ലോക്ക് ഡൗൺ കാലം ചിലവഴിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടിയവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. പുതിയ ശീലങ്ങൾ തുടങ്ങാനും, പലവിധ കഴിവുകൾ കണ്ടുപിടിക്കുവാനും, കഴിവുകൾ വളർത്തിയെടുക്കുവാനും ഒക്കെ ഈ സമയം എല്ലാവരും ഉപയോഗപ്പെടുത്തി. ലോക്ക് ഡൗൺ കാലത്ത് കൊച്ചുകുട്ടികളുടെ പാട്ടും ഡാൻസുമൊക്കെ ചെയ്യുന്ന വീഡിയോകൾ ധാരാളമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. നമ്മൾ ഏറ്റവും കൂടുതൽ അതിശയിച്ചതും അവരുടെ കഴിവുകൾ കണ്ടാകും. കുട്ടിത്തം നിറഞ്ഞ പുഞ്ചിരിയും വർത്തമാനങ്ങളുമൊക്കെ കേട്ട് ചിരിക്കുകയുമുണ്ടായി. അവയിൽ പലതും വൈറലാകുകയും ചെയ്തു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കുട്ടിയും വളർത്തു നായയും ഒളിച്ച് കളിക്കുന്നതാണ്.
നിങ്ങൾക്ക് ഒരു വളർത്തുനായ ഉണ്ടെങ്കിൽ ഈ വീഡിയോ എത്രത്തോളം സ്നേഹം നിറഞ്ഞതാണ് എന്ന് മനസ്സിലാകും. നായ മനുഷ്യന്‍റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് പറയുന്നത് എത്രത്തോളം അർത്ഥവത്താണ് എന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. ഒരു വളർത്തുനായയുടെ സ്നേഹം പരിധികളില്ലാത്തതാണ്. സ്വന്തം കൂടപ്പിറപ്പിനെ പോലെ നായ വീട്ടിലെ അംഗമായി മാറും. ലോക്ക് ഡൗൺ സമയത്ത് മുതിർന്നവരും കുട്ടികളും വീട്ടിൽ തന്നെയായതിൽ കൂടുതൽ സന്തോഷിക്കുന്നത് അവരുടെ വളർത്തുമൃഗങ്ങളാകും. സൈബർ ലോകത്തിൻ്റെ മനം കവർന്നിരിക്കുകയാണ് ഇരുവരുടെയും വീടിനുള്ളിലെ ഒളിച്ച് കളി. നായയോട് എണ്ണാൻ പറഞ്ഞ ശേഷം ഒളിക്കുന്ന പെൺകുട്ടിയേയും തുടർന്ന് ഇരുകാലുകളും ചുവരിലെടുത്ത് വെക്കുന്ന നായയെയും വീഡിയോയിൽ കാണാം. ഇതിനിടയിൽ കുട്ടി ഒളിക്കുന്നുണ്ടോയെന്ന് നായ നോക്കുകയും ചെയ്യുന്നുണ്ട്. കുറച്ച് സമയം കണ്ണ് പൊത്തി നിന്ന ശേഷം കുട്ടിയെ കണ്ട് പിടിക്കാൻ നായ ഓടുന്നു. നിമിഷ നേരം കൊണ്ടാണ് സൈബർ ലോകത്ത് ഈ വീഡിയോ വൈറലായത്. വളരെ ആഹ്ലാദം നല്കുന്ന ഈ വീഡിയോ കാണുന്ന കാഴ്ച്ചക്കാർക്ക് സ്നേഹിക്കുന്ന വളർത്ത് മൃഗങ്ങൾ ഉണ്ടെങ്കിൽ ഈ വീഡിയോ പകരുന്ന സന്തോഷം വലുതാകും.