കൃഷി ചെയ്യുന്ന എല്ലാവരുടെയും തന്നെ ഒരു പ്രശ്നമാണ് പച്ചക്കറികളെയും പൂക്കളെയും ബാധിക്കുന്ന കീടബാധ. ഇതിനായി പലരും കീടനാശിനികൾ വാങ്ങി കാശ് കളയാറുണ്ട്. എന്നാൽ എത് കീടബാധയ്ക്കും പരിഹാരമായ കീടനാശിനി വീട്ടിലുണ്ടാക്കാം. കീടബാധ ഒഴിവാക്കാൻ പ്രധാനമായും 2 കാര്യങ്ങളാണ് ചെയ്യേണ്ടത്. കൃഷി സ്ഥലത്ത് കുറച്ച് മുതിര പാകിയിടുന്നത് ഒരു പരിധി വരെ കീട ശല്യം ഒഴിവാക്കാം. മുതിര വെള്ളത്തിലിട്ട് 4-5 മണിക്കൂർ കുതിർത്ത ശേഷം ചെടികൾക്ക് ചുവട്ടിൽ വിതറി കൊടുക്കുക. ഇവയുടെ മണം കീടങ്ങളെ അകറ്റാൻ സഹായിക്കും. ഇത് നല്ല ഒരു വളവുമാണ്. ചെടികൾ വളരുന്നതോടൊപ്പം മുതിരയും വളരുന്നത് കീടബാധ പൂർണ്ണമായും ഒഴിവാക്കും.
നമ്മളിൽ മിക്കവരുടെയും വീട്ടിൽ പപ്പായയുടെ മരം ഉണ്ട്. എന്നാൽ അതിൻ്റെ ഇലയുടെ സത്ത് ഉഗ്രൻ കീടനാശിനിയാണെന്ന് പലർക്കും അറിയില്ല. പപ്പായ ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന കീടനാശിനി വളരെ ഫലപ്രദമാണ്. മൂത്ത ഇലകളുടെ സത്തുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. വലിയ ഇലയാണെങ്കിൽ 6 എണ്ണവും ചെറുതാണെങ്കിൽ 12 എണ്ണവുമാണ് കണക്ക്. ഇലകൾ ചെറുതായി മുറിച്ച ശേഷം ഒരു വലിയ പാത്രത്തിൽ ഇടുക. അതിലേക്ക് ഒരു ലിറ്റർ വെള്ളം ചേർത്ത് കുപ്പി അടച്ച് ഒരു രാത്രി അനക്കാതെ വെക്കുക. പിറ്റേന്ന് ഇലകളുടെ സത്ത് വെള്ളത്തിൽ ഇറങ്ങിയിട്ടുണ്ടാകും. അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇലകൾ നന്നായി പിഴിഞ്ഞ് സത്തെടുത്ത് അരിച്ച് എടുക്കുക. കിട്ടിയ സത്തിൻ്റെ 4 ഇരട്ടി വെള്ളം എന്ന കണക്കിലാണ് ചെടികളിൽ തളിക്കേണ്ടത്. സത്ത് നേരിട്ട് തളിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ചേർത്ത മിശ്രിതം ഒരു പാത്രത്തിലാക്കി സൂക്ഷിക്കുകയും ആവശ്യാനുസരണം സ്പ്രേയറിലാക്കി ചെടികളിൽ തളിക്കുകയും ചെയ്യാം. ആഴ്ച്ചയിലൊരിക്കൽ ഇത് തളിക്കുന്നത് വഴി കീടബാധ പൂർണ്ണമായും ഒഴിവാക്കാം. കടബാധയുള്ള ചെടികളിൽ ആഴ്ച്ചയിൽ രണ്ട് തവണ തളിക്കുന്നത് നല്ലത്.