ഐഡിയ സ്റ്റാർ സിംഗർ 2009ലെ മിന്നും താരമായ ഇമ്രാൻ ഖാൻ സെമി ഫൈനൽ വരെ എത്തിയാണ്പുറത്തായത്. ഷോയിലൂടെ ഏവരുടേയും പ്രിയപ്പെട്ട ഗായകനായിരുന്നു അദ്ദേഹം. എ ർ റഹ്മാൻ തുടങ്ങി നിരവധി പ്രശസ്ത ഗായകരുടെ ഗാനം ആണ് സ്റ്റാർ സിംഗർ എന്ന സംഗീത മത്സര വേദിയിൽ നമുക്കു മുന്നിൽ പാടി തകർത്തത് . ഇമ്രാനെ സംബന്ധിച്ച് ഐഡിയ സ്റ്റാർ സിംഗർ പോലെ ഒരു സംഗീത വേദി സ്വപ്നങ്ങൾ പൂവണിയും പോലെ ആയിരുന്നു. സംഗീതവുമായി ഒരു രീതിയിലും പരിശീലനങ്ങളോ ഫാമിലി ബാക്ക്ഗ്രൗണ്ടോ ഇല്ലാതെ ആയിരുന്നു ഇമ്രാന്റെ സ്റ്റാർ സിങ്ങർ പ്രവേശനം. അങ്ങിനെ ഒരാൾക്ക് ഇതു പോലെ ഒരു ഷോയുടെ സെമി ഫൈനലിസ്റ്റ് എന്ന് പറയുന്നത് വലിയ ഭാഗ്യമായി കാണുന്നു എന്ന് താരം. പിന്നീട് എല്ലാവർക്കും അവസരങ്ങളും സ്റ്റേജ് ഷോകളും കിട്ടുന്ന പോലെ തന്റെ ജീവിതത്തിലും നല്ല രീതിയിൽ പരിപാടികളും അവസരങ്ങളും ഉണ്ടായിരുന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയിടെ ഓട്ടോ സ്റ്റാൻഡിൽ മൂളിപ്പാട്ട് കേട്ട മാധ്യമ പ്രവർത്തകൻ നോക്കുകയും എല്ലാവരെയും പോലെ തിരിച്ചറിയാൻ കുറച്ച് നേരം എടുത്ത് പരിചയം തോന്നിയതിനാൽ ഇമ്രാന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു. ആ പഴയ ഇമ്രാൻ ഖാൻ തന്നെയാണ് ഓട്ടോ ഡ്രൈവറായ വൈറൽ ഗായകൻ എന്ന് മനസ്സിലാക്കി. വർഷം കുറേയായി എങ്കിലും ആളുകൾ തന്നെ തിരിച്ചറിയാത്തതിൽ വിഷമമുണ്ടെന്നും ഇമ്രാൻ പറഞ്ഞു. 2009 ലാണ് ഇമ്രാൻ ഐഡിയ സ്റ്റാർ സിംഗറിൽ എത്തിയത്. അതിനുശേഷം അത്യാവശ്യം പ്രോഗ്രാമുകൾ ഒക്കെ ചെയ്തുകൊണ്ടിരുന്നതാണ്. ആയിടയ്ക്കാണ് ഗൾഫിൽ പോകുന്നത്. ഒരു വർഷം അവിടെ ജോലി ചെയ്തു. ഹൗസ് കീപ്പിങ് ആയിരുന്നു ജോലി. ഗൾഫിൽ നിന്ന് തിരിച്ചു വന്നശേഷം ഗാനമേളയൊക്കെ കിട്ടുന്നത് കുറവായിരുന്നു. കുറച്ചുനാൾ കഴിഞ്ഞു ഓട്ടോ എടുത്തു. മൂന്നു വർഷമായി ഓട്ടോ ഓടിച്ചാണ് ഇമ്രാൻ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് .
വല്ലപ്പോഴും കിട്ടുന്ന ഗാനമേളകൾ ആണെങ്കിലും പോകുമ്പോൾ സ്റ്റാർ സിംഗറിൽ പാടിയ ആളായതിനാൽ കുറവ് പണമാണ് ലഭിച്ചിരുന്നത്. 2500 രൂപയ്ക്കാണ് ഒരു പ്രോഗ്രാം ചെയ്യുന്നത് . സാധാരണ ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ ഓട്ടോ ഓടിക്കും. പ്രോഗ്രാം ഉണ്ടെങ്കിൽ പാടാൻ പോകും. ഓട്ടോ സ്വന്തമല്ല, വാടകയ്ക്ക് എടുത്താണ് ഓടുന്നത്. ദിവസം 250 രൂപയാണ് വാടക. ഇപ്പോൾ 500 രൂപയ്ക്ക് പോലും ഓട്ടം കിട്ടാനില്ല. 150 രൂപയ്ക്ക് ഡീസൽ അടിക്കണം. തുച്ഛമായ കാശാണ് ലഭിക്കുന്നതെങ്കിലും വീട്ടിലെ ചിലവ് നടന്നുപോകട്ടെ എന്നുകരുതി ഓടിക്കുന്നതാണെന്ന് ഇമ്രാൻ പറയുന്നു. ഈ സീസണിൽ പ്രോഗ്രാം കിട്ടിയാൽ ഒരു വണ്ടി എടുക്കണം എന്നുകരുതി ഇരുന്നതാണ്. ആ മോഹം കൊറോണയും കൊണ്ടുപോയി എന്ന പരാതിയുമായി ഇമ്രാൻ.
ഐഡിയ സ്റ്റാർ സിംഗറിലെ പഴയ സുഹൃത്തുക്കളുമായി കോണ്ടാക്റ്റ് ഒന്നുമില്ല. വല്ല പ്രോഗ്രാമും ഉണ്ടെങ്കിൽ ആരെയെങ്കിലും കണ്ടാലായി. കാണുമ്പോൾ ചിരിയ്ക്കും വിശേഷങ്ങളും പറയും. എല്ലാവർക്കും അവരവരുടെ ജീവിതം. കോണ്ടാക്റ്റ്സ് ഉള്ളവർക്ക് സിനിമയിൽ പാടാനൊക്കെ അവസരം കിട്ടും. സീനിയേഴ്സ് എന്നൊരു പടത്തിൽ ‘ഇത്തിരി ചക്കരനുള്ളി’ എന്നൊരു പാട്ട് ഇമ്രാൻ പാടിയിട്ടുണ്ട്. സിനിമയിൽ പാടണം എന്ന വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലെങ്കിലും കഷ്ടപെട്ടിട്ടും ആഗ്രഹങ്ങൾ സഫലമാകാത്തതിൻറെ വിഷമം ഉള്ളിലൊതുക്കി ജീവിതം തള്ളി നീക്കുകയാണ് ഇമ്രാൻ.
സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ആളായിരുന്ന ഇമ്രാൻ ഇപ്പോൾ ടിക് ടോക്കിൽ സജീവമായതുതന്നെ കുറച്ചു സ്റ്റേജ് പ്രോഗ്രാമുകൾ കിട്ടണം എന്ന ആഗ്രഹം കൊണ്ടുമാത്രമാണ്. എന്നാൽ മുൻപ് കിട്ടിയിരുന്ന പ്രോഗ്രാമുകൾ പോലും കൊറോണ കാരണം ഇല്ലാതായി. പഴയപോലെ ഓട്ടോയ്ക്ക് ഓട്ടവും കിട്ടുന്നില്ല. ടൗണിൽ ഓട്ടം കിട്ടിയാൽ കുറച്ചു മെച്ചം ഉണ്ടാകും എന്ന് ഇമ്രാൻ. ഷുഗർ കൂടി കാലിൻറെ ഉപ്പൂറ്റി മുറിച്ചു ഒന്നര വർഷം വീൽചെയറിലായിരുന്നു ഇമ്രാന്റെ വാപ്പയുടെ ജീവിതം. പിന്നെ ഹാർട്ടിൽ ബ്ലോക്ക് ഉണ്ടായി. ഓപ്പറേഷൻ ചെയ്തിട്ടും ജീവൻ രക്ഷിക്കാനായില്ല. ഐസിയുവിലേക്ക് മാറ്റിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. വാപ്പയുടെ മരണത്തോടെയാണ് ഇമ്രാൻ ഓട്ടോ ഓടിച്ചു തുടങ്ങുന്നത്. സ്വന്തമായി ഒരു വീടുണ്ട്, അതുമാത്രമാണ് ഏക ആശ്വാസം എന്ന് നിറകണ്ണുകളോടെ ഇമ്രാൻ.