കോവിഡ് കാലത്തെ ഓണാഘോഷം അറിയാം ഈ കാര്യങ്ങൾ

ഓണവും ഓണാഘോഷവും മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. വലിയ ആഘോഷങ്ങളില്ലാതെ പരിമിതികൾ നിറഞ്ഞതാണ് ഇത്തവണത്തെ ഓണക്കാലം. ഓണസദ്യ, ഓണക്കളികൾ, ഓണക്കോടി, ഓണപർച്ചേസ്, ഓണത്തിന് ബന്ധുക്കളുടെ വീട് സന്ദർശനം, ഇവയെല്ലാം ഓണക്കാലവുമായി ബന്ധപ്പെട്ട ഓർമ്മകളാണ്. എന്നാൽ ഇക്കൊല്ലം നമ്മുടെ ഓണം കോവിഡ് കാലത്തിൽ മുങ്ങി. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. നമുക്ക് മാറ്റി വെക്കാനാകാത്ത ഒന്നാണ് ഓണപർച്ചേസ്. കോവിഡ് കാലത്ത് ഓണത്തിന് പർച്ചേസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

സാധാരണ ഓണ പർച്ചേസ് എന്നത് നമുക്കും കുടുംബത്തിനും വേണ്ട തുണിത്തരങ്ങൾ, സദ്യയ്ക്ക് വേണ്ട എല്ലാ ചിട്ടവട്ടങ്ങളും ഒരുക്കുക എന്നിവയാണ്. നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി സൗഹൃദം പുതുക്കുന്ന കാലം കൂടിയാണിത്. പക്ഷെ ഇത്തവണ നമ്മുടെ ആഘോഷങ്ങളിൽ മിതത്വം പാലിക്കേണ്ടതുണ്ട്. സാധാരണ ഓണക്കാലത്ത് ജാതിമതഭേദമന്യേ എല്ലാവരും ഓണക്കോടികൾ വാങ്ങാറുണ്ട്. ഇതിനായി കടകളിൽ പോകുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കുടുംബത്തിലെ ആർക്കൊക്കെ ഏതൊക്കെ തരം വസ്ത്രങ്ങളാണ് വേണ്ടത്, ഏത് നിറമാണ് വേണ്ടത് എന്ന് ഒരു ലിസ്റ്റ് തയ്യാറാക്കുക . എല്ലാവർക്കും വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ കഴിവുള്ള ഒരാൾ മാത്രം കടയിൽ പോകുക. അളവുകൾ കൃത്യമാകാൻ ഒരു ജോഡി വസ്ത്രം അളവിനായി കൊണ്ട് പോകാവുന്നതാണ്. ടെക്സ്റ്റൈൽസിലെ ഡ്രസ്സിംഗ് റൂമുകൾ ഉപയോഗിക്കാനോ വസ്ത്രങ്ങൾ അണിഞ്ഞ് നോക്കനോ പാടില്ല. അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ മാത്രം വാങ്ങുക. ലിഫ്റ്റ് കഴിവതും ഉപയോഗിക്കാതിരിക്കുക. സ്റ്റെയർ കയറുമ്പോൾ വശങ്ങളിലെ റെയ്ലുകളിൽ പിടിക്കാതിരിക്കുക. കടയിൽ കയറുന്നതിന് മുൻപ് നിർബന്ധമായും സാനിറ്റൈസ് ചെയ്യുക. മാസ്ക്ക് നിർബന്ധമായും ഉപയോഗിച്ചിരിക്കണം. വസ്ത്രങ്ങൾ എടുത്ത് തരുന്നവരരോട് ഒന്നര മീറ്റർ അകലം പാലിക്കുക. വീട്ടിൽ വന്ന് ഇട്ട് നോക്കിയ ശേഷം മാറിയെടുക്കുന്നത് ഒഴിവാക്കുക. കഴിവതും ഓണലൈൻ പെയ്മെൻ്റ് നടത്താൻ ശ്രമിക്കുക. പണത്തിൻ്റെ നേരിട്ടുള്ള ഈപാടുകൾ ഒഴിവാക്കുക. പൊതുവാഹനങ്ങൾ ഉപയോഗിക്കാതെയിരിക്കാൻ ശ്രമിക്കുക. സ്വന്തം വാഹനം ഉപയോഗിക്കാം. വീടിനടുത്തുള്ള കടകളെ കഴിവതും ആശ്രയിക്കുക.

സദ്യക്ക് വേണ്ടിയുള്ള ചിട്ടവട്ടങ്ങളിലും കരുതൽ ആവശ്യമുണ്ട്. സാധാരണ തലേ ദിവസമാണ് സദ്യയ്ക്ക് വേണ്ട സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നത്. ഇത് തന്നെയാണ് ഉത്രാടപ്പാച്ചിൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ വർഷവും ഓണക്കാലത്ത് നിരത്തുകളിലും കടകളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത് ഒഴിവാക്കാൻ നേരത്തേ തന്നെ ഓണത്തിന് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് എഴുതി 50 വയസ്സിനും 20 വയസ്സിനും ഇടയ്ക്കുള്ള ഒരാൾ സാധനങ്ങൾ വാങ്ങുക. ആവശ്യമായ സാധനങ്ങൾ വീടിനടുത്തുള്ള കടയിൽ നിന്നും വാങ്ങാൻ ശ്രദ്ധിക്കുക. തിരക്ക് കൂട്ടാതെ വേണ്ട സാധനങ്ങൾ കടകളിൽ സാമൂഹ്യ അകലം പാലിച്ച് വാങ്ങുക. പച്ചക്കറികളും പഴങ്ങളും വാങ്ങി വീട്ടിൽ വന്ന ശേഷം സാനിറ്റൈസ് ചെയ്ത് സൂക്ഷിക്കുക. അതിനായി ഒരു ബക്കറ്റിൽ 4 ലിറ്റർ വെള്ളമെടുത്ത് 3-4 സ്പൂൺ ബേക്കിംഗ് സോഡയിട്ട് 10 മിനിറ്റ് പച്ചക്കറികൾ മുക്കി വെക്കുക. ശേഷം പച്ച വെള്ളത്തിൽ കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ബേക്കിംഗ് സോഡയിട്ട വെള്ളം ആൽക്കലൈൻ സൊല്യൂഷനായതിനാൽ വൈറസിൻ്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ പോലും അവ നിർവീര്യമാകും. ഓണക്കാലം എന്നത് വിപണിയിൽ ധാരാളം ഓഫറുകൾ വരുന്ന സമയമാണ്. ഇതിൽ ആകൃഷ്ടരായി കടകളിലേക്ക് ഇടിച്ച് കയറാതിരിക്കാൻ ശ്രദ്ധിക്കുക. പരമാവധി തിരക്ക് കുറഞ്ഞ സമയങ്ങളിൽ മാത്രം പോകുക. ഓണക്കാലത്ത് നമ്മൾ ഏറെ ആസാദിക്കുന്ന ഒന്നാണ് ക്ലബുകളിലെ ഓണക്കളികൾ. ഇത്തവണ ഇവയൊക്കെ മാറ്റി വെക്കുക. എന്നാൽ മാത്രം ഇനി വരുന്ന ഓണക്കാലത്തും സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം ഒന്നിച്ച് ആഘോഷിക്കാനാകൂ.

സദ്യയ്ക്ക് ശേഷം ബന്ധുക്കളുടെ വീടുകളിൽ പോകുന്ന പതിവുണ്ട്. ഇത്തവണ പരമാവധി ഇത് ഒഴിവാക്കുക. വേണ്ടപ്പെട്ടവരെ കാണണം എന്ന് നിർബന്ധമുള്ളവർ 60 വയസ്സിന് മുകളിൽ പ്രായമുള്ള ആരുമില്ലാത്ത വീടുകൾ സന്ദർശിക്കുക. സ്വന്തം വാഹനത്തിൽ തന്നെ പോകാൻ ശ്രമിക്കുക. 5 വയസ്സിന് താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവരുടെ അടുത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക. മാപ്പക്കുകൾ നിർബന്ധമായും വെച്ചിരിക്കണം. അവരുടെ വീട്ടിലെ പുറത്തുള്ള പൈപ്പിൽ നിന്നും സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം അകത്ത് കയറുക. കുഞ്ഞുങ്ങളെ എടുക്കുകയോ ആശ്ലേഷിക്കുകയോ അരുത്. വീട്ടിൽ വരുന്ന ബന്ധുക്കളോട് വേണ്ട എന്ന് പറയാൻ വീട്ടുകാർ ചിലപ്പോൾ മടി കാണിച്ചേക്കും. 60 വയസ്സിന് മുകളിലുള്ളവരോട് 2 മീറ്റർ അകലം പാലിച്ച് മാത്രം സംസാരിക്കുക. നിങ്ങളും വീട്ടുകാരും മാസ്ക്ക് വെച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.

 

ഓണക്കാലത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യവില്പന നടക്കുന്നത്. സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം മദ്യപിക്കുന്നത് ഓണക്കാലത്ത് സാധാരണമാണ്. എന്നാൽ ഈ കോവിഡ് കാലത്ത് ഇത്തരം മദ്യസത്ക്കാരങ്ങൾ ഒഴിവാക്കുക. വേണമെന്ന് നിർബന്ധമെങ്കിൽ എല്ലാവരും തന്നെ മാസ്ക്ക് നിർബന്ധമാക്കുക. ഭക്ഷണം ഒരുമിച്ച് വെച്ച് കഴിക്കുന്നത് മാറ്റി ഓരോരുത്തർക്കും ആവശ്യമായ ഭക്ഷണം പ്രത്യേകം എടുക്കുക. ഒന്നര മീറ്റർ അകലം പാലിക്കുക. കുടിക്കുമ്പോൾ മാത്രം മാസ്ക്ക് മാറ്റുക. സാമൂഹ്യ അകലം പാലിക്കാതിരിക്കുന്നത് രോഗം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. മിതമായ അളവിൽ 2 പെഗ്ഗ് മാത്രം മദ്യപിക്കുക. കോവിഡ് കാലത്ത് സുരക്ഷിതമായി ഓണം ആഘോഷിക്കുക എന്നത് എല്ലാവരുടെയും കടമയുമാണ് കർത്തവ്യവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *