മലപ്പുറം, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധനത്തിന് മണ്ണെണ്ണ കുടിക്കാമെന്ന വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. തമിഴ്നാട് ഒരു കുടുംബത്തിലെ അംഗങ്ങൾ മണ്ണെണ്ണ 10 ദിവസം കുടിച്ച് ആശുപത്രിയിലായ വാർത്ത നമ്മൾ കേട്ടിരുന്നതാണ്. കോവിഡിനെ പ്രതിരോധിക്കാൻ മണ്ണെണ്ണയ്ക്കും, പെട്രോളിനും, ഡീസലിനും, മദ്യത്തിനും കഴിയുമെന്ന വാർത്തകൾ തികച്ചും വ്യാജമാണ്. അത് പോലെ, കൊച്ച് കുട്ടികൾ അബദ്ധത്തിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവ കുടിച്ചു എന്ന് പലപ്പോഴും കേൾക്കാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പരിഭ്രമിക്കാതെ ചെയ്യേണ്ടതായ കുറച്ച് കാര്യങ്ങളുണ്ട്.
പെട്രോൾ, ഡീസൽ തുടങ്ങിയവ അസിഡിക് ആയതിനാൽ ഉള്ളിൽ ചെന്ന് അന്നനാളത്തിൽ സുഷിരങ്ങൾ വീഴാൻ സാധ്യതയുണ്ട്. അങ്ങനെ ഭക്ഷണത്തിൻ്റെ അംശങ്ങൾ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകാനിടയാകും. വയർ അസിഡിക്കായതിനാൽ അത്തരം വസ്തുക്കൾ ഉള്ളിൽ ചെല്ലുമ്പോൾ വീണ്ടും അസിഡിക്കാകുകയാണ് ചെയുന്നത്. എന്നാൽ മറ്റ് ശരീര അവയങ്ങളിൽ എത്തിയാൽ കൂടുതൽ ദോഷകരമാണ്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവ കുടിക്കുന്നത് വഴി ആമാശയത്തിലും സുഷിരങ്ങൾ ഉണ്ടാകും. കുട്ടികൾ ഇവ കുടിച്ചാൽ ഒട്ടുമിക്ക ആൾക്കാരും ആദ്യം ചെയ്യുന്നത് അവരെ കൊണ്ട് ഛർദിപ്പിക്കുകയാണ്. വാസ്തവത്തിൽ ഇത് കൂടുതൽ അപകടകരമാണ്. ഇങ്ങനെ ചെയ്യുമ്പോൾ വയറിൽ കിടക്കുന്ന ഡീസലോ പെട്രോളോ വീണ്ടും അന്നനാളത്തിലേക്ക് കയറുകയും അത് മുറിയാനും കീറാനും സാധ്യതയുണ്ട്. നമ്മുടെ ശരീരത്തിൽ അന്നനാളത്തിന് തൊട്ടടുത്തായാണ് ശ്വസന നാളിയുള്ളത്. ഛർദിക്കുമ്പോൾ ഇവ ശ്വസന നാളത്തിലൂടെ ശ്വാസ കോശത്തിലെത്താൻ സാധ്യതയുണ്ട്. ഇത് ശ്വാസ കോശത്തിൽ നിമോണിയക്ക് കാരണമാകും. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. അതിനാൽ ഇത്തരമൊരു സാഹചര്യത്തിൽ ഒരു കാരണവശാലും കുട്ടിയെ ഛർദിപ്പിക്കുകയോ കിടത്തുകയോ ചെയ്യരുത്. ഹോസ്പിറ്റലിലേക്ക് കുട്ടിയെ ഇരുത്തി തന്നെ കൊണ്ട് പോവുക.
ഇങ്ങനൊരു സാഹചര്യം വരുമ്പോൾ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇരുത്തി കൊണ്ട് പോകാൻ പ്രത്യേകം ശ്രദ്ധിക്കുക. ഹോസ്പ്പിറ്റലിൽ എത്തിയാലും വയറ് കഴുകലൊന്നും ചെയ്യരുത്. ടാർനിഷ്, ഡീസൽ, പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവയെല്ലാം ഉള്ളിൽ ചെന്നാൽ ഇവയൊന്നും ചെയ്യരുത്. പിന്നീടുള്ള 7 ദിവസം പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം മാത്രം കഴിക്കുക. ഏരിവുള്ളതും എണ്ണ കൂടുതലായുള്ള ഭക്ഷണവും ഒഴിവാക്കുക. കൃത്യ സമയത്ത് ആഹാരം കഴിക്കുക. അത് പോലെ, വയർ തണുക്കുന്ന തരം ഭക്ഷണം കഴിക്കുക. ഒപ്പം ഡോക്ടർ തരുന്ന മരുന്നുകളും കഴിക്കുക. വയറിന് ഗാസ്ട്രിക് കോട്ടിംഗ് നൽകാനും, വീണ്ടും സുഷിരങ്ങൾ ഉണ്ടാകാതെയിരിക്കാനും മരുന്നുകൾ സഹായിക്കും. അഥവ ശ്വാസകോശത്തിലേക്ക് ഉള്ളിൽ ചെന്ന വസ്തു എത്തിയാൽ ഡോക്ടർ ആൻ്റിബയോട്ടിക് നല്കും. ശ്വാസകോശത്തിൽ ഈ വസ്തുക്കൾ എത്തിയാൽ ആ വ്യക്തിക്ക് ഇടയ്ക്കിടെയുള്ള ചുമ, പനി, ശ്വാസം മുട്ടൽ എന്നീ ലക്ഷണങ്ങൾ കാണും. രക്തത്തിലെത്തിയാൽ കിഡ്നി ഫെയില്യറിന് കാരണമാകും. 1-2 അടപ്പ് മാത്രം കുടിച്ചാൽ വലിയ പ്രശ്നങ്ങളില്ലാതെ പോകുമെങ്കിലും അതിൽ കൂടുതൽ അളവിലോ കുഞ്ഞുങ്ങളിലോ ആണ് ഉള്ളിൽ ചെന്നതെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴി വെക്കും. ഡെറ്റോൾ കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകും. ഈ വസ്തുക്കൾ കുടിച്ച ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മറ്റ് ഭക്ഷണ സാധനങ്ങൾ ഒരു കാരണവശാലും കൊടുക്കരുത്.
ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ടത് കുട്ടികളുടെ കയ്യെത്തുന്ന സ്ഥലത്ത് നിന്നും ഇത്തരം വസ്തുക്കൾ മാറ്റി വെക്കുക എന്നതാണ്. പല നിറത്തിലുള്ള ഫ്ലോർ ക്ലീനറുകളും ലോഷനുകളും കുട്ടികൾക്ക് എടുക്കാനാവാത്ത വിധത്തിൽ സൂക്ഷിക്കുക. കുട്ടികളുള്ള വീട്ടിൽ ഗുളിക, മരുന്ന്, ലോഷൻ, പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവയെല്ലാം കൃത്യമായ അളവ് അറിഞ്ഞ് തന്നെ സൂക്ഷിക്കുക. അത് പോലെ, കുട്ടികൾക്ക് മരുന്നുകളോ, ഗുളികയോ കൊടുക്കുമ്പോൾ മിഠായി, അല്ലെങ്കിൽ മധുരം എന്ന് ധരിപ്പിച്ച് കൊടുക്കരുത്. ഇങ്ങനെ ചെയ്താൽ കുട്ടികൾ ഒറ്റയ്ക്കായിരിക്കുന്ന സമയത്ത് അവർ സ്വയം എടുത്ത് കഴിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ ഇത്തരത്തിലെ പല അപകടങ്ങളും ഒഴിവാക്കാം.