‘ലഗ് ജാ ഗലേ’ പാടി വൈറലായ കുരുന്നിൻ്റെ അടുത്ത ഗാനവും വൈറൽ

കൊച്ചു കുട്ടികൾ പാട്ടുപാടി വിസ്മയിപ്പിക്കുന്നത് നമ്മൾക്ക് പുതിയ അനുഭവമല്ലെങ്കിലും അക്ഷരങ്ങൾ കൂട്ടിപ്പറയാൻ പഠിച്ചു തുടങ്ങുന്ന പ്രായത്തിൽ ഒരു കൊച്ചുകുഞ്ഞ് അടിപൊളിയായി പാട്ട് പാടുന്നത് കണ്ടാൽ ആരും ഒന്ന് ഞെട്ടും. അതും ഇന്ത്യൻ സിനിമയിലെ മികച്ച പാട്ടുകളിൽ ഒന്നായ ലഗ് ജാ ഗലേ എന്ന ഗാനം. ലതാ മങ്കേഷ്ക്കറുടെ ഈ ഗാനം വളരെ ലാഘവത്തോടെ പാടുന്ന കുരുന്നിനെ സോഷ്യൽ മീഡിയ സമീപകാലത്ത് ഏറ്റെടുത്തിരുന്നു.

കട്ടിലിൽ ആസ്വദിച്ച് കിടന്നാണ് കുരുന്ന് ഈ ഗാനം പാടിയത്. പല പ്രശസ്ത ഗായകരും ഈ വീഡിയോ പങ്കുവെച്ചിരുന്നു. സംഭവം വൈറലായതോടെ ഗായിക സിതാര തൻ്റെ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെക്കുകയും ഈ കുഞ്ഞ് ആരാണ് എന്ന് അന്വേഷിച്ചിരുന്നു. പടച്ചോനെ !! എന്ത്, എങ്ങനെ !! ഇങ്ങളിത് കേട്ടാ !! എന്റെ പുന്നാര മുത്തേ നീയെന്താ നീയാരാ ചക്കരെ????” എന്ന അടിക്കുറുപ്പോടെയാണ് സിതാര വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ഗാനവുമായി ഈ കുഞ്ഞ് വീണ്ടുമെത്തിയിരിക്കുകയാണ്. ‘വക്രതുണ്ട മഹാകായ’ എന്ന സംസ്കൃത ഗാനവുമായാണ് ഇപ്പോൾ എത്തിയത്. ഈ ഗാനം ഒരു ഗണേഷ വന്ദനമാണ്. വളരെ താളത്തോടെയും ഭാവപ്രകടനങ്ങളോടെയുമാണ് ഇത്തവണയും കുഞ്ഞ് പാടുന്നത്. കേൾക്കുന്നവരെല്ലാം കുഞ്ഞിൻ്റെ ഈ പാട്ടും കേട്ട് അദ്ഭുതപ്പെടുകയാണ്.

കുട്ടിയുടെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാണെങ്കിലും ആരാണ് എന്നത് ഇപ്പോഴും വ്യക്തമല്ല. നിരവധി പേരാണ് വീഡിയോ പങ്കു വെക്കുന്നത്. ഒന്ന് രണ്ടു ദിവസങ്ങളായി ഈ കുട്ടികുരുന്നിന്റെ പാട്ടിന് പിന്നാലെയാണ് സോഷ്യൽ മീഡിയ. വളരെ അസാധ്യമായി പാടുന്നത് കണ്ട് ഈ പ്രായത്തിൽ ഉള്ള ഒരു കുഞ്ഞിന് ഇത്രയും മനോഹരമായി എങ്ങനെ പാടാൻ കഴിയുന്നു എന്ന ഞെട്ടലിലാണ് പലരും.

Leave a Reply

Your email address will not be published. Required fields are marked *