നമ്മുടെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പൊടിയീച്ചകൾ. ചെറുതാണെങ്കിലും ഈ പ്രാണികളെ അകറ്റുന്നത് അത്ര എളുപ്പമല്ല. അടുക്കളയിലും വേസ്റ്റ് ബിൻ വെക്കുന്നയിടങ്ങളിലുമൊക്കെയായ് പൊടിയിച്ചകൾ വരാറുണ്ട്. ഏതൊക്കെ മാർഗ്ഗം ഉപയോഗിച്ചാലും ഇതിനെ ഒഴിവാക്കാൻ ബുദ്ധിമുട്ടാണ്.
നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ സിംപിളായി ഇവയുടെ ശല്യം അകറ്റാൻ കെണി തയ്യാറാക്കാം. ഈച്ചകൾ സാധാരണയായി കാണപ്പെടുന്നത് പഴങ്ങളുടെ അടുത്തോ വേസ്റ്റ് ബിന്നിനടുത്തോ ആണ്. ഇവയുടെ തൊട്ടടുത്ത് കെണി വെക്കുന്നത് വഴി ഈച്ചകൾ ഈ കെണിയിൽ വീഴും.
ഒരു പഴയ പ്ലാസ്റ്റിക്ക് കുപ്പി എടുത്ത് മുകൾ ഭാഗം മുറിച്ച് മാറ്റുക. കുപ്പിക്ക് പകരം പേപ്പർ കപ്പും ഉപയോഗിക്കാം. ഈ കെണി രണ്ട് രീതിയിൽ ചെയ്യാം. രീതി 1: മൂന്ന് ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനീഗർ കുപ്പിയിലേക്ക് ഒഴിക്കുക. ഈച്ചകളെ ആകർഷിക്കുന്ന തരത്തിലുള്ള മണമാണ് ഈ വിനഗിരിക്കുള്ളത്. അതിലേക്ക് പാത്രം കഴുകാനുപയോഗിക്കുന്ന ലിക്യുഡ് വാഷ് ഒരു ടീസ്പൂൺ മാത്രം ഒഴിക്കുക. കൂടുതൽ ഒഴിക്കുന്നത് ആപ്പിൾ സൈഡർ വിനീഗറിൻ്റെ മണം നഷ്ടപ്പെടാനിടയാകും. മിശ്രിതം ഇളക്കിയ ശേഷം ഈച്ചകൾ വീഴാൻ കുപ്പിയുടെ മുകൾ ഭാഗം കവർ ചെയ്യുക. അതിനായി പ്ലാസ്സിക്ക് കവർ , ബട്ടർ പേപ്പർ, ഫോയിൽ പേപ്പർ, ഫിലിം പേപ്പർ, ന്യൂസ് പേപ്പർ തുടങ്ങിയവ ഉപയോഗിക്കാം. കെണിയിൽ വീണ ഈച്ച പറന്നു പോകാതെയിരിക്കാൻ വശങ്ങൾ എല്ലാം പൂർണമായും പൊതിയേണ്ടതുണ്ട്. ശേഷം ഈച്ചകൾക്ക് വീഴാൻ പാകത്തിന് മുകൾ ഭാഗത്ത് പപ്പടക്കോലോ, കത്തിയോ ഉപയോഗിച്ച് കവറിലായി 5-6 ദ്വാരങ്ങൾ ഇടാം. ഈച്ചകൾ ആകർഷിക്കപ്പെട്ട് ദ്വാരത്തിനുള്ളിലെ മിശ്രിതത്തിലേക്ക് വീണാൽ മുകളിലേക്ക് വരാനാവില്ല. കെണി വെച്ച് 2-3 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈച്ചകൾ ഇതിൽ വീഴും. രീതി 2: മിശ്രിതത്തിന് ആപ്പിൾ സൈഡർ വിനീഗർ ഇല്ലെങ്കിൽ പച്ച വെള്ളം ഉപയോഗിച്ചും കെണി തയ്യാറാക്കാം. വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തു കൊടുത്ത ശേഷം ഈച്ചകളെ ആകർഷിക്കാനാവുന്ന മണമുള്ള പഴുത്ത ഏതെങ്കിലും പഴം ചെറുതായി മുറിച്ച് ചേർത്തു കൊടുക്കാം. ഈ മിശ്രിതത്തിലേക്ക് അര ടീസ്പൂൺ മാത്രം വാഷിംഗ് ലിക്യുഡും ചേർത്ത് കൊടുത്തതിന് ശേഷം മുൻപ് ചെയ്ത പോലെ കവർ ചെയ്ത് കൊടുക്കാം. കവറിന് പകരമായി കടലാസ് കോൺ ആകൃതിയിൽ വെക്കാവുന്നതാണ്. ഇത് വളരെ ഫലപ്രദമായ ഒരു കെണിയാണ്. ഉപയോഗിച്ച ശേഷം പുതിയ കുപ്പി എടുക്കുകയോ പഴയത് കഴുകി വീണ്ടും ഉപയോഗിക്കുകയോ ചെയ്യാം.