മലയാളികൾക്ക് സദ്യ ഒരുക്കുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പപ്പടം. പപ്പടമില്ലാതെ എന്ത് സദ്യ? ഇനി ബിരിയാണി ആയാലും പായസമായാലും പപ്പടം കൂട്ടി കഴിക്കുന്നതിൻ്റെ രുചി ഒന്ന് വേറെ തന്നെയാണ്. നമ്മുടെ ഈ കേരളത്തിൽ മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളിലും, എന്തിന് ഇന്ത്യയ്ക്ക് പുറത്ത് വരെ പല രീതികളിലായി പപ്പടം വിളമ്പാറുണ്ട്. പല ഭാഷയിലും, പല പേരിലും തിളങ്ങി നിക്കുന്ന ഈ പപ്പടം വളരെ പ്രശസ്തവുമാണ്. പണ്ടു കാലങ്ങളിൽ പപ്പടം അവരവരുടെ വീട്ടിൽ തന്നെ ആവശ്യാനുസരണം ഉണ്ടാക്കിയിരുന്നു. പപ്പടത്തിൽ അടങ്ങിയിരിക്കുന്ന ഉഴുന്ന് ദഹനം സുഗമമാക്കും എന്നതായിരുന്നു കഴിക്കുന്നതിൻ്റെ ഉദ്ദേശം. അതിനാൽ തന്നെ പണ്ടുള്ളവർ നമ്മളെക്കാളേറെ ആരോഗ്യവാന്മാരായിരുന്നു. പപ്പടമെന്ന് വേണ്ട, ഒട്ടുമിക്ക ഭക്ഷണ വസ്തുക്കളും സ്വന്തമായി നിർമ്മിച്ചിരുന്നു ഇക്കൂട്ടർ. കാലത്തോടൊപ്പം മനുഷ്യർ മടിയന്മാരായി. എല്ലാം കടയിൽ നിന്നും വാങ്ങുന്നത് ശീലമാക്കി. അങ്ങനെ പപ്പടവും കടയിൽ നിന്ന് വാങ്ങാൻ തുടങ്ങി. എന്നാൽ വിപണിയിൽ ലഭ്യമായ ഒട്ടുമിക്ക പപ്പടത്തിലും മായം ചേരുന്നുണ്ട്. സാധാരണ ചേരുവകൾക്ക് പുറമേ പല കെമിക്കലുകളുമാങ്ങിയതാണിവ. അതിനാൽ പപ്പടം വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് ഉത്തമം.
വളരെ എളുപ്പത്തിൽ 10 മിനിറ്റ് കൊണ്ട് പപ്പടം വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. അതിനായി ഉഴുന്ന്, പപ്പടക്കാരം അല്ലെങ്കിൽ ഉപ്പ്, നല്ലെണ്ണ എന്നിവ മാത്രമാണ് ആവശ്യമായത്. പപ്പടം ഉണ്ടാക്കുന്നതിന് 100 ഗ്രാം ഉഴുന്ന് കഴുകി ഉണക്കിയെടുക്കുക. ഇത് പൊടിച്ച ശേഷം അരിച്ചെടുക്കാം. കടയിൽ നിന്നും ഉഴുന്നു പൊടി വാങ്ങി അരിച്ചെടുക്കാവുന്നതാണ്. അരിക്കുമ്പോൾ ബാക്കി വരുന്നത് വീണ്ടും അരിച്ചെടുക്കേണ്ടതുണ്ട്. അളവ് കൃത്യമാകാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേക്ക് 1/2 ടീ സ്പൂൺ ഉപ്പ് പൊടി, 1 /4 ടീ സ്പൂൺ അല്ലെങ്കിൽ 1/2 ടീ സ്പൂൺ വരെ ബേക്കിംഗ് സോഡ, 4-5 ടീസ്പൂൺ നല്ലെണ്ണ എന്നിവ ചേർത്ത് കൊടുക്കുക. നല്ലെണ്ണയ്ക്ക് പകരം വെളിച്ചെണ്ണയോ മറ്റ് എണ്ണകളോ ഉപയോഗിക്കാൻ പാടില്ല. ഉപ്പിന് പകരം പപ്പടക്കാരം ഉപയോഗിക്കുന്നതെങ്കിൽ 1/4 ടീ സ്പൂൺ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നന്നായി കുഴച്ചെടുത്ത ശേഷം ഇടിച്ച് പതം വരുത്തുക. എത്രത്തോളം ഇടിക്കുന്നോ അത്രത്തോളം പപ്പടം മൃദുവാകും. പതം വന്ന ശേഷം നീളത്തിൽ കുഴൽ പോലെയാക്കിയെടുക്കുക. ഈ കുഴൽ ഒരേ അളവിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. അതിന് ശേഷം ഇത് മൈദ പൊടിയിൽ പരത്തി എടുക്കാം. കനം തീരെ കുറച്ച് പരത്തിയതിന് ശേഷം മൈദ പൊടി തട്ടി കളയുക. പാത്രത്തിൻ്റെ മൂടി ഉപയോഗിച്ച് ഇത് കൃത്യം വട്ടമാക്കി മുറിച്ച് ഉണക്കിയെടുക്കാം. 5 മിനിറ്റിൽ തന്നെ രണ്ട് വശവും മറിച്ചിട്ട് ഉണക്കിയെടുക്കുക. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാം. 100 ഗ്രാം ഉഴുന്ന് ഉപയോഗിച്ച് ഏകദേശം 30 പപ്പടം ഉണ്ടാക്കാം. ഇനി കെമിക്കലടങ്ങിയ പപ്പടം കഴിക്കാതെ വീട്ടിൽ തന്നെ ഉണ്ടാക്കാം.