ദന്തസംരക്ഷണത്തിൻ്റെ കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കുമെങ്കിലും പലർക്കും വെല്ലുവിളികുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറവും കറയും. അത് പോലെ തന്നെ പല്ലുകൾ കോച്ചി പിടിക്കുന്നത്, പല്ലുകളിൽ നിന്നും രക്തം വരുന്നതുമെല്ലാം പലരെയും അലട്ടാറുണ്ട്. ഇവയ്ക്ക് പരിഹാരം തേടുന്നവരുടെ എണ്ണം കുറവല്ല. ഇവയെല്ലാം പലരെയും പല രീതിയിലാണ് ബാധിക്കുന്നത്. ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യും. പ്രശ്നം നിസാരമല്ല എന്ന തിരിച്ചറിവ് വരുമ്പോഴാണ് ഡോക്ടറെ സമീപിക്കുന്നത്. എന്നാൽ ഇത്തരം ദന്ത പ്രശ്നങ്ങൾ വീട്ടിൽ തന്നെ പരിഹരിക്കാവുന്നതാണ്. പല്ലുകളുടെ എല്ലാ പ്രശ്നങ്ങളും പോയി ആത്മവിശ്വാസവും വീണ്ടെടുക്കാം.
മോണയിൽ നിന്നും ബ്ലഡ് വരുന്നതിനും പല്ല് പുളിക്കുന്നതിനും വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് പേരയില കൊണ്ടുള്ള മാർഗ്ഗം. പേരയുടെ തളിരിലയെടുത്ത് വെള്ളത്തിൽ നന്നായി തിളപ്പിക്കുക. ഇളം ചൂടോട് കൂടി ഈ വെള്ളം ഒരു ദിവസം 5-6 തവണ കവിളിൽ കൊള്ളുക. ഇങ്ങനെ ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ മാറാൻ സഹായിക്കും. അത് പോലെ, മറ്റൊന്നാണ് പല്ലിൻ്റെ മഞ്ഞനിറം. പല്ലിൻ്റെ മുൻഭാഗം വൃത്തിയാക്കുന്നതു പോലെ പിൻഭാഗവും വൃത്തിയാക്കേണ്ടതുണ്ട്. മഞ്ഞക്കറ മാറാൻ ഒരു ബൗളിൽ 1/2 ടേബിൾ സ്പൂൺ ചെറിയ ജീരകം പൊടിച്ചത്, 3/4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ, അല്പ്പം ഉപ്പ്, ചെറിയ തക്കാളി പിഴിഞ്ഞത് എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് പല്ലുകൾ തേക്കാം. പത ആവശ്യമെങ്കിൽ കുറച്ച് ടൂത്ത് പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ആഴ്ച്ചയിൽ 3 തവണ ഇതുപയോഗിച്ച് പല്ലുകൾ തേക്കാം. ബാക്കി ദിവസങ്ങളിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. പല്ല് വെളുക്കുന്നതിന് വളരെ ഫലപ്രദമായ കൂട്ടാണിത്.
പല്ല് വേദന അനുഭവപ്പെടുമ്പോൾ ഇഞ്ചിനീരും തേനും മിക്സ് ചെയ്ത് വേദനയുള്ള പല്ലിൻ്റെ മോണയിൽ തേച്ച് കൊടുക്കുന്നത് വേദന പെട്ടെന്ന് മാറാൻ സഹായിക്കും. പല്ലുകൾ വെളുക്കുന്നതിന് മറ്റൊരു ടിപ്പുണ്ട്. കടുക്ക വാങ്ങി നന്നായി പൊടിച്ചെടുത്ത് ജീരകത്തിന് പകരമായി ഉപയോഗിക്കാവുന്നതാണ്. വേദന മാറാനും കടുക്ക ഉപയോഗിക്കാം. കടുക്ക പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കവിൾ കൊള്ളുന്നതും ഫലപ്രദമാണ്. ബാഡ് ബ്രീത്ത് അഥവ വായ് നാറ്റം പലരും നേരിടുന്ന പ്രശ്നമാണ്. ഇത് പല കാരണങ്ങളാലുണ്ടാകാം. നന്നായി ബ്രഷ് ചെയ്യാതിരിക്കുക, മോണ രോഗങ്ങൾ, ദഹന സംബന്ധമായ പ്രശ്നങ്ങൾ, പുകവലി എന്നിവ കൊണ്ട് വായ് നാറ്റമുണ്ടാകാം. ഇരട്ടി മധുരം വാങ്ങി ചവച്ചരക്കുന്നത് വായ്നാറ്റം മാറാൻ സഹായിക്കും. ഗ്രാമ്പൂ ചവക്കുന്നതും ഇതിന് ഉത്തമമാണ്. വെറ്റില കൊടിയുടെ തിരി ഉണക്കി പൊടിച്ച് തേനിൽ ചേർത്ത് വായിൽ വെച്ച് കൊണ്ടിരിക്കുന്നതും, ഉമിക്കരി ഉപയോഗിച്ച് പല്ല് തേക്കുന്നതും ഫലപ്രദമാണ്.