മിൽക്ക് മെയിഡ് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണിത്. പല മധുര വിഭവങ്ങളിലും പ്രധാന ചേരുവയായ കണ്ടൻസ്ഡ് മിൽക്ക് അവയ്ക്ക് പ്രത്യേക രുചി നല്കുന്നു. സാധാരണ നമ്മൾ ഇത് കടകളിൽ നിന്നും വലിയ വിലകൊടുത്ത് വാങ്ങുകയാണ് ചെയുന്നത്. എന്നാൽ കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ അതേ രുചിയോടെ മിൽക്ക് മെയിഡ് നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
നമ്മുടെ വീട്ടിലെ മൂന്ന് ചേരുവകൾ മാത്രം മതി മിൽക്ക് മെയിഡ് തയ്യാറാക്കാൻ. പാൽ പോലും വേണ്ട എന്നതാണ് പ്രധാനം. മിൽക്ക് മെയിഡ് അല്ലെങ്കിൽ കണ്ടെൻസ്ഡ് മിൽക്ക് എളുപ്പത്തിൽ തീ പോലും കത്തിക്കാതെ ഉണ്ടാക്കാം. ഒരു മിക്സി ജാറിൽ 1/2 കപ്പ് പഞ്ചസാര പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് പാൽപ്പൊടി ചേർത്ത് കൊടുത്ത ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് അല്ലെങ്കിൽ ബട്ടർ ഒഴിച്ച് കൊടുക്കാം. മിക്സിയിൽ ഇത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് 1/2 കപ്പ് ചെറു ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. 20 സെക്കൻ്റ് അടിച്ച ശേഷം കുറുകി ഇരിക്കുന്നെങ്കിൽ കുറച്ച് കൂടി വെള്ളം ഒഴിച്ച് 10 സെക്കൻ്റ് അടിച്ചെടുക്കാം. കണ്ടെൻസ്ഡ് മിൽക്ക് റെഡി. ഇത് ശരിയായ പരുവമാകുന്നതിന് 5-6 മിനിറ്റ് ഫ്രീസറിൽ വെക്കുക. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാം. ഇനി മിൽക്ക് മെയിഡ് വാങ്ങി കാശ് കളയാതെ അതേ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം.