുക. ഇവ ഓരോന്നിനുമിടയിൽ പ്ലാസ്റ്റിക്കിൻ്റെ ചെറിയ നെറ്റുകൾ ഇട്ട് കൊടുക്കുക.

മാസത്തിൽ ഒരിക്കലോ ആഴ്ചയിലൊരിക്കലോ ഫിൽറ്റർ വൃത്തിയാക്കിയാൽ മതിയാകും. കുഴൽ കിണറാണെങ്കിൽ 2-3 ദിവസം കൂടുമ്പോൾ ചെയ്യേണ്ടി വരും. ഫിൽറ്ററിൽ അടിഞ്ഞ് കൂടിയ ചെളി കളയാൻ ഇടയ്ക്ക് ഇത് ബാക്ക് വാഷ് ചെയ്യേണ്ടതുണ്ട്. ടാങ്കിൽ നിന്നും ഫിൽറ്ററിലേക്ക് വരുന്ന വെള്ളത്തിൻ്റെ വാൽവ് പൂട്ടി ടാങ്കിൽ നിന്നും നേരിട്ട് വീട്ടിലേക്ക് കൊടുക്കുന്ന വാൾവ് തുറന്ന് വെള്ളം തിരിച്ച് ഫിൽറ്റിലേക്ക് കയറുമ്പോൾ ഫിൽറ്ററിൽ നിന്നും പുറത്തേക്ക് ഉള്ള വാൽവ് ചെറുതായി തുറന്ന് കൊടുത്ത് ചെളി വെള്ളം പുറത്ത് പോകാൻ അനുവദിക്കുക. 2-3 മിനിറ്റ് കഴിയുമ്പോൾ നല്ല വെള്ളം വരാൻ തുടങ്ങും. ശേഷം ടാങ്കിൽ നിന്നും നേരിട്ടുള്ള ലൈൻ പൂട്ടി ഫിൽറ്ററിലേക്കുള്ള ലൈൻ തുറന്ന് കൊടുക്കാം. നല്ല വെള്ളം ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇങ്ങനെ വീട്ടിൽ തന്നെ സ്വന്തമായി വാട്ടർ ഫിൽറ്റർ നിർമ്മിച്ചെടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *