ഈ ചെടികൾ വെക്കല്ലേ പണം പോകുന്ന വഴി അറിയില്ല

വീട്ട് മുറ്റത്ത് ഒരു പൂന്തോട്ടം എല്ലാവരുടെയും ആഗ്രഹമാണ്. വീട്ട് വളപ്പിലെ ചെടികൾക്കും വൃക്ഷങ്ങൾക്കും ആ വീട്ടിൽ താമസിക്കുന്നവരെ സ്വാധീനിക്കാൻ കഴിയും. വീട്ടിൽ ശരിയായ സ്ഥാനത്തല്ലാതെ വളരുന്ന ചെടികൾ കുടുംബത്തിന് ദോഷമായി ഭവിക്കും. അത് പോലെ, ചില ചെടികൾ ശരിയായ സ്ഥാനത്തെങ്കിൽ വീട്ടുകാർക്ക് നല്ല ഗുണമുണ്ടാകും. റോസാപ്പൂക്കൾ എന്നും പൂന്തോട്ടത്തിലെ റാണിയാണ്. ഇത് വളരുന്നത് നല്ല ഫലം ചെയ്യും. താമരക്കുളം വടക്ക് വശത്തോ വടക്ക് കിഴക്ക് ഭാഗത്തോ സ്ഥാപിക്കാം എന്ന് വാസ്തുശാസ്ത്രം പറയുന്നു. പ്രധാന വാതിലിന് മുന്നിലായും ഗേറ്റിൻ്റെ അരികിലായും മഞ്ഞ പൂക്കൾ വിടരുന്ന ജമന്തി, ചെണ്ട് മല്ലി പോലുള്ള ചെടികൾ വീട്ടിൽ ഐശ്വര്യം നിർത്തും. കള്ളിമുൾ ചെടികൾ വീട്ടു വളപ്പിൽ പാടില്ലാത്തതാണ്. വീട് നിർമിക്കുമ്പോൾ ദൃഷ്ടി ദോഷത്തിനായി ഇത് വയ്ക്കാമെങ്കിലും നിർമാണം പൂർത്തിയാകുമ്പോൾ അത് ഒഴിവാക്കേണ്ടതുണ്ട്. ബോൺസായി ചെടികൾ വെച്ചാൽ ചെടി പോലെ തന്നെ നമ്മുടെ വളർച്ചയും മുരടിച്ച് പോകുമെന്നാണ് വിശ്വാസം.

ഫലവൃക്ഷങ്ങൾ വീടിന് ചുറ്റും വെക്കുന്നത് വളരെ നല്ലതാണ്. പൊന്നു വിളയുന്ന മരവും പുരയ്ക്ക് മേലെ പാടില്ല എന്ന ചൊല്ലുണ്ട്. അതിനാൽ ഉയരം കൂടിയ വൃക്ഷം ഗൃഹത്തിനു സമീപം പാടില്ല. വലിയ മരമുണ്ടെങ്കിൽ വെട്ടി നിർത്താൻ ശ്രദ്ധിക്കുക. ചെമ്പകം വീട്ടിലുള്ളത് ഐശ്വര്യമാണ്. വീടിന് മുന്നിൽ അല്ലെങ്കിൽ കിഴക്ക് ഭാഗത്ത് തുളസി നടുന്നത് ഐശ്വര്യപ്രദമാണ്. ഒപ്പം മഞ്ഞൾ ചെടി കൂടി നടുന്നത് വളരെ ഉത്തമം. രാമ തുളസി, കൃഷ്ണ തുളസി, അഗസ്ത്യ തുളസി, കർപ്പൂര തുളസി എന്നിങ്ങനെ എല്ലാ തുളസിയും വീട്ടിൽ നടുന്നത് ഐശ്വര്യം കൊണ്ട് വരും. വൃക്ഷങ്ങൾ നട്ടുവളർത്താൻ ഉത്തമമായ ഭാഗങ്ങൾ വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്. കിഴക്ക് ഭാഗത്തായി പ്ലാവ്, ഇലഞ്ഞി എന്നിവയും പുളി, ആഞ്ഞിലി തെക്ക് ഭാഗത്തും, വടക്ക് ഭാഗത്ത് മാവ്, നെല്ലി പടിഞ്ഞാറ് വശത്ത് തെങ്ങ്, വടക്ക് പടിഞ്ഞാറ് ഭാഗത്തും തെക്ക് കിഴക്ക് ഭാഗത്തും മുള എന്നിങ്ങനെയാണ് ഉത്തമം. മേൽപ്പറഞ്ഞ രീതിയിൽ ചെടികൾ നട്ടു വളർത്തിയാൽ സദ്‌ഫലം ലഭിക്കും. കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *