രാത്രി നിർത്താതെ കരഞ്ഞു; വീട്ടുകാരെ വൻ അപകടത്തിൽ നിന്ന് രക്ഷിച്ച് കുഞ്ഞുവാവ

കുഞ്ഞുങ്ങൾ ദൈവ തുല്യരാണെന്നാണ് വിശ്വാസം. പ്രായമായവർക്ക് കാണാനും അറിയാനും സാധിക്കാത്ത കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് തിരിച്ചറിയാനാവും എന്ന് പഴമക്കാർ പറയാറുണ്ട്. ദൈവീക ചൈതന്യം കുഞ്ഞുങ്ങളിൽ ഉള്ളതിനാലാണ് കുട്ടികൾക്ക് ഈ കഴിവ് ലഭിക്കുന്നത്. ഇത്തരത്തിൽ തന്റെ കുടുംബത്തെ ഒന്നാകെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ച ഒരു കുഞ്ഞുവാവയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. എടപ്പറ്റ യൂസഫ് കുരുക്കളുടെ കൊച്ചുമകൾ ഫാത്തിമ റെജയാണ് ഈ അത്ഭുത വാവ. രാത്രി നിർത്താതെ കരഞ്ഞു വീട്ടുകാരെ ഉണർത്തി വീട് തകർന്നു വീഴാൻ പോകുന്നതിന്റെ സൂചന വീട്ടുകാരെ അറിയിച്ചത് ഈ കുഞ്ഞു വാവയാണ്.

ശനിയാഴ്ച രാത്രിയാണ് എടപ്പറ്റ കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫിന്റെ വീട് തകർന്നത്. ഓടിട്ട ഇരുനില വീട് അപ്പാടെ നിലം പതിക്കുകയായിരുന്നു.

സംഭവദിവസം കുടുംബാംഗങ്ങളെല്ലാം ഭക്ഷണം കഴിച്ച് ഉറങ്ങുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെ യൂസഫിന്റെ പേരമകൾ ഫാത്തിമ റെജ കരഞ്ഞുണർന്നു. മകൾ നിർത്താതെ കരഞ്ഞതോടെ മാതാവ് ജസീനയും എഴുന്നേറ്റു തുടർന്ന് കരഞ്ഞുകൊണ്ടിരുന്ന മക്കളെ ഉറക്കാൻ ശ്രമിക്കുന്നതിനിടയാണ് ചുമരുകൾക്കിടയിൽ നിന്ന് ജസീന ചില ശബ്ദങ്ങൾ കേട്ടത്. ചുമർ വിണ്ടുകീറുന്നത്തിന്റെയും മണ്ണ് പൊടിയുന്നതിന്റെയും ശബ്ദമായിരുന്നു അത്. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മകളെയും എടുത്ത് തൊട്ടടുത്ത മുറിയിൽ കിടന്ന ഭർത്താവിന്റെ പിതാവ് യൂസഫിനെ വിളിച്ചുണർത്തി. വീടിനെന്തോ സംഭവിക്കുന്നു എന്ന് മനസ്സിലായതോടെ കുട്ടികളെ എടുത്ത് മുതിർന്നവർ പുറത്തിറങ്ങി. എല്ലാവരും വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി അഞ്ചുമിനിറ്റ് കഴിഞ്ഞതോടെ വീട് തകർന്നു വീഴുകയായിരുന്നു. അപകടം മനസ്സിലാക്കി വേഗം പുറത്തിറങ്ങാൻ പറ്റിയതും വീട്ടിലെ സാധനങ്ങൾ ഒന്നും എടുക്കാൻ ശ്രമിക്കാതിരുന്നതുമാണ് തങ്ങൾ രക്ഷപ്പെടാൻ കാരണമെന്ന് യൂസഫ് പറഞ്ഞു. പേരമകൾ റെജ കരഞ്ഞു ഉണർന്നതും വലിയ നിമിത്തമായി എന്ന് യൂസഫ് പറയുന്നു. ഇരു നിലകളിലായുള്ള വീടിന്റെ മുകൾനിലയിൽ ആരും കിടക്കാറുണ്ടായിരുന്നില്ല അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവർ കുടുങ്ങി പോകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

യൂസഫും ഭാര്യയും മകളും മരുമകളും 4 പേരക്കുട്ടികളും ആയിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ചുമരുകളിൽ നേരത്തെയും വിള്ളലുകൾ കണ്ടിരുന്നുവെങ്കിലും ആരും കാര്യമാക്കിയിരുന്നില്ല. ഏകദേശം 70 വർഷത്തോളം കാലപ്പഴക്കം ഈ വീടിനുണ്ട്. കാലപ്പഴക്കവും ചുവരുകളിലേക്ക് വെള്ളം ഇറങ്ങിയതും ആകാം അപകടകാരണമെന്ന് കരുതുന്നു. പ്രദേശത്ത് കുറേ ദിവസമായി കനത്ത മഴ പെയ്തിരുന്നു.

അപകടത്തിൽ വീട്ടിലെ ഫർണിച്ചറുകളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ വില്ലേജിൽ നിന്ന് ഉദ്യോഗസ്ഥരെത്തും. നിലവിൽ സമീപത്തെ ബന്ധുവീട്ടിൽ ആണ് യൂസഫും കുടുംബവും താമസിക്കുന്നത്. വീട് നഷ്ടപ്പെട്ടെങ്കിലും കൊച്ചുമക്കൾ കാരണം ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *