കറ്റാർവാഴ എല്ലാ വീട്ടിലും തീർച്ചയായും ഉണ്ടായിരിക്കേണ്ട ഔഷധ സസ്യമാണ്. കള്ളിമുള്ളിൻ്റ ഇനത്തിൽ പെട്ട കറ്റാർവാഴ ഔഷധങ്ങളുടെ നല്ല ഒരു കലവറയാണ്. ചർമ്മത്തിലെ അസുഖങ്ങൾക്കും, തലമുടി വളരുന്നതിനും ഇത് വളരെ ഫലപ്രദമാണ്. ഇവ ഏത് കാലാവസ്ഥയിലും വളരുന്ന ചെടിയായതിനാൽ എളുപ്പത്തിൽ വളരും. നടുന്നതിനായി കറ്റാർവാഴയുടെ തൈകളാണ് ഉപയോഗിക്കുന്നത്.
കറ്റാർവാഴ നല്ല കരുത്തോടെ ചട്ടിയിൽ വളർത്താവുന്നതാണ്. കറ്റാർവാഴയിൽ നിന്നും അധികം ജെൽ കിട്ടാൻ ഇത് കരുത്തോടെ വളർത്തേണ്ടതുണ്ട്. കറ്റാർവാഴ നടുന്നതിന് എപ്പോഴും ചുവട് ദ്വാരമുള്ള ചട്ടി എടുക്കുക. വെള്ളം തങ്ങി നില്ക്കാതെ സൂക്ഷിച്ചില്ലെങ്കിൽ കറ്റാർവാഴ ചീയാനിടയാകും. ദ്വാരമില്ലാത്ത ചട്ടിയെങ്കിൽ ചെറിയ ദ്വാരങ്ങളിട്ട് കൊടുക്കാം. വലിയ വിസ്താരമുള്ള ചട്ടിയിൽ നടുന്നത് കൂടുതൽ തൈകൾ ഉണ്ടാകാനും വീതിയുള്ള ഇലകൾ ഉണ്ടാകാനും സഹായിക്കും. വെള്ളം ഇറങ്ങുന്ന ഏത് തരം മണ്ണും ചട്ടിയിൽ നിറയ്ക്കാവുന്നതാണ്. കുറച്ച് മണ്ണിൽ വീട്ടിലെ പച്ചക്കറി വേസ്റ്റ് ഇട്ട് വെച്ച് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്തു കൊടുക്കുന്നത് ഫലപ്രദമാണ്. റിവർ സാൻ്റ് ഉണ്ടെങ്കിൽ അത് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ചട്ടിയിലേക്ക് മിക്സ് ചെയ്ത് വെച്ച മണ്ണ് മുക്കാൽ ഭാഗം നിറച്ച് കൊടുത്ത് അലോ വേര നടാം. ഇതിൻ്റെ വേര് മണ്ണിനടിയിൽ പോകുന്ന വിധത്തിൽ മണ്ണിലേക്ക് നടുക. തണ്ട് മണ്ണിനടിയിലായാൽ ചെടി ചീഞ്ഞ് പോകാൻ സാധ്യതയുള്ളതിനാൽ അത് പ്രത്യേകം ശ്രദ്ധിക്കുക.
കറ്റാർവാഴ നല്ല കരുത്തോടെ വളരുന്നതിന് നന ആവശ്യമില്ല. അതിനാൽ ഒരു കപ്പ് വെള്ളം ആഴ്ചയിൽ ഒരിക്കൽ മാത്രം മണ്ണ് ഉണങ്ങുന്നതനുസരിച്ച് ഒഴിച്ച് കൊടുത്താൽ മതി. കൂടുതൽ നനയ്ക്കുന്നത് ചെടി ചീയാനിടയാക്കും. ഇത് വെയിൽ കിട്ടുന്ന ഭാഗത്ത് വെക്കുക. കറ്റാർവാഴയുടെ ജെൽ ഉദ്പാദനം കൂടുകയും വലിയ തണ്ടുണ്ടാകാനും ഇത് സഹായിക്കും.
മാസത്തിലൊരിക്കൽ മുട്ടത്തോട്, പഴത്തൊലി, ചായയുടെ മട്ട് എന്നിവ മിക്സിയിലടിച്ച് വളമായി ഇട്ട് കൊടുക്കാം.