നമ്മുടെ എല്ലാവരുടെയും വീട്ടിൽ പഴയ ന്യൂസ് പേപ്പർ കളയുകയോ, വിൽക്കുകയോ ഒക്കെയാണ് ചെയ്യുന്നത്. വായിച്ച ശേഷം ഇന് വീട്ടിൽ ഒരുപയോഗവും ഇല്ലാതെ സൂക്ഷിക്കും. എന്നാൽ, നിസാരക്കാരനല്ല ഈ ന്യൂസ് പേപ്പർ. നമ്മുടെ വീട്ടിലെ പല കാര്യങ്ങൾക്കും പഴയ ന്യൂസ് പേപ്പർ ഉപയോഗിക്കാം. അത്തരം ചില ഉപയോഗങ്ങൾ നോക്കാം. സവാള, ഉള്ളി എന്നിവ സൂക്ഷിക്കുന്ന പാത്രത്തിൽ ന്യൂസ് പേപ്പർ വിരിച്ച് കൊടുത്തതിന് ശേഷം മുകളിൽ സവാളയിട്ടാൽ ഇതിലെ ഈർപ്പം പേപ്പർ വലിച്ചെടുക്കുകയും, ചീയാനുള്ള സാധ്യത കുറയുകയും ഏറെ നാൾ സൂക്ഷിക്കാനും കഴിയും.
നമ്മൾ ഉപയോഗിക്കുന്ന കുപ്പികളിലെ അഴുക്ക് കളയാൻ പ്രയാസമാണ്. ന്യൂസ് പേപ്പർ ഉപയോഗിച്ച് ഇത് വൃത്തിയാക്കാനാകും. കുപ്പിയിൽ 1/4 ഭാഗത്തിലും കുറവ് വെള്ളമൊഴിച്ച ശേഷം കുറച്ച് ന്യൂസ് പേപ്പർ ചെറിയ കഷ്ണങ്ങളായി മുറിച്ച് ഇട്ട് കൊടുക്കുക. പിന്നീട് കുപ്പി അടച്ച് നന്നായി കുറച്ച് നേരം കുലുക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ന്യൂസ് പേപ്പർ അവയിലെ അഴുക്ക് പൂർണമായും വലിച്ചെടുത്ത് വൃത്തിയാക്കും. ശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാം.
നമ്മൾ ഉപയോഗിക്കുന്ന ഷൂസുകൾക്ക് പലപ്പോഴും ദുർഗന്ധം വരാറുണ്ട്. ഇത് ഒഴിവാക്കാൻ ഉപയോഗശേഷം പേപ്പർ ചുരുട്ടി ഷൂസുകളിൽ വെച്ചാൽ ദുർഗന്ധം മാറും. പേപ്പറിനുള്ളിൽ പെർഫ്യൂമോ പൗഡറോ ഇടുന്നത് സുഗന്ധം നല്കാനും സഹായിക്കും. കൗണ്ടർ ടോപ്പിലോ, താഴെയോ എണ്ണ വീണാൽ അത് വൃത്തിയാക്കാൻ അത്ര എളുപ്പമല്ല. എണ്ണയുടെ പുറത്ത് കുറച്ച് പേപ്പർ മടക്കി കുറച്ച് സമയം വെക്കുക. ന്യൂസ് പേപ്പർ എണ്ണ വലിച്ചെടുക്കും. ശേഷം മറ്റൊരു പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കുക. എണ്ണയുടെ ചെറിയ അംശം പോലും ആ ഭാഗത്ത് കാണില്ല.
കറിവേപ്പില ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പേപ്പറിൽ പൊതിഞ്ഞ ശേഷം പ്ലാസ്റ്റിക്ക് കണ്ടെയ്നറിലാക്കി വെച്ചാൽ ഏറെ നാൾ കേടാകാതെയിരിക്കും. ഇതു പോലെ മല്ലിയിലയും പുതിനയിലയും പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കാം. വീട്ടിൽ ചപ്പാത്തി പരത്തുമ്പോൾ ബോർഡിനിടയിൽ പേപ്പർ വിരിച്ചാൽ പൊടി കൗണ്ടർ ടോപ്പിൽ വീഴുകയുമില്ല, ഈ പൊടി പിന്നീട് ഉപയോഗിക്കാനും കഴിയും. ഫ്ലാസ്ക്ക് എത്ര കഴുകി വൃത്തിയാക്കിയാലും ഫ്ലാസ്ക്കിനുള്ളിലെ ദുർഗന്ധം മാറ്റാൻ പ്രയാസമാണ്. ദുർഗന്ധം പൂർണ്ണമായും മാറ്റാൻ പേപ്പർ മടക്കി ചുരുട്ടിയ ശേഷം ഫ്ലാസ്ക്കിനുള്ളിൽ ഒരു രാത്രി വെക്കുക. രാവിലെ ദുർഗന്ധം പൂർണ്ണമായും മാറിയിട്ടുണ്ടാകും.
ചെറുനാരങ്ങ ചീത്തയാകാതെ സൂക്ഷിക്കാൻ ഓരോന്നും പേപ്പറിൽ പൊതിഞ്ഞ് എയർ ടൈറ്റ് കണ്ടെയ്നറിലാക്കി ഫ്രിഡ്ജിൽ വെക്കാം. നാരങ്ങ വാടാതെ നിറം പോകാതെ ഫ്രഷായിരിക്കും. ചില ചില്ല് പ്ലേറ്റുകൾ നമ്മൾ വീട്ടിൽ അതിഥികൾ വരുമ്പോൾ മാത്രമാണ് ഉപയോഗിക്കാറ്. അല്ലാത്ത സമയം നമ്മൾ ഇത് ഷെൽഫിൽ സൂക്ഷിക്കുകയാണ് പതിവ്. ഇനി ഷെൽഫിൽ വെക്കുമ്പോൾ പ്ലേറ്റുകൾക്കിടയിൽ ന്യൂസ് പേപ്പർ വെക്കുന്നത് പ്ലേറ്റ് പൊട്ടാതെ സൂക്ഷിക്കാം. വീട്ടിലെ കണ്ണാടി വൃത്തിയാക്കാനും ന്യൂസ് പേപ്പർ ഉപയോഗിക്കാവുന്നതാണ്. കണ്ണാടിയിൽ വെള്ളം തളിച്ച ശേഷം പേപ്പർ കൊണ്ട് കണ്ണാടി തുടച്ചെടുക്കാം. ശേഷം ഉണങ്ങിയ പേപ്പർ ഉപയോഗിച്ച് നന്നായി തുടച്ച് കൊടുക്കാം. കണ്ണാടി നന്നായി വെട്ടിത്തിളങ്ങും.