ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മഞ്ഞൾപ്പൊടി.ഏതു കറി വെക്കുമ്പോഴും അല്പം മഞ്ഞൾപ്പൊടി നിർബന്ധമാണ്.കാരണം മഞ്ഞൾ ഒരു വിഷഹാരി ആണെന്നതുതന്നെ. പച്ചക്കറികളിലും മറ്റു ഭക്ഷ്യവിഭവങ്ങളിലും എന്തെങ്കിലുമൊക്കെ വിഷാംശങ്ങൾ ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കാനാണ് കറികൾ വെക്കുമ്പോൾ എപ്പോഴും അല്പം മഞ്ഞൾപ്പൊടി ചേർക്കുന്നത്.എന്നാൽ ഇന്ന് കടകളിൽ നിന്നും വാങ്ങുന്ന മഞ്ഞൾപ്പൊടി നമുക്ക് വിശ്വസിച്ചു വാങ്ങാൻ പറ്റാത്ത അവസ്ഥയാണ്. മഞ്ഞൾപ്പൊടിയിൽ വരെ മായം കലർത്തുന്നു എന്നത് തന്നെ കാരണം.അപ്പോൾ നമുക്ക് വീട്ടിൽ തന്നെ മഞ്ഞൾ കൃഷി ചെയ്ത് ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.ഏപ്രിൽ മാസത്തിൽ കൃഷി ചെയ്ത് തുടങ്ങി ജനുവരി,ഫെബ്രുവരി മാസത്തിൽ വിളവെടുക്കുന്ന സുഗന്ധ വിളയാണ് മഞ്ഞൾ.മഞ്ഞൾ ഇഞ്ചി ചേന കാച്ചിൽ തുടങ്ങിയ ഭൂകാണ്ഡങ്ങൾ ഒക്കെ ബുധനാഴ്ചയാണ് കൃഷിചെയ്തു തുടങ്ങേണ്ടത് എന്നാണ് പഴമക്കാർ പറയുന്നത്. ഇത് വെറും ഒരു വിശ്വാസം മാത്രമാണ്.കൃഷി ചെയ്യാൻ ഏതു ദിവസവും നമുക്ക് അനുയോജ്യം തന്നെയാണ്.
മണ്ണിലും അതുപോലെതന്നെ ചാക്കിലും ഗ്രോബാഗിലും ഒക്കെ നമുക്ക് മഞ്ഞൾ കൃഷി ചെയ്യാവുന്നതാണ്. ഇങ്ങനെ ഗ്രോബാഗിലും മറ്റും കൃഷി ചെയ്യുന്നതിന്‍റെ ഗുണം എന്തെന്ന് വെച്ചാൽ ഇതിനു നൽകുന്ന വളം അതിനു തന്നെ ലഭിക്കുകയും മികച്ച രീതിയിലുള്ള വിളവെടുപ്പ്നടത്താൻ സാധിക്കുകയും ചെയ്യും എന്നതാണ്. മഞ്ഞൾ നടുന്നതിനു മുൻപ് സ്യൂഡോമോണസിൽ ഒന്ന് മുക്കി വെക്കണം. ഇങ്ങനെ ചെയ്യുന്നത് മഞ്ഞളിന് രോഗപ്രതിരോധശേഷി കൂട്ടുന്നതിന് വളരെ നല്ലതാണ്.രണ്ട് ലിറ്റർ വെള്ളത്തിൽ 40 ഗ്രാം സ്യൂഡോമോണസ് വേണം കലക്കാൻ. ഒരു മണിക്കൂറോളം ഈ വെള്ളത്തിൽ മഞ്ഞൾ ഇട്ട് വെക്കണം.ഒരു മണിക്കൂറിനു ശേഷം ഇത് വെള്ളത്തിൽ നിന്നെടുത്ത് തണലത്തിട്ട് ഉണക്കാൻ വെക്കണം.എന്നിട്ട് വേണം ഇതും നടാൻ.മഞ്ഞൾ നടാനുപയോഗിക്കുന്ന മണ്ണിൽകുമ്മായം മിക്സ് ചെയ്ത് 15 ദിവസത്തോളം വെക്കണം.
ശേഷം ഇതിലേക്ക് ചാണകപ്പൊടി കൂടി മിക്സ് ചെയ്യണം.ഇനി ഈ മണ്ണ് ഗ്രോ ബാഗിലോ ചാക്കിലോ നിറയ്ക്കുക.മഞ്ഞൾ അധികം ഭൂമിക്കടിയിലേക്ക് വളരാത്തത് കൊണ്ട് ഇതിന് അധികം മണ്ണ് ആവശ്യമില്ല.അതുകൊണ്ടുതന്നെ കൂടുതൽ മണ്ണു നിറക്കേണ്ട ആവശ്യവും ഇല്ല.ഇത് വളരുന്നതിനനുസരിച്ച് അല്പാല്പമായി വളവും മണ്ണും ഇട്ടു കൊടുത്താൽ മതി. മഞ്ഞൾ നടുമ്പോൾ അല്പം മാത്രം മണ്ണുമാറ്റിയ ശേഷം മഞ്ഞൾ കൊടുത്താൽ മതിയാകും.നട്ട ശേഷം മണ്ണിട്ട് മൂടുക.ശേഷം ഇതിനു മുകളിലേക്ക് അല്പം കരിയില ഇട്ട് കൊടുക്കുക. ഇങ്ങനെ മഞ്ഞൾ കൃഷി ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ നമുക്ക് വിളവെടുക്കാൻ സാധിക്കും.