കേരളത്തിൽ കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്.നല്ല ഇനം വിത്തുകൾ വേണം കൃഷി ചെയ്യാൻ ഉപയോഗികേണ്ടത്.അതും നാടൻ വിത്തുകൾ. നമ്മുടെ വീട്ടിൽ ഉണ്ടായ പാവക്കയിൽ നിന്നുള്ള വിത്തുകൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിൽ നല്ല പഴുത്ത പാവക്ക നോക്കി വേണം വിത്തിന് എടുക്കാൻ.കുരുവിന് മുകളിലെ ഒരു ചുവന്ന കളറിൽ കോട്ടിംഗ് കാണും.അത് നന്നായി കഴുകി കളഞ്ഞ് ഉണക്കിയെടുത്ത് സൂക്ഷിക്കണം.ഇനി കടയിൽ നിന്നാണ് വിത്തുകൾ വാങ്ങുന്നതെങ്കിൽ പ്രിയ പ്രീതി പ്രിയങ്ക ഈ മൂന്ന് നാടൻ വിത്തിനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക.കടിയിൽ നിന്ന് വാങ്ങുന്ന ഇത്തരം വിത്തുകൾ നടുന്നതിനു മുൻപ് പശുവിൻപാലിൽ ഇട്ടു വയ്ക്കണം.അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും ചേർത്ത മിശ്രിതത്തിൽ ഇട്ട് വെച്ചാലും മതി.നമുക്ക് വേണമെങ്കിൽ പാവൽ വിത്ത് നേരിട്ട് മണ്ണിൽ നടാം അല്ലെങ്കിൽ സീഡിങ് ട്രെയിൽ നടാം.മണ്ണിലാണ് നടുന്നത് എന്നുണ്ടെങ്കിൽ ആഴത്തിൽ കുഴിയെടുത്ത് അതിൽ ചപ്പുചവറുകൾ ഇട്ട് കത്തിക്കണം.രണ്ട് ദിവസത്തിന് ശേഷം മണ്ണും കുമ്മായവും മിക്സ് ചെയ്ത് ഇളക്കിയതിനുശേഷം അതിലേക്ക് ചാണകപ്പൊടിയോ ആട്ടിൻ കാഷ്ടമോ ചേർത്തു കൊടുക്കുക.ഇതിലേക്ക് അടിവളം നന്നായി ചേർത്ത് കൊടുക്കണം.എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് ചകിരിചോറ് എല്ലാം കൂടി ഇട്ട് നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിൽ നേരിട്ട് വിത്ത് പാകാം.
ഇനി ഗ്രോ ബാഗിൽ ആണ് നടുന്നത് എന്നുണ്ടെങ്കിൽ ചെടിക്ക് ഇല മഞ്ഞളിപ്പ് ഉണ്ടാകാതിരിക്കാൻ ചാരം അടിവളമായി ചേർക്കുന്നത് നല്ലതാണ്.കുമ്മായവും മണ്ണും കൂടി മിക്സ് ചെയ്ത് ഇതിലേക്ക് എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് ചകിരിചോറ് ഇവയും കൂടി ചേർത്ത് തൈ നടാവുന്നതാണ്.ഇതിൽ നിന്നും വള്ളി വരുമ്പോൾ തന്നെ കമ്പുകുത്തി കൊടുത്ത് അതിന് പടരാനുള്ള സൗകര്യം ഒരുക്കി കൊടുക്കുക.പാവൽ പറിച്ചു നട്ടിട്ട് ഒരാഴ്ചയ്ക്കുശേഷം മുരിങ്ങയില ജ്യൂസ് ആണ് ആദ്യം കൊടുക്കേണ്ടത്.മുരിങ്ങയില പൊടിച്ച 30 ഇരട്ടി വെള്ളം ചേർത്ത് സ്പ്രേ ചെയ്തുകൊടുക്കുകയും അതിന്റെ കടയ്ക്കൽ ഒഴിച്ചു കൊടുക്കുകയും ചെയ്യുക. അപ്പോൾ അത് പെട്ടെന്ന് വളരും.രണ്ടാമത്തെ ആഴ്ച മുതൽ ജൈവ സ്ലിറികൾ ആണ് കൊടുക്കേണ്ടത്.പിണ്ണാക്കും വെച്ചുള്ള ജൈവ സ്ലിറി ആണ് പാവലിന് കൊടുക്കേണ്ടത്. രണ്ടാമത്തെ ആഴ്ചയിലെ വളം കൊടുത്തതിനുശേഷം പാവലിന് നല്ലൊരു വളർച്ച ഉണ്ടാകും. അത് പെട്ടെന്ന് വള്ളി വീശി പന്തലിലോട്ട് കയറും.പാവൽ പന്തലിലേക്ക് കയറുന്നതിനു മുൻപേ അതിൽ പൂക്കൾ ഉണ്ടാവുകയാണെങ്കിൽ അത് നുള്ളി കളയുക.പടരുന്നതിനു മുന്നേ പൂക്കളും കായ്കളും ഉണ്ടാകുന്നത് അനുവദിച്ചാൽ അതിന്റെ കരുത്തു നഷ്ടപ്പെടും.വള്ളി വീശിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വള്ളി വീശി കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പുഴുശല്യം.പുഴു ശല്യം ഉണ്ടാകാതിരിക്കാൻ ടീസ്പൂൺ ഗോതമ്പു പൊടിയിൽ അര ടീസ്പൂൺ ബേക്കിംഗ് സോഡ മിക്സ് ചെയ്തതിനുശേഷം വിതറി കൊടുക്കാവുന്നതാണ്.അല്ലെങ്കിൽ കായം വെള്ളത്തിൽ ഇട്ട് മൂന്നാല് ദിവസത്തിന് ശേഷം ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതുമാണ്. വേപ്പെണ്ണ മിശ്രിതവും തളിച്ച് കൊടുക്കാവുന്നതാണ്.
ഇതിൽ ഏതു ചെയ്താലും പുഴു ശല്യം ഒഴിവാക്കാം.പാവലിൽ പെട്ടെന്ന് പെൺ പൂവിരിയാൻ മീൻ കഴുകിയ വെള്ളം കൊണ്ടുള്ള ഒരു സ്ലെറി ആണ് കൊടുക്കേണ്ടത്.ഇത് തളിച്ചു കൊടുത്താൽ ധാരാളം പെൺപൂവ് ഉണ്ടാകും. പെൺ പൂവ് വിരിഞ്ഞു രണ്ടാമത്തെ ദിവസം തന്നെ അതിന് കവർ ഇട്ടു കൊടുക്കണം.ഇല്ലെങ്കിൽ കായിച്ചകൾ കുത്തി അതൊക്കെ നശിപ്പിച്ചു കളയും.കായിച്ചകൾ വരാതിരിക്കാൻ വളരെ എളുപ്പത്തിൽ കായിച്ച കെണി തയ്യാറാക്കാൻ സാധിക്കും.ഒരു പ്ലാസ്റ്റിക് കവറിൽ തുളസി ഇല ഞെരടി ഇടുക.കുറച്ചുസമയം കഴിഞ്ഞ് നോക്കുകയാണെങ്കിൽ ഈ പ്ലാസ്റ്റിക് കവറിൽ നിറയെ കായിച്ചകൾ പൊതിഞ്ഞിരിക്കുന്നത് കാണാം.ഈ കവർ അങ്ങനെതന്നെ കൂട്ടിപ്പിടിച്ചു നമുക്ക് നശിപ്പിച്ചു കളയാം.ഇങ്ങനെ കുറച്ചു ദിവസം അടുപ്പിച്ചു വച്ചാൽ തോട്ടത്തിൽ ഉള്ള കായിച്ചകൾ എല്ലാം നശിച്ചു പൊക്കോളും.പാവൽ പൂക്കുന്നത് വരെ നമ്മൾ രണ്ടുനേരവും നനക്കണം.എന്നാൽ പൂത്തുകഴിഞ്ഞാൽ ഒരുനേരം മാത്രം നനച്ചാൽ മതി. ഇതിന്റെ വളപ്രയോഗം പിണ്ണാക്ക് പുളിപ്പിച്ച ജൈവ സ്ലിറിയാണ് ഉപയോഗിക്കേണ്ടത്.പാവലിന് ഉണ്ടാവുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് ഇല മഞ്ഞളിപ്പ്. ഇത് ഒഴിവാക്കാനാണ് തൈ നടാൻ മണ്ണൊരുക്കുന്ന സമയത്ത് അതിൽ ചാരം ഇട്ടുകൊടുക്കുന്നത്.അടുത്തത് ഇല കുരുടിപ്പ് എന്ന രോഗമാണ്.ഇതൊഴിവാക്കാൻ ഒരു ഗ്ലാസ് പുളിച്ച തൈരും രണ്ട് ഗ്ലാസ് വെള്ളവും മഞ്ഞൾപൊടിയും കായവും നന്നായി മിക്സ് ചെയ്ത് ചെടിയിൽ തളിക്കാവുന്നതാണ്.കുരിടിച്ച ഇലകളൊക്കെ പറിച്ചു കളഞ്ഞതിനുശേഷം ആണ് ഇത് തളിക്കേണ്ടത്.
പിന്നെ ഉണ്ടാവുന്ന ഒരു കീടശല്യമാണ് വെള്ളീച്ച. ഇതിന് ഉള്ളി തൊണ്ട് വെള്ളത്തിലിട്ടു ചിയിച്ചതിനുശേഷം ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.അല്ലെങ്കിൽ കായം രണ്ടുദിവസം വെള്ളത്തിലിട്ട് അതും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.മറ്റൊരു കീടശല്യമാണ് ആമ വണ്ടിന്റെ ഉപദ്രവം. ഇതിന് ഉള്ളിയുടെയും വെളുത്തുള്ളിയുടെയും ഒക്കെ തൊണ്ട് നാലോ അഞ്ചോ ദിവസം വെള്ളത്തിലിട്ട് ശേഷം ഡയിലൂട്ട് ചെയ്തെടുക്കണം. ഇതിലേക്ക് കാന്താരിമുളകൊ പച്ചമുളകൊ അരച്ചു ചേർക്കണം. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം വച്ച് സ്പ്രേ ചെയ്തു കൊടുക്കുക.പോഷകസമൃദ്ധമായ പാവൽ കൃഷി ചെയ്യുമ്പോൾ ഇത്രയും കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ 6 മാസം തുടർച്ചയായി നമുക്ക് വിളവെടുക്കാൻ സാധിക്കും.