ലിവിങ്ങ് റൂമിൻ്റെ ഹൃദയമാണ് സോഫ സെറ്റ്. വീട്ടിലേക്ക് അതിഥികൾ കാലെടുത്ത് വെക്കുമ്പോൾ തന്നെ സോഫയാണ് കാണുന്നത്. അതിനാൽ തന്നെ നമ്മുടെ സോഫയ്ക്ക് വീട്ടിൽ വളരെ പ്രാധാന്യമുണ്ട്. നമ്മുടെ വീടിന് അഴകേകാൻ വൃത്തിയുള്ളതും ഭംഗിയുള്ളതുമായ സോഫ ആവശ്യമാണ്. അതിനാലാണ് പലരും സോഫ തിരഞ്ഞെടുക്കുമ്പോൾ വളരെ പ്രാധാന്യം നല്കുന്നത്. അതിന് ഭംഗിയുള്ള സോഫ കവറിംഗും തിരഞ്ഞെടുക്കാൻ ഏറെ സമയം ചിലവിടാറുണ്ട്. സോഫ വാങ്ങുമ്പോൾ നല്കുന്ന അതേ പരിചരണം പിന്നീടും കൊടുക്കേണ്ടതുണ്ട്. എന്നാൽ സോഫ വൃത്തിയായി സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. സോഫകൾ പെട്ടെന്ന് നശിയുന്നതിന് പ്രധാന കാരണമാണ് അവയിൽ വെള്ളമോ കറയുള്ള വസ്തുക്കളോ വീഴുന്നത്. കറ വീണാൽ അത് വൃത്തിയാക്കാനും പ്രയാസമാണ്. സോഫ വാങ്ങുമ്പോഴുണ്ടാകുന്ന അതേ പുതുമ നിലനിർത്താനും വെള്ളം വീണാലും സോഫ നനയാതെ സൂക്ഷിക്കാനും ഒരു എളുപ്പവഴിയുണ്ട്.
എത്ര വെള്ളമൊഴിച്ചാലും സോഫ നനയാത്ത വിധത്തിൽ ചെയ്തെടുക്കാം. അതിനായി രണ്ട് പില്ലോ കവറുകളെടുത്ത ശേഷം ഗാർബേജ് ബാഗോ, പ്ലാസ്റ്റിക്ക് കവറോ എടുത്ത് ഈ പില്ലോ കവറിൻ്റെ അളവിലാക്കുക. ചെറുതെങ്കിൽ രണ്ട് കവറുകൾ ചേർത്ത് തേപ്പ് പെട്ടി ഉപയോഗിച്ച് തേച്ച് ഒന്നാക്കിയെടുക്കാം. ഈ പില്ലോ കവറിലേക്ക് പ്ലാസ്റ്റിക്ക് കവറിട്ട് കൊടുക്കുക. സോഫയുടെ വലുപ്പമനുസരിച്ച് പില്ലോ കവറുകൾ ഇത് പോലെ ചെയ്തെടുക്കാം. ശേഷം ഈ പില്ലോ കവറുകൾ സോഫയിൽ വെച്ച ശേഷം സോഫ കവറിട്ട് കൊടുക്കാം. മുഷിയുമ്പോൾ ഇത് കഴുകി ഉപയോഗിക്കാവുന്നതാണ്. സോഫാ കവറുകളിൽ കറകൾ വീണാലും സോഫ അഴുക്കാകില്ല. വെള്ളവും മറ്റും വീണാലും സോഫ നനയാതെ പുതുമയോടെ തന്നെ നിലനിർത്താം.